Skip to content
1 min read

ഒരു നൂറ്റാണ്ടിൻ്റെ വായനാപൈതൃകം ഡിജിറ്റൽ സംരക്ഷണത്തിലേക്ക്: മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

ഒരു നൂറ്റാണ്ടിൻ്റെ വായനാപൈതൃകം ഡിജിറ്റൽ സംരക്ഷണത്തിലേക്ക്: മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു
മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല

കേരളത്തിലെ പ്രാദേശിക ഗ്രന്ഥശാലകൾ പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ മാത്രമല്ല; ഒരു നാടിൻ്റെ ചരിത്രവും സംസ്കാരവും വായനാപാരമ്പര്യവും തലമുറകളുടെ അറിവും സംരക്ഷിച്ചുവെക്കുന്ന സ്മൃതിശേഖരങ്ങൾ കൂടിയാണ്. അത്തരം ഗ്രന്ഥശാലകളിലെ അപൂർവ ഗ്രന്ഥങ്ങളും മാസികകളും രേഖകളും കാലത്തിൻ്റെ നാശത്തിൽ നിന്ന് സംരക്ഷിച്ച് ഡിജിറ്റൽ രൂപത്തിൽ പൊതുസമൂഹത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥപ്പുരയുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

ആ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി, തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിലുള്ള ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിലെ അപൂർവ ശേഖരങ്ങളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണ്. ഒരു നൂറ്റാണ്ടിലേറെയായി ഈ ഗ്രന്ഥശാല കാത്തുസൂക്ഷിച്ചുവരുന്ന വായനാപൈതൃകം ഇനി ഡിജിറ്റൽ രൂപത്തിൽ ഭാവിതലമുറകൾക്കും ലോകമെമ്പാടുമുള്ള ഗവേഷകർക്കും വായനക്കാർക്കും ലഭ്യമാകുന്ന ഒരു പുതിയ അദ്ധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ചരിത്രം

1915 സെപ്റ്റംബറിൽ (കൊല്ലവർഷം 1091, ചിങ്ങം 1) മലയിൻകീഴിലെ ഏതാനും സാംസ്കാരിക പ്രവർത്തകർ പനവിളാകത്ത് വീട്ടിൽ ഒത്തുചേർന്നാണ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയ്ക്ക് തുടക്കമിട്ടത്. നാട്ടുകാരിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ച് ആ വീടിൻ്റെ ചായ്പ് മുറിയിലായിരുന്നു ആദ്യ പ്രവർത്തനം. പിന്നീട് മലയിൻകീഴ് ജംഗ്ഷനിലെ എൻ.എസ്.എസ്. കരയോഗത്തിൻ്റെ ഒരു ഭാഗത്തേക്ക് ഗ്രന്ഥശാല മാറി. അക്കാലത്ത് അന്തിയൂർക്കോണം ലിറ്റിൽ ഫ്ലവർ സ്കൂളിലെ അദ്ധ്യാപകനായിരുന്ന രാമൻ ഉണ്ണി (ഉണ്ണി സാർ) ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഗ്രന്ഥശാലയ്ക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായത് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്. 1975-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിൻ്റെ ഇടപെടലിനെ തുടർന്ന് മലയിൻകീഴ് ഗവൺമെന്റ് ഹൈസ്കൂളിന് സമീപം സർക്കാർ ഭൂമി അനുവദിച്ചു. നാട്ടുകാരുടെ സംഭാവനകളും ഗ്രന്ഥശാല പ്രവർത്തകരുടെ അദ്ധ്വാനവും പഞ്ചായത്ത്, എം.പി. ഫണ്ട് എന്നിവയുടെ പിന്തുണയും ചേർന്നാണ് ഇന്നത്തെ കെട്ടിടം ഉയർന്നത്. 2016 നവംബറിൽ ഗ്രന്ഥശാല അതിൻ്റെ ശതാബ്ദി ആഘോഷിച്ചു.

ഗ്രന്ഥശാലയിലെ ശേഖരത്തിൻ്റെ പ്രത്യേകത

ഇന്ന് 25,000-ത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല കേരളത്തിലെ ശ്രദ്ധേയമായ ഗവേഷണ ഗ്രന്ഥശാലകളിലൊന്നാണ്. സാഹിത്യം, ചരിത്രം, ഭാഷ, കൃഷി, ആരോഗ്യം, ശാസ്ത്രം, ബാലസാഹിത്യം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള പുസ്തകങ്ങൾക്കൊപ്പം, മറ്റെവിടെയും എളുപ്പത്തിൽ കണ്ടെത്താനാകാത്ത നിരവധി അപൂർവ രേഖകളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

നിരവധി അപൂർവപുസ്തകങ്ങൾ വിവിധ ഭാഷാ നിഘണ്ടുകൾ, സർവവിജ്ഞാനകോശങ്ങൾ, തിരുവിതാംകൂർ, തിരു-കൊച്ചി ഗസറ്റുകൾ, ഭരണ റിപ്പോർട്ടുകൾ, മാനുവലുകൾ എന്നിവ ഈ ശേഖരത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്. അതിലും വിലപ്പെട്ടത്, ഇന്ന് അപൂർവമായി മാത്രം ലഭ്യമാകുന്ന പഴയ മലയാള മാസികകളുടെ സമ്പന്നമായ ശേഖരമാണ്. കേരളത്തിൻ്റെ വായനാചരിത്രവും സാമൂഹിക-സാംസ്കാരിക പരിണാമവും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്കും വിദ്യാർഥികൾക്കും ഈ ശേഖരം അമൂല്യമായ ഒരു സ്രോതസ്സാണ്.

ആദ്യഘട്ടത്തിൽ ഗവേഷണപ്രാധാന്യമുള്ള അപൂർവ മാസികകൾ, ആദ്യകാല മലയാള ഗ്രന്ഥങ്ങൾ, നിഘണ്ടുകൾ, തിരുവിതാംകൂർ, തിരു-കൊച്ചി ഗസറ്റുകൾ, ഭരണ റിപ്പോർട്ടുകൾ, മാന്വലുകൾ തുടങ്ങിയ കാലപ്പഴക്കത്താൽ ദുർബലമായ രേഖകൾക്കാണ് ഡിജിറ്റൈസേഷനിൽ മുൻഗണന നൽകുന്നത്. ഉയർന്ന നിലവാരത്തിൽ ഡിജിറ്റൈസ് ചെയ്ത് ദീർഘകാല ഡിജിറ്റൽ സംരക്ഷണം ഉറപ്പാക്കുന്ന ഈ രേഖകൾ ആവശ്യമായ മെറ്റാഡാറ്റയോടുകൂടി ഘട്ടംഘട്ടമായി ഗ്രന്ഥപ്പുരയിലൂടെ ഗവേഷകർക്കും പൊതുസമൂഹത്തിനും ലഭ്യമാക്കും.

കടപ്പാട്

ഈ അമൂല്യ ശേഖരത്തെക്കുറിച്ച് ഗ്രന്ഥപ്പുരയെ ആദ്യം അറിയിച്ചത് ചരിത്രകാരനും പത്രപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണനും സാഹിത്യ നിരൂപകനും പുസ്തകചരിത്രകാരനുമായ പി.കെ. രാജശേഖരനുമാണ്. ഈ ശേഖരത്തിൻ്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ നിർദ്ദേശങ്ങളാണ് ഗ്രന്ഥപ്പുരയെ മലയിൻകീഴിലേക്ക് എത്തിച്ചത്.

തുടർന്ന് ഗ്രന്ഥശാലയുടെ സെക്രട്ടറിയായ വി. ശശിധരൻ നായർ (ശശിയേട്ടൻ) ഡിജിറ്റൈസേഷനായി പുസ്തകങ്ങൾ ലഭ്യമാക്കുന്നതിൽ നൽകിയ സഹകരണം പ്രത്യേകം സ്മരിക്കേണ്ടതാണ്. ഓരോ പുസ്തകത്തെയും പരിചയപ്പെടുത്തി അതിൻ്റെ ചരിത്രം പങ്കുവെക്കുകയും ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആത്മാർത്ഥമായ താൽപര്യത്തോടെ സംസാരിക്കുകയും ചെയ്യുന്ന ശശിയേട്ടൻ ഈ പദ്ധതിയുടെ വിലപ്പെട്ട സഹയാത്രികനാണ്.

ഒരു നൂറ്റാണ്ടിലേറെയായി ഒരു സമൂഹം കാത്തുസൂക്ഷിച്ചുവരുന്ന ഈ വായനാപൈതൃകം ഇനി ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കപ്പെടുകയും ലോകമെമ്പാടുമുള്ള വായനക്കാരിലേക്കും ഗവേഷകരിലേക്കും എത്തിച്ചേരുകയും ചെയ്യും. കേരളത്തിൻ്റെ സാംസ്കാരിക സ്മൃതികളെ ഭാവിതലമുറകൾക്കായി സംരക്ഷിക്കാനുള്ള ഗ്രന്ഥപ്പുരയുടെ ദൗത്യത്തിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായിരിക്കും മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുമായുള്ള ഈ സഹകരണം.