Skip to content
Granthappura Projects 1 min read

ജവഹർ സ്മാരക ഗ്രന്ഥശാലയിലെ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

ജവഹർ സ്മാരക ഗ്രന്ഥശാലയിലെ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന പദ്ധതിയായ ഗ്രന്ഥപ്പുര സംരംഭം, തിരുവനന്തപുരം കിടാരക്കുഴിയിലുള്ള ജവഹർ സ്മാരക ഗ്രന്ഥശാലയിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിച്ചു.

തിരുവനന്തപുരത്തെ കടലോരപ്രദേശമായ വിഴിഞ്ഞത്തിനടുത്തുള്ള കിടാരക്കുഴിയിലാണ് ജവഹർ സ്മാരക ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്. പുരാതന രേഖകൾ സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹത്തോടെ ഗ്രന്ഥപ്പുര പദ്ധതിയെ വളരെയധികം താല്പര്യത്തോടെയാണ് ഈ ലൈബ്രറിയിലെ ജീവനക്കാരും ബന്ധപ്പെട്ടവരും സമീപിച്ചത്.

വിഴിഞ്ഞം തലസ്ഥാനമായുള്ള ആയ് രാജവംശവുമായി ബന്ധപ്പെട്ട സ്ഥലമാണ് കിടാരക്കുഴി. കോട്ടയുടെ സംരക്ഷണത്തിനായി കിടാരങ്ങൾ അഥവാ കിടങ്ങുകൾ കുഴിച്ചിരുന്ന ഇടമെന്നതാണ് സ്ഥലനാമോത്പത്തിക്ക് അടിസ്ഥാനം. കിടാരക്കുഴിയുടെയും സമീപ പ്രദേശങ്ങളുടെയും സമൂലമായ ഉണർവ്വിനായും മാറ്റങ്ങൾക്കുമായി ആഗ്രഹിച്ച, സൈന്യത്തിൽ നിന്നു പിരിഞ്ഞ ആർ. പൊന്നയ്യ നാടാർ ആണ് ജവഹർ സ്മാരക ഗ്രന്ഥശാലയുടെ സ്ഥാപകൻ. 1965-ൽ ഗ്രന്ഥശാല പ്രവർത്തിക്കുന്നതിന് ഒരു ഇടം വാടകക്ക് കണ്ടെത്തുകയും ദിനപ്പത്രങ്ങൾ, വാരികകൾ, മാസികകൾ, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വരുത്താനും തുടങ്ങി. കാലക്രമേണ പുസ്തകങ്ങളുടെയും വായനക്കാരുടെയും വരിക്കാരുടെയും എണ്ണം വർദ്ധിച്ചതോടെ പ്രവർത്തന മേഖല കുറച്ചുകൂടി വിപുലമായി. 1968-ൽ ഗ്രന്ഥശാലക്ക് ഉപദേശക സമിതി രൂപീകരിച്ചു. സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും നാട്ടുകാരുടെയും സഹായത്തോടെ 1973-ൽ രണ്ടര സെൻ്റ് ഭൂമി വാങ്ങി. നിർമ്മാണം തുടങ്ങി, സ്ഥലം തികയാതെ വന്നപ്പോൾ സ്ഥാപകനേതാക്കളിൽ ഒരാളായ കെ. ചെല്ലൻ നാടാർ സ്വന്തം വസ്തുവിൽ നിന്ന് സ്ഥലം സംഭാവന ചെയ്തു. മുഴുവൻ പണിയും പൂർത്തിയാക്കി 1976 ജൂൺ 10-ന് ഗ്രന്ഥശാലാ വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ഗ്രന്ഥശാലാസംഘത്തിൻ്റെ സ്ഥാപകനും സെക്രട്ടറിയുമായ പി.എൻ പണിക്കർ ഉദ്ഘാടനം ചെയ്തു. 2016-ൽ ജവഹർ ഗ്രന്ഥശാലാ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഈ ലൈബ്രറിയുടെ കീഴിൽ നടക്കുന്ന വളരെ വ്യത്യസ്തമായ പ്രവർത്തനമാണ് വനിതാവയോജന പുസ്തക വിതരണം. ലൈബ്രറിയുടെ പരിസരത്തുള്ള വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്.

ഏകദേശം പതിനയ്യായിരത്തോളം പുസ്തകങ്ങൾ ഈ ജവഹർ സ്മാരക ഗ്രന്ഥശാലയിലുണ്ട്. ഗ്രന്ഥപ്പുരയും ജവഹർ സ്മാരക ഗ്രന്ഥശാലയും തമ്മിലുള്ള സഹകരണത്തിനു ഗ്രന്ഥപ്പുരക്ക് മാർഗനിർദേശങ്ങൾ നൽകി സഹായിച്ചത് എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ മഹേഷ് മാണിക്കം ആണ്. ജവഹർ സ്മാരക ഗ്രന്ഥശാലാ പ്രസിഡൻ്റ് അഡ്വ. കെ ജയചന്ദ്രൻ, സെക്രട്ടറി സതീഷ് കിടാരക്കുഴി, ലൈബ്രേറിയന്മാരായ സുരേന്ദ്രൻ, രജിത എന്നിവർ പുസ്തകങ്ങൾ എടുത്തു തരുന്നതിനായും മറ്റു കാര്യങ്ങൾക്കും ഏറെ സഹായിച്ചു. ഇവർക്കെല്ലാം നന്ദി.

ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നും ഡിജിറ്റൈസ് ചെയ്യാനായി എടുത്ത രേഖകൾ 2026 മാർച്ച് മുതൽ റിലീസ് ചെയ്തു തുടങ്ങി. ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നും ഡിജിറ്റൈസ് ചെയ്യുന്ന രേഖകൾ എല്ലാം കൂടെ ഇവിടെ കാണാം.