Skip to content
Granthappura Projects 1 min read

ചക്കോരത്തുകുളം ഐക്യകേരള വായനശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

ചക്കോരത്തുകുളം ഐക്യകേരള വായനശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു
ചക്കോരത്തുകുളം ഐക്യകേരള വായനശാല

കേരളരേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിലെ നടക്കാവ്, ചക്കോരത്തുകുളത്ത് പ്രവർത്തിക്കുന്ന ഐക്യകേരള വായനശാലയിലെ അപൂർവ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം ഭാവിതലമുറകൾക്കായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥപ്പുര വിവിധ ഗ്രന്ഥശാലകളുമായും വ്യക്തിഗത ശേഖരങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്. അതിൻ്റെ തുടർച്ചയായാണ് ഏകദേശം ഒരു നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള ഐക്യകേരള വായനശാലയിലെ അപൂർവ പുസ്തകങ്ങളും മറ്റ് ചരിത്രരേഖകളും ഡിജിറ്റൈസ് ചെയ്യുന്നത്. ഈ രേഖകൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഗ്രന്ഥപ്പുര പദ്ധതിയെ വലിയ താൽപര്യത്തോടെയാണ് വായനശാലയുടെ ഭാരവാഹികളും പ്രവർത്തകരും സ്വീകരിച്ചത്.

ദേശീയ പ്രസ്ഥാനത്തിൻ്റെ പശ്ചാത്തലത്തിൽ ജനിച്ച വായനശാല

കോഴിക്കോട് ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ നടക്കാവിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം യുവാക്കളുടെ ആശയത്തിൽ നിന്നാണ് ഐക്യകേരള വായനശാലയുടെ തുടക്കം.

1934 സെപ്റ്റംബർ 16-ന് മായക്കോട്ടെ ശങ്കരമേനോൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് പ്രദേശത്ത് ഒരു വായനശാല സ്ഥാപിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കരിപ്പാളി കുഞ്ഞിരാമൻ, തുമ്പ്രായിൽ അയ്യപ്പുട്ടി മാസ്റ്റർ, രാമൻമഠത്തിൽ പറങ്ങോടൻ, വാണ്ണൂർ ശങ്കരൻ എന്നിവർ വായനശാലയുടെ ആവശ്യകതയെക്കുറിച്ച് യോഗത്തിൽ സംസാരിച്ചു. തുടർന്ന് അരങ്ങിൽ ദാമോദരനെ പ്രസിഡൻ്റായും മേയന ദാമോദരനെ സെക്രട്ടറിയായും ഉൾപ്പെടുത്തി 20 അംഗ ഭരണസമിതി രൂപീകരിക്കുകയും സ്ഥാപനത്തിന് ഐക്യകേരള വായനശാല എന്ന പേര് നൽകുകയും ചെയ്തു.

1934-ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച വായനശാലയ്ക്ക് പിന്നീട് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സഹായത്തോടെ സ്വന്തമായി കെട്ടിടം നിർമ്മിച്ചു. വർഷങ്ങളായി കോഴിക്കോട് നഗരത്തിൻ്റെ വായനാസാംസ്കാരിക ജീവിതത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഈ സ്ഥാപനം 2010-ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയും ചെയ്തു.

ഇന്നത്തെ പ്രവർത്തനങ്ങൾ

ഇന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഏകദേശം 13,000-ത്തിലധികം പുസ്തകങ്ങൾ ഐക്യകേരള വായനശാലയുടെ ശേഖരത്തിലുണ്ട്. നിത്യവായനയ്ക്കായി 10 ദിനപത്രങ്ങളും 70-ലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ വരുത്തുന്നുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ 'എ' ഗ്രേഡ് അംഗീകാരമുള്ള ഈ സ്ഥാപനത്തിൻ്റെ കീഴിൽ ബാലവേദി, സ്റ്റുഡൻ്റ്സ് കോർണർ, വനിതാ വേദി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും സജീവമാണ്.

പ്രായമായവർക്കും സ്ത്രീകൾക്കും വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചുനൽകുന്ന സേവനവും വായനശാല വിജയകരമായി നടപ്പിലാക്കിവരുന്നു. സമൂഹവുമായി ചേർന്നുനിൽക്കുന്ന ഇത്തരം പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തെ കോഴിക്കോട് നഗരത്തിലെ ശ്രദ്ധേയമായ പൊതുഗ്രന്ഥശാലകളിലൊന്നാക്കി മാറ്റിയത്.

നിലവിൽ ഡോ. എ. അച്ചുതനാണ് വായനശാലയുടെ പ്രസിഡൻ്റ്. എ.എം. കറുപ്പൻ സെക്രട്ടറിയായും കെ.വി. വേണുഗോപാലൻ വൈസ് പ്രസിഡൻ്റായും എൻ. മുരളീധരൻ ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

ഗ്രന്ഥപ്പുരയിൽ ഉടൻ ലഭ്യമാകും

ഐക്യകേരള വായനശാല കണ്ടെത്തുകയും അവിടെ ഒരു ഡിജിറ്റൈസേഷൻ പദ്ധതി നടത്താനുള്ള സാദ്ധ്യത വായനശാലയുടെ ഭാരവാഹികളെ ബോദ്ധ്യപ്പെടുത്താൻ മുൻകൈ എടുത്തത് ഗ്രന്ഥപ്പുര സുഹൃത്തും കോഴിക്കോട് സ്വദേശിയും പ്രമുഖ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തകനുമായ ബൈജു എം. ആണ്. പ്രാധാന്യം മനസ്സിലായതൊടെ ഐക്യകേരള വായനശാലയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ഭാരവാഹികൾ തീരുമാനിച്ചു. ഐക്യകേരള വായനശാലയിൽ നിന്ന് ഡിജിറ്റൈസ് ചെയ്യുന്ന അപൂർവ പുസ്തകങ്ങളും മറ്റ് ചരിത്രപ്രാധാന്യമുള്ള കേരളരേഖകളും ഗുണനിലവാര പരിശോധനയും മെറ്റാഡാറ്റ തയ്യാറാക്കലും പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ഗ്രന്ഥപ്പുര ഡിജിറ്റൽ ആർക്കൈവിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ്.