Skip to content
Granthappura Projects 1 min read

പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

ഒരു ഗ്രന്ഥശാലയുടെ മൂല്യം അതിലെ അപൂർവ പുസ്തകങ്ങളുടെ എണ്ണത്തിൽ മാത്രം അളക്കാനാവില്ല. ഒരു പ്രദേശത്തിൻ്റെ ചരിത്രവും സാമൂഹിക ജീവിതവും വായനാശീലവും തലമുറകളിലൂടെ കൈമാറിയ സാംസ്കാരിക ഇടങ്ങളാണ് പല ഗ്രന്ഥശാലകളും. കോഴിക്കോട് പറയഞ്ചേരിയിലെ സെൻഗുപ്ത പബ്ലിക് ലൈബ്രറി അത്തരത്തിൽ ഒരു നാടിൻ്റെ ചരിത്രത്തോടും ജനജീവിതത്തോടും ചേർന്നുനിൽക്കുന്ന സ്ഥാപനമാണ്. ഈ ഗ്രന്ഥശാലയിലെ അപൂർവ ശേഖരങ്ങളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണ്.

ഒമ്പത് പതിറ്റാണ്ടിലേറെയായി സെൻഗുപ്ത പബ്ലിക് ലൈബ്രറി പറയഞ്ചേരിയിലെ അറിവിൻ്റെയും സാമൂഹിക കൂട്ടായ്മയുടെയും കേന്ദ്രമായി നിലകൊള്ളുന്നു. പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല, ചിന്തകൾ പങ്കുവെക്കാനും പുതിയ തലമുറയെ വളർത്താനും ഒരു സമൂഹത്തെ ഒന്നിച്ചുനിർത്താനും ഈ സ്ഥാപനം വഹിച്ച പങ്ക് ചെറുതല്ല.

സ്വാതന്ത്ര്യസമരത്തിൻ്റെ പ്രചോദനത്തിൽ ആരംഭിച്ച സ്ഥാപനം

1933-ൽ കിഴക്കെ കാണത്തോളി നാരായണൻ നായർ, കീഴേടത്ത് കൃഷ്ണൻ നായർ, അയനികണ്ടി നാരായണൻ നായർ എന്നീ മൂന്ന് യുവാക്കളാണ് പറയഞ്ചേരിയിൽ ഒരു പൊതുവായനശാല സ്ഥാപിക്കണമെന്ന സ്വപ്നത്തിന് രൂപം നൽകിയത്. ദേശീയ സ്വാതന്ത്ര്യസമരത്തിൻ്റെ ആവേശം നിറഞ്ഞിരുന്ന കാലഘട്ടത്തിൽ ജനങ്ങൾക്ക് അറിവും ബോധവും പകരുന്ന ഒരു പൊതുസ്ഥാപനം വേണമെന്ന ചിന്തയായിരുന്നു അതിന് പിന്നിൽ.

ഗ്രന്ഥശാലയ്ക്ക് 'സെൻഗുപ്ത' എന്ന പേര് ലഭിച്ചതിനും ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. 1933 മേയ് മാസത്തിൽ വടകരയിൽ നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് പ്രശസ്ത ബംഗാളി സ്വാതന്ത്ര്യസമര നേതാവും കൽക്കത്ത മേയറുമായിരുന്ന ജെ.എൻ. സെൻഗുപ്ത ആയിരുന്നു. സമ്മേളനത്തിന് ശേഷം ബംഗാളിലേക്ക് മടങ്ങിയ അദ്ദേഹം രണ്ട് മാസത്തിനകം അന്തരിച്ചു. കേരളത്തോട് അദ്ദേഹം കാണിച്ച സ്നേഹത്തോടും രാജ്യത്തിനായി ചെയ്ത ത്യാഗങ്ങളോടുമുള്ള ആദരസൂചകമായി വായനശാലയ്ക്ക് 'സെൻഗുപ്ത പബ്ലിക് ലൈബ്രറി' എന്ന് പേരിട്ടു.

സ്ഥാപനത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകിയ സാമൂഹിക പ്രവർത്തകൻ അയനികണ്ടി ഗോപാലൻ നായരുടെ സംഭാവനയും ഈ ചരിത്രത്തിൻ്റെ അവിഭാജ്യ ഘടകമാണ്.

ജനങ്ങളുടെ കൈകളാൽ പടുത്തുയർത്തിയ ഗ്രന്ഥശാല

സെൻഗുപ്ത പബ്ലിക് ലൈബ്രറിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നാട്ടുകാരുടെ കൂട്ടായ പരിശ്രമമുണ്ട്. ആദ്യ കെട്ടിടത്തിനുള്ള ധനം കണ്ടെത്താൻ കോഴിക്കോട് ടൗൺഹാളിൽ ഇന്ദുലേഖ എന്ന നോവലിൻ്റെ നാടകാവിഷ്കാരം ടിക്കറ്റ് വെച്ച് അവതരിപ്പിക്കുകയും, അതിൽ നിന്നുള്ള വരുമാനം നിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്ത സംഭവം ഈ സ്ഥാപനത്തിൻ്റെ ചരിത്രത്തിലെ മനോഹരമായ അദ്ധ്യായമാണ്.

പിന്നീട് സർക്കാർ പദ്ധതികളുടെ പിന്തുണയും നാട്ടുകാരുടെ പങ്കാളിത്തവും ചേർന്ന് ഗ്രന്ഥശാല വികസിച്ചു. ആദ്യ പ്രസിഡൻ്റായ എ. ഉണ്ണിനായർ, ദീർഘകാലം പ്രസിഡൻ്റായിരുന്ന എ. ബാലഗോപാലൻ, ആദ്യകാല പ്രവർത്തകരിലൊരാളായ എ.സി. ഗോവിന്ദൻ തുടങ്ങി നിരവധി പേരുടെ ആത്മസമർപ്പണമാണ് ഈ സ്ഥാപനം ഇന്നും സജീവമായി നിലനിൽക്കാൻ കാരണമായത്.

ഒരു ഗ്രന്ഥശാല മാത്രമല്ല, ഒരു സാമൂഹിക ഇടം

ഇന്ന് 12,000-ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാനശേഖരമാണ് സെൻഗുപ്ത പബ്ലിക് ലൈബ്രറിയുടേത്. വായനയ്ക്കുള്ള ഒരു ഇടം എന്നതിലുപരി ബോധവൽക്കരണ ക്ലാസുകൾ, സാംസ്കാരിക സമ്മേളനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ, പുരസ്കാരങ്ങൾ, വനിതാ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങി ഒരു സമൂഹത്തിൻ്റെ സാംസ്കാരിക ജീവിതത്തെ സമ്പന്നമാക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് ഈ ഗ്രന്ഥശാല വേദിയാകുന്നു.
അതുകൊണ്ടുതന്നെ ഈ സ്ഥാപനം പുസ്തകങ്ങളുടെ മാത്രം സംരക്ഷകനല്ല; ഒരു പ്രദേശത്തിൻ്റെ വായനാസംസ്കാരത്തിൻ്റെയും സാമൂഹിക സ്മരണകളുടെയും സംരക്ഷകൻ കൂടിയാണ്.

ഭാവിയിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്

കാലത്തിനനുസരിച്ച് രേഖകളെ സംരക്ഷിക്കുന്ന രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പക്കലുള്ള പുസ്തകങ്ങളും പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട രേഖകളും വരുംതലമുറകൾക്കായി ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് സെൻഗുപ്ത പബ്ലിക് ലൈബ്രറി ഡിജിറ്റൈസേഷൻ ദൗത്യത്തിലേക്ക് മുന്നോട്ടുവന്നത്. ഒരു ഗ്രന്ഥശാലയുടെ ശേഖരം എത്ര വലുതാണെന്നതല്ല പ്രധാനം; ഒരു സമൂഹത്തിൻ്റെ അറിവും ഓർമ്മകളും നഷ്ടപ്പെടാതെ സൂക്ഷിക്കപ്പെടണം എന്ന ബോദ്ധ്യമാണ് കൂടുതൽ വിലപ്പെട്ടത്. ആ തിരിച്ചറിവോടെയാണ് സെൻഗുപ്ത പബ്ലിക് ലൈബ്രറിയിലെ പുരാരേഖകൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കാൻ ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തീരുമാനിച്ചത്.

ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയും, ഹൃദയപൂർവ്വം സ്വീകരിക്കുകയും തങ്ങളുടെ പുരാശേഖരം ഭാവിതലമുറയ്ക്കായി ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്ന ദൗത്യത്തിൽ പങ്കാളികളാകുകയും ചെയ്ത സെൻഗുപ്ത പബ്ലിക് ലൈബ്രറിയുടെ ഭരണസമിതിയോടും പ്രത്യേകിച്ച് സെക്രട്ടറി ശ്രീ. നാരായണൻ, മറ്റു പ്രവർത്തകരോടും നാട്ടുകാരോടും നന്ദി രേഖപ്പെടുത്തുന്നു.

സെൻഗുപ്ത പബ്ലിക് ലൈബ്രറിയിലെ ഡിജിറ്റൈസ് ചെയ്യുന്ന രേഖകൾ എല്ലാം കൂടെ ഇവിടെ കാണാം.