Skip to content
Granthappura Projects 1 min read

പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു
പ്രൊഫസർ കെ.കെ.എൻ. കുറുപ്പ് മലബാർ ക്രിസ്ത്യൻ കോളേജിലെ ഒരു പരിപാടിയിൽ. ചിത്രത്തിനു കടപ്പാട്: മലബാർ ക്രിസ്ത്യൻ കോളേജ്

പ്രമുഖ ചരിത്രകാരനും അദ്ധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഗ്രന്ഥപ്പുരയിലൂടെ ഡിജിറ്റൈസ് ചെയ്ത് ദീർഘകാലത്തേക്ക് സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരളത്തിൻ്റെ ചരിത്രപഠനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിൻ്റെ പുസ്തകങ്ങളും ഗവേഷണപ്രസിദ്ധീകരണങ്ങളും ഘട്ടംഘട്ടമായി ഡിജിറ്റൈസ് ചെയ്ത് ഭാവി തലമുറയ്ക്കായി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഈ പദ്ധതിയുടെ ആദ്യഘട്ടമായി, പ്രൊഫ. കെ.കെ.എൻ. കുറുപ്പ് താൻ രചിച്ച പുസ്തകങ്ങളുടെ ആദ്യ സെറ്റ്, മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവർത്തിക്കുന്ന ഗ്രന്ഥപ്പുരയുടെ കോഴിക്കോട് ഡിജിറ്റൈസേഷൻ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേഘയ്ക്കും പുരുഷോത്തമൻ പി.സി.യ്ക്കും കൈമാറി.

കുറുപ്പ് സർ തൻ്റെ രചനകളിൽ ചിലത് ഫൗണ്ടെഷൻ പ്രതിനിധിയായ മേഘയ്ക്ക് കൈമാറുന്നു.

പ്രൊഫ. കെ.കെ.എൻ. കുറുപ്പ് കേരളചരിത്ര പഠനത്തിന് നൽകിയ സംഭാവനകൾ

അഞ്ചു പതിറ്റാണ്ടുകളിലേറെയായി കേരളത്തിൻ്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തെ ആസ്പദമാക്കി ഗവേഷണം നടത്തുന്ന ചരിത്രകാരനാണ് പ്രൊഫ. കെ.കെ.എൻ. കുറുപ്പ്. മലബാറിൻ്റെ ചരിത്രം, കാർഷികബന്ധങ്ങൾ, സാമൂഹികപരിവർത്തനങ്ങൾ, ദേശീയപ്രസ്ഥാനം, കോളനിയുഗ പഠനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളും ചരിത്രപഠിതാക്കൾക്കും ഗവേഷകർക്കും സുപരിചിതമാണ്. അദ്ദേഹത്തിൻ്റെ രചനകളുടെ ചുരുക്കം താഴെയുള്ള ഫയലിൽ കാണാം.

അദ്ദേഹത്തിൻ്റെ രചനകൾ ഒരു ഗവേഷകജീവിതത്തിൻ്റെ ഫലമെന്നതിനപ്പുറം, കേരളത്തിൻ്റെ ചരിത്രരചനയിലെ സുപ്രധാന രേഖകളുമാണ്. അതിനാൽ അവയെ ഉയർന്ന നിലവാരത്തിൽ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നത് കേരളത്തിൻ്റെ ബൗദ്ധിക പൈതൃകം ഭാവിയിലേക്ക് കൈമാറുന്നതിനുള്ള ഒരു പ്രധാന പ്രവർത്തനമാണ്.

സഹോദരീപുത്രൻ്റെ ഇടപെടൽ

പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് മുൻകൈ എടുത്തത് അദ്ദേഹത്തിൻ്റെ സഹോദരീപുത്രനും ഗ്രന്ഥപ്പുരയുടെ സുഹൃത്തുമായ കെ.കെ. മുരളീധരനാണ്. ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾ കെ.കെ. മുരളീധരൻ പ്രൊഫ. കെ.കെ.എൻ. കുറുപ്പിന് പരിചയപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. തുടർന്ന് നടന്ന ആശയവിനിമയങ്ങളിലൂടെ പ്രൊഫ. കെ.കെ.എൻ. കുറുപ്പ് തൻ്റെ രചനകൾ ഘട്ടംഘട്ടമായി ഗ്രന്ഥപ്പുരയ്ക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

പ്രൊഫ. കെ.കെ.എൻ. കുറുപ്പിൻ്റെ കൈയിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഡിജിറ്റൈസേഷൻ കേന്ദ്രത്തിലെത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ ഗ്രന്ഥപ്പുരയുടെ കോഴിക്കോട് സെൻ്ററിൽ പ്രവർത്തിക്കുന്ന റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ കൂടിയായ പുരുഷോത്തമൻ പി.സി. വിലപ്പെട്ട സഹകരണം നൽകുന്നു.

കുറുപ്പ് സർ മേഘയോടും പുരുഷോത്തമനോടുമൊപ്പം

വ്യക്തിഗത ശേഖരങ്ങളുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം

കേരളത്തിലെ പ്രമുഖ പണ്ഡിതരുടെയും ഗവേഷകരുടെയും വ്യക്തിഗത രചനാശേഖരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുക എന്നത് ഗ്രന്ഥപ്പുരയുടെ പ്രധാന പ്രവർത്തനമേഖലകളിലൊന്നാണ്. ഈ ദൗത്യത്തിൻ്റെ ഭാഗമായി പ്രൊഫ. സ്കറിയ സക്കറിയ, പ്രൊഫ. സി.കെ. മൂസത്, കോന്നിയൂർ നരേന്ദ്രനാഥ്, പി. കേശവൻ നായർ തുടങ്ങി പലപ്രമുഖരുടെയും വ്യക്തിഗത ശേഖരങ്ങൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് സംരക്ഷിച്ചിട്ടുണ്ട്.

വ്യക്തിഗത ഗവേഷണശേഖരങ്ങളിൽ സൂക്ഷിക്കപ്പെടുന്ന പുസ്തകങ്ങളും ഗവേഷണരേഖകളും കേരളത്തിൻ്റെ ബൗദ്ധിക പൈതൃകത്തിൻ്റെ പ്രധാന ഭാഗമാണ്. എന്നാൽ കാലപ്പഴക്കവും കാലാവസ്ഥയിലെ പ്രശ്നങ്ങളും ഉപയോഗക്കുറവും കാരണം ഇത്തരത്തിലുള്ള ശേഖരങ്ങളിൽ പലതും നാശഭീഷണി നേരിടുന്നുണ്ട്. അതിനാൽ അവയെ ശാസ്ത്രീയമായി ഡിജിറ്റൈസ് ചെയ്ത് ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നത് ഒരു സാംസ്കാരിക ഉത്തരവാദിത്വമാണ്.

പ്രൊഫ. കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഈ സംരംഭത്തിൻ്റെ ഭാഗമാകുന്നതോടെ, കേരളത്തിലെ പ്രമുഖ ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും വ്യക്തിഗത ശേഖരങ്ങൾ സംരക്ഷിക്കുന്ന ഗ്രന്ഥപ്പുരയുടെ ശ്രമങ്ങൾക്ക് കൂടുതൽ ശക്തി പകരും. ഈ വിശ്വാസത്തിനും സഹകരണത്തിനും പ്രൊഫ. കെ.കെ.എൻ. കുറുപ്പിനും, ഈ സംരംഭത്തിന് വഴിയൊരുക്കിയ കെ.കെ. മുരളീധരനും കുടുംബാംഗങ്ങൾക്കും നന്ദി.