10 ലക്ഷം താളുകൾ ഡിജിറ്റൈസ് ചെയ്തു: ഗ്രന്ഥപ്പുരയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല്

Share
10 ലക്ഷം താളുകൾ ഡിജിറ്റൈസ് ചെയ്തു: ഗ്രന്ഥപ്പുരയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല്

ഇന്ന് (2026 ജൂൺ 17) ഗ്രന്ഥപ്പുരയെ സംബന്ധിച്ചിടത്തോളം സുവർണ്ണാക്ഷരങ്ങളാൽ അടയാളപ്പെടുത്തേണ്ട ഒരു ചരിത്രദിനമാണ്. ഗ്രന്ഥപ്പുരയിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയ, ഡിജിറ്റൈസ് ചെയ്ത താളുകളുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടിരിക്കുന്നു! മദ്രാസ് യൂണിവേഴ്സിറ്റി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്ന് നമുക്ക് ലഭിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ (കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ചത്) സ്കാൻ റിലീസ് ചെയ്തതൊടെയാണ് പത്തുലക്ഷം എന്ന നാഴികക്കല്ല് ഗ്രന്ഥപ്പുര പിന്നിട്ടത്.

ഗ്രന്ഥപ്പുരയിലൂടെ ഡിജിറ്റൈസ് ചെയ്ത താളുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

ഡിജിറ്റൈസേഷനിൽ പദ്ധതിയുടെ മൊത്തം ചരിത്രത്തിലും ദൈനംദിന മുന്നേറ്റത്തിലും വിവിധ ടെക്നിക്കൽ ആവശ്യങ്ങൾക്കും രേഖകളുടെ എണ്ണത്തേക്കാൾ താളുകളുടെ എണ്ണത്തിനു പ്രാധാന്യമുണ്ട്. കാരണം ഒരു പുസ്തകം എന്നത് 50 പേജോ, 100 പേജോ, 300 പേജോ, 800 പേജോ ഒക്കെ ആകാം. അതിനാൽ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങളുടെ എണ്ണം നോക്കുന്നതിനേക്കാൾ ദൈനം ദിന മുന്നേറ്റം വ്യക്തമാക്കുന്ന താളുകളുടെ എണ്ണം നോക്കുന്നതാണ് യുക്തിസഹം. എന്നാൽ

10 ലക്ഷം എന്നത് വെറുമൊരു സംഖ്യയല്ല. കാലത്തിന്റെ കുത്തൊഴുക്കിലും ചിതലരിക്കലിലും നഷ്ടപ്പെട്ടുപോകുമായിരുന്ന കേരളത്തിന്റെയും മലയാളത്തിന്റെയും ചരിത്ര-സാംസ്കാരിക സ്മൃതികളുടെ പത്ത് ലക്ഷം താളുകളാണ് ഇവ. നൂറുകണക്കിന് അച്ചടിപ്പുസ്തകങ്ങൾ, അപൂർവ്വ മാസികകൾ, കൈയെഴുത്തുപ്രതികൾ, ചിത്രങ്ങൾ, പുരാരേഖകൾ — അങ്ങനെ വിവിധ ഭാഷകളിലും ലിപികളിലുമുള്ള സാംസ്കാരിക സമ്പത്ത് വരുംതലമുറയ്ക്കായി ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമാക്കപ്പെട്ടതിന്റെ വലിയൊരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നാഴികക്കല്ല്. അതുകൊണ്ടുതന്നെ, കേരളത്തെയും മലയാള ഭാഷയെയും ചരിത്രത്തെയും സ്നേഹിക്കുന്ന ഏവർക്കും ഇത് പ്രധാനമാണ്.

ഒരുകാലത്ത് താളുകളുടെ എണ്ണം പോലും അറിയാൻ സാധിച്ചിരുന്നില്ല

ഗ്രന്ഥപ്പുരയുടെ ഇന്നത്തെ ഈ ഡിജിറ്റൽ വസന്തത്തിന് പിന്നിൽ വലിയൊരു ഭൂതകാലമുണ്ട്. ഇന്നത്തെ gpura.org എന്ന വെബ്സൈറ്റിലല്ല ഇതിന്റെ തുടക്കം. പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യക്തിപരമായ താല്പര്യത്തിൽ ശേഖരിക്കാൻ തുടങ്ങിയ രേഖകളും പിന്നീട് നടത്തിയ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളും വർഷങ്ങളോളംshijualex.inഎന്ന വ്യക്തിഗത സൈറ്റിലാണ് നടത്തിയിരുന്നത്. അവിടെ നിന്ന് archive.orgവഴിയാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നത്. രണ്ടായിരത്തിലധികം പുസ്തകങ്ങളും രേഖകളും 12 വർഷങ്ങൾ കൊണ്ട് ലഭ്യമാക്കാൻ സാധിച്ചിരുന്നു. എങ്കിലും സാങ്കേതികമായി വലിയൊരു പരിമിതി അന്ന് അലട്ടിയിരുന്നു. ആ ശേഖരത്തിൽ ആകെ എത്ര താളുകൾ ഉണ്ടെന്ന് കൃത്യമായി അറിയാൻ ഒരു എളുപ്പമാർഗ്ഗവുമില്ലായിരുന്നു (വലിയൊരു പരിധി വരെ archive.org അത്തരം സേവനങ്ങൾ പരിമിതപ്പെടുത്തുന്നതാണ് അതിന്റെ കാരണം). 12 വർഷത്തിലധികം നീണ്ട സന്നദ്ധപ്രവർത്തനത്തിലൂടെ ഏതാണ്ട് 1.2 ലക്ഷം താളുകൾ ഉണ്ടാകുമെന്ന് ഒരു ഊഹം മാത്രമാണ് അന്ന് പറയാൻ കഴിഞ്ഞിരുന്നത്. ഒരു വ്യക്തിയുടെ ഒറ്റയ്ക്കുള്ള ശ്രമത്തിന് എത്രത്തോളം പരിമിതികളുണ്ടെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്.

2022: ഗ്രന്ഥപ്പുരയുടെ പുനർജന്മവും സാങ്കേതിക കുതിച്ചുചാട്ടവും

2021-ന്റെ അവസാനത്തോടെ പഴയ രീതിയിലുള്ള സന്നദ്ധപ്രവർത്തന പദ്ധതി ഞാൻ നിർത്തുമ്പോൾ മനസ്സിൽ പല ആശങ്കകളുമുണ്ടായിരുന്നു. ഒരു വ്യക്തിയുടെ സമയത്തിനും ഊർജത്തിനും പരിമിതിയുണ്ടെന്നും, ഈ പ്രവർത്തനം കൂടുതൽ വലിയൊരു കൂട്ടായ്മയുടെ കൈകളിലേക്ക് എത്തേണ്ട സമയമായെന്നും അപ്പോഴേക്കും വ്യക്തമായിരുന്നു.

എന്നാൽ 2022-ൽ gpura.org ആരംഭിച്ചതോടെ സംഭവിച്ചത് വെറുമൊരു വെബ്സൈറ്റ് മാറ്റമായിരുന്നില്ല; അത് ഗ്രന്ഥപ്പുരയുടെ പുനർജ്ജന്മമായിരുന്നു.

ഈ പുതിയ യാത്രയിൽ ഏറ്റവും വലിയ വഴിത്തിരിവായത് സാങ്കേതികവിദ്യയിലും അതിലുപരി മനുഷ്യരിലും ഉണ്ടായ മാറ്റമാണ്. കൈലാഷ് നാഥും ജിസ്സോ ജോസും പദ്ധതിയുടെ ഭാഗമായത് വലിയൊരു ഊർജ്ജമായി മാറി. വെറും സഹപ്രവർത്തകരെന്നതിനപ്പുറം ഗ്രന്ഥപ്പുരയുടെ ലക്ഷ്യവും പ്രാധാന്യവും ആഴത്തിൽ മനസ്സിലാക്കിയ പങ്കാളികളായിരുന്നു അവർ.

ഗ്രന്ഥപ്പുരയ്ക്ക് സ്വന്തമായി ഒരു ഇൻഫ്രാസ്ട്രക്ചർ രൂപപ്പെടുത്താനും Omeka S പ്ലാറ്റ്ഫോം ഉപയോഗിക്കാനുമുള്ള തീരുമാനം പദ്ധതിക്ക് പുതിയൊരു ദിശ നൽകി. മികച്ച മെറ്റാഡാറ്റ, മെച്ചപ്പെട്ട തിരച്ചിൽ സംവിധാനം, വലിയ ശേഖരങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവ ഗ്രന്ഥപ്പുരയെ കരുത്തുറ്റതാക്കി. ഒന്നര വർഷം മുൻപ് IIIF viewer ഉപയോഗിച്ചപ്പോൾ വായനക്കാരുടെ അനുഭവം ഏറെ മെച്ചപ്പെട്ടു. ഇതിനെല്ലാമുപരി, പഴയകാലത്തെ പേജ് കൗണ്ട് പ്രശ്നത്തിന് പരിഹാരമായി Omeka S-നായി കൈലാഷ് തന്നെ ഒരു 'പേജ് കൗണ്ട് മോഡ്യൂൾ' വികസിപ്പിച്ചു. പിന്നീട് ജുനൈദ് പി.വി. സമർത്ഥമായി അത് ഗ്രന്ഥപ്പുര സൈറ്റിന്റെ ഭാഗമാക്കി. ഒരുകാലത്ത് ആകെ എത്ര പേജുകളുണ്ടെന്ന് ഊഹിക്കാൻ മാത്രം സാധിച്ചിരുന്ന സ്ഥാനത്താണ് ഇന്ന് കൃത്യമായി 'പത്ത് ലക്ഷം' എന്ന ചരിത്രസംഖ്യ നമുക്ക് അഭിമാനത്തോടെ വിളിച്ചുപറയാൻ സാധിക്കുന്നത്.

വ്യക്തിയിൽ നിന്ന് ഒരു ജനകീയ പ്രസ്ഥാനത്തിലേക്ക്

ഈ പത്ത് ലക്ഷം എന്ന നാഴികക്കല്ലിന്റെ ഏറ്റവും വലിയ ഭംഗി അതിന് പിന്നിലുള്ള കൂട്ടായ്മയാണ്. ഗ്രന്ഥപ്പുര ഇന്ന് ഒരാളുടെ പദ്ധതിയല്ല, അതൊരു ജനകീയ പ്രസ്ഥാനമാണ്. ഇന്ന് പതിനഞ്ചിലധികം പേർ നേരിട്ട് ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുന്നു. മറ്റൊരു പത്തോളം പേർ വിവിധ സാങ്കേതിക-സാമൂഹിക രീതികളിൽ ആവശ്യമുള്ളപ്പോളൊക്കെ സഹായിക്കുന്നു. അതിനു പുറമെ മുപ്പതിലധികം ഗ്രന്ഥപ്പുര സുഹൃത്തുക്കൾ പദ്ധതിയുടെ വിവിധകാര്യങ്ങളിൽ നേരിട്ട് ഇടപെട്ട് ഗ്രന്ഥപ്പുരയെ നിലനിർത്തുന്നു.

ഇന്ന് നിരവധി സ്ഥാപനങ്ങളും ഗ്രന്ഥശാലകളും ഗ്രന്ഥപ്പുരയുമായി സഹകരണത്തിനു മുന്നോട്ടുവരുന്നുണ്ട്. അതിലുമപ്പുറം, വ്യക്തികളും കുടുംബങ്ങളും അവരുടെ സ്വകാര്യശേഖരങ്ങളും അമൂല്യമായ കുടുംബരേഖകളും വിശ്വസ്തതയോടെ ഗ്രന്ഥപ്പുരയെ ഏൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ പത്ത് ലക്ഷം പേജുകളും നൂറുകണക്കിന് ആളുകളുടെ വിശ്വാസത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രതീകമാണ്.

ബാംഗ്ലൂരിൽ ധർമ്മാരാം കോളേജ്, ചെന്നൈയിൽ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി, കേരളത്തിനകത്ത് പി.ഗോവിന്ദപ്പിള്ള ലൈബ്രറി, മണ്ണാർക്കാട് സഹൃദയ ലൈബ്രറി, കോട്ടയം പബ്ലിക്ക് ലൈബ്രറി, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, സത്യദീപം പബ്ലിക്കേഷൻസ് തുടങ്ങി നിരവധി സ്ഥാപനങ്ങളും ഗ്രന്ഥശാലകളും ഇന്ന് ഗ്രന്ഥപ്പുരയോട് ചേർന്ന് പ്രവർത്തിക്കുന്നു. C-DIT, Kerala Fablab എന്നീ സ്ഥാപനങ്ങളും സാങ്കേതികമായി ഗ്രന്ഥപ്പുരയുമായി സഹകരിക്കുന്നു.അതിനു പുറമെ എത്രയെത്ര വ്യക്തികൾ, സ്ഥാപനങ്ങൾ.

ഗ്രന്ഥപ്പുര പദ്ധതിയോടു ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപങ്ങൾ/വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങൾ ഈ ലിങ്കിൽ ഉണ്ട്. ഇത്ര വലിയ സമൂഹം സഹകരിക്കുന്നത് കൊണ്ടു കൂടാണ് ഈ നാഴികക്കല്ല് കടക്കാൻ നമുക്ക് ആയത്.

ഗ്രന്ഥപ്പുര ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന പുസ്തകങ്ങൾ വെറുതെ ഒരു സർവറിലിരിക്കേണ്ടവയല്ല, മറിച്ച് അവ പലവിധത്തിൽ ജനങ്ങളിലേക്ക് തന്നെ എത്തേണ്ടവയാണ്. അതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പായിരുന്നു ഈ വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആരംഭിച്ച 'ഗ്രന്ഥപ്പുര' പംക്തി. ആഴ്ചപ്പതിപ്പിൽ വരുന്ന ലേഖനങ്ങൾക്ക് വായനക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. മറ്റു തരത്തിലും ഗ്രന്ഥപ്പുരയിലൂടെ ഡിജിറ്റൈസ് ചെയ്ത സ്കാനുകൾ ഇനി തിരിച്ച് ജനങ്ങളിലേക്ക് എത്തും.

അക്കങ്ങൾക്കപ്പുറമുള്ള അമൂല്യ താളുകൾ

സംഖ്യകൾ പത്ത് ലക്ഷം കടക്കുമ്പോഴും, ഡിജിറ്റൈസേഷൻ എന്ന പ്രവർത്തനത്തിലൂടെ ചരിത്രത്തോടും ഭാഷയോടും സംസ്കാരത്തോടും തോന്നിയ ചില വ്യക്തിപരമായ ഡിജിറ്റൈസേഷൻ അനുഭവങ്ങൾ എപ്പോഴും മനസ്സിനോട് ചേർന്നുനിൽക്കും:

  • സംക്ഷേപവേദാർത്ഥം (1772)
  • ശബ്ദതാരാവലി (1930)
  • പവിത്രചരിത്രം (1860)
  • ടി. കെ. ജോസഫിന്റെ മലങ്കരസഭയിലെ നാലു ചെപ്പേടുകൾ
  • ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്ന് ഡിജിറ്റൈസ് ചെയ്ത മൃഗചരിതം (1860)

ഇതൊക്കെ പൊതുവിടത്തിലേക്ക് കൊണ്ടു വന്നപ്പോൾ അനുഭവിച്ച ചാരിതാർത്ഥ്യം വിവരിക്കാനാവുന്നില്ല. ഇവയൊക്കെ ഡിജിറ്റൈസ് ചെയ്യപ്പെടുമ്പോൾ അവയുടെ ഉള്ളടക്കം മാത്രമല്ല സംരക്ഷിക്കപ്പെടുന്നത്, മറിച്ച് വിസ്മൃതിയിലാണ്ടുപോകുമായിരുന്ന ഒരു കാലഘട്ടം തന്നെയാണ് സൂക്ഷിക്കപ്പെടുന്നത്.

ഏറ്റവും വലിയ സന്തോഷം

ഈ നാഴികക്കല്ല് എനിക്ക് നൽകുന്നത് ഒരു വലിയ തിരിച്ചറിവും ഒപ്പം ഭാരം ഒഴിഞ്ഞ വലിയൊരു ആശ്വാസവുമാണ്. പന്ത്രണ്ടുവർഷം കൊണ്ട് ഒറ്റയ്ക്ക് ചെയ്തതിനേക്കാൾ എത്രയോ മടങ്ങ് വലിയ കാര്യങ്ങളാണ് ഒരു കൂട്ടായ്മയ്ക്ക് കഷ്ടിച്ച് മൂന്നരവർഷം കൊണ്ട് ചെയ്യാൻ കഴിഞ്ഞത്!

ഇത് കേൾക്കുമ്പോൾ ചിലർക്ക് അത്ഭുതം തോന്നാം, എന്നാൽ ഇതിൽ അതിരറ്റ സന്തോഷമുണ്ട്. കാരണം ഗ്രന്ഥപ്പുരയുടെ യഥാർത്ഥ ലക്ഷ്യം ഒരാളുടെ പ്രവർത്തനത്തെ വലുതാക്കുക എന്നതായിരുന്നില്ല; മറിച്ച് പൊതുസമൂഹത്തിന് ആവശ്യമായ, എക്കാലവും നിലനിൽക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നതായിരുന്നു. ഇന്ന് ആ സംവിധാനം സ്വയം പ്രവർത്തിക്കുന്നു, വളരുന്നു, പുതിയ ആളുകളെ ഉൾക്കൊള്ളുന്നു. ഒരാളിൽ നിന്ന് ഒരു സംവിധാനത്തിലേക്കും, ഒരു സംവിധാനത്തിൽ നിന്ന് ഒരു സമൂഹത്തിലേക്കും ഗ്രന്ഥപ്പുര വളർന്നിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഇനി എന്ത്?

പത്ത് ലക്ഷം എന്നത് ഒരു അവസാനമല്ല, മറിച്ച് കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെയ്പ്പ് മാത്രമാണ്. ഇനിയും ഡിജിറ്റൈസ് ചെയ്യപ്പെടാത്ത നൂറുകണക്കിന് ശേഖരങ്ങളും ആയിരക്കണക്കിന് പുസ്തകങ്ങളും അതിലെ ലക്ഷക്കണക്കിനു താളുകളും നമ്മുടെ ചുറ്റുമുണ്ട്. കൂടുതൽ ഡിജിറ്റൈസേഷൻ കേന്ദ്രങ്ങൾ നമുക്ക് സ്ഥാപിക്കേണ്ടതുണ്ട്. കൂടുതൽ സഹപ്രവർത്തകരും വായനക്കാരും ഇനിയും ഗ്രന്ഥപ്പുരയിലേക്ക് കടന്നുവരേണ്ടതുണ്ട്.

ഇന്ന് പത്ത് ലക്ഷം പേജുകൾ പിന്നിട്ട ഈ ചരിത്ര നിമിഷത്തിൽ, ഗ്രന്ഥപ്പുരയുമായി ഏതെങ്കിലും തരത്തിൽ ഒക്കെ സഹകരിച്ച, ഇതിനെ സ്നേഹിച്ച എല്ലാവരോടും നന്ദിയുണ്ട്. ഈ നേട്ടം നിങ്ങളുടേതാണ്. കേരളത്തിന്റെ പൊതുസാംസ്കാരിക സ്മൃതിയുടെ ഭാവിയിലേക്ക് നമ്മൾ ഒരുമിച്ച് നടത്തിയ വലിയൊരു ചുവടുവെയ്പ്പാണിത്. കേരളത്തിന്റെ സാംസ്കാരിക സ്മൃതിയെ സംരക്ഷിക്കുക എന്നത് ഒരാളുടെ ഉത്തരവാദിത്തമല്ല, ഒരു സമൂഹത്തിന്റെ ദൗത്യമാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞതാണ്. പദ്ധതിക്കു ധനസഹായം തന്ന് പുതിയ മേഖലകളിലേക്ക് കടക്കാൻ സഹായിക്കുന്ന അഭ്യുദയകാംക്ഷികളെ മറക്കാൻ ആവില്ല. പ്രത്യേകിച്ച് സമാഗത ഫൗണ്ടെഷൻ്റെ ഇടപെടൽ. എല്ലാരും കൂടി ചേർന്ന് വരുമ്പോൾ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാകുന്നു.

Antes de elegir entre camisetas de selecciones, merece la pena comprobar los colores, el escudo y los detalles del diseño. El pedido puede cerrarse después de confirmar el tallaje disponible y el plazo de entrega.

നമുക്ക് ഒന്നിച്ച് ഈ യാത്ര തുടരാം!

Read more

ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

കേരളീയ വിജ്ഞാനപൈതൃകത്തിൻ്റെ വലിയൊരു പങ്ക് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് താളിയോലകളിലാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ രേ

By shijualex
പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

പ്രമുഖ ചരിത്രകാരനും അദ്ധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഗ്രന്ഥപ്പുരയിലൂ

By shijualex
ചക്കോരത്തുകുളം ഐക്യകേരള വായനശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

ചക്കോരത്തുകുളം ഐക്യകേരള വായനശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

കേരളരേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിലെ നടക്കാവ്, ചക്കോരത്തുകുളത്ത് പ്രവർത്

By shijualex
പെരിങ്ങമ്മല എസ്.എൻ.വി. വിവേകപ്രദായിനി ഗ്രന്ഥശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

പെരിങ്ങമ്മല എസ്.എൻ.വി. വിവേകപ്രദായിനി ഗ്രന്ഥശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥശാലകളിലെ അപൂർവ ഗ്രന്ഥസമ്പത്തുകൾ ഡിജിറ്റൈസ് ചെയ്ത് വരുംതലമുറയ്ക്കായി സംരക്

By shijualex