ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Share
ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

കേരളീയ വിജ്ഞാനപൈതൃകത്തിൻ്റെ വലിയൊരു പങ്ക് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് താളിയോലകളിലാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ രേഖകളിൽ നമ്മുടെ ഭാഷയും സാഹിത്യവും ചരിത്രവും വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും തത്ത്വചിന്തയും ഉൾപ്പെടെ നിരവധി വിജ്ഞാനശാഖകളുടെ അമൂല്യമായ അറിവുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിലെ വിജ്ഞാനസമ്പത്തിൻ്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് അച്ചടിയിലൂടെയോ മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയോ ഗവേഷകരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിച്ചേർന്നിട്ടുള്ളത്. കാലപ്പഴക്കവും കാലാവസ്ഥയുടെ ആഘാതവും പരിചരണക്കുറവും കാരണം ശേഷിക്കുന്ന താളിയോലകളിൽ പലതും ഇന്ന് നാശത്തിൻ്റെ വക്കിലാണ്. അതായത്, കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ശേഖരങ്ങളിൽ താളിയോലകളിൽ രേഖപ്പെടുത്തപ്പെട്ട വിജ്ഞാനപൈതൃകത്തിൻ്റെ വലിയൊരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെടാനുള്ള ഗുരുതരമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

അതോടൊപ്പം, ഇതിനകം ഡിജിറ്റൈസ് ചെയ്തിട്ടുള്ള നിരവധി താളിയോല ശേഖരങ്ങൾ ഗവേഷകർക്കും പൊതുസമൂഹത്തിനും പ്രാപ്യമാകാതെ വിവിധ സ്ഥാപനങ്ങളുടെയും സ്വകാര്യ ശേഖരങ്ങളുടെയും ഉള്ളിൽ തന്നെ ഒതുങ്ങിക്കിടക്കുകയാണ്. വിജ്ഞാനം സംരക്ഷിക്കപ്പെടുക മാത്രമല്ല, അത് സമൂഹത്തിന് ലഭ്യമാകുകയും വേണം എന്നതാണ് ഗ്രന്ഥപ്പുരയുടെ കാഴ്ചപ്പാട്.

താളിയോലകളുടെ ദീർഘകാല ഡിജിറ്റൽ സംരക്ഷണവും അവയെ കഴിയുന്നത്ര ഗവേഷകർക്കും പൊതുജനങ്ങൾക്കും സൗജന്യമായി ലഭ്യമാക്കുകയുമെന്ന ഇരട്ട ലക്ഷ്യത്തോടെയാണ് ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ Manuscript Research and Preservation Centre (MRPC)-മായി സഹകരിച്ചാണ് ഗ്രന്ഥപ്പുര ഈ പദ്ധതി നടപ്പാക്കുന്നത്. കോളേജിലെ മലയാളവിഭാഗം അദ്ധ്യാപിക പ്രൊഫസർ ലിറ്റി ചാക്കോയുടെ നേതൃത്വവും സഹകരണവും ഈ സംരംഭത്തിന് വലിയ കരുത്താണ്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 2026 ജൂലൈ 29-ന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കും. ചടങ്ങിൽ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും ഭാവി പദ്ധതികളും അവതരിപ്പിക്കുന്നതോടൊപ്പം, താളിയോല പൈതൃക സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സംവാദവും ഉണ്ടായിരിക്കും.

ആദ്യഘട്ടത്തിൽ, നിലവിൽ ഞങ്ങളുടെ കൈവശം ലഭ്യമായ താളിയോല ശേഖരങ്ങൾ ഡിജിറ്റൈസ് ചെയ്യും. തുടർന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താളിയോല ശേഖരങ്ങൾ ഈ കേന്ദ്രത്തിലെത്തിച്ച്, അവ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ച് ഡിജിറ്റൈസ് ചെയ്ത് സുരക്ഷിതമായി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ തുടരും.

ഗ്രന്ഥപ്പുരയുടെ കാഴ്ചപ്പാടിൽ ഡിജിറ്റൈസേഷൻ രേഖകളുടെ സംരക്ഷണത്തിൽ അവസാനിക്കുന്നില്ല. സംരക്ഷിക്കപ്പെടുന്ന വിജ്ഞാനം ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടണം. അതുകൊണ്ടുതന്നെ, ഈ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൈസ് ചെയ്യുന്ന താളിയോലകൾ, ഗ്രന്ഥപ്പുരയിലൂടെ സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുന്നതാണ്. സ്വകാര്യ ശേഖരങ്ങളിൽ മാത്രം ഒതുങ്ങിക്കിടക്കുന്ന വിജ്ഞാനത്തെ സമൂഹത്തിൻ്റെ പൊതുസമ്പത്താക്കി മാറ്റുക എന്നത് ഗ്രന്ഥപ്പുരയുടെ പ്രധാന ലക്ഷ്യങ്ങളിലൊണല്ലോ.

താളിയോലകൾ അച്ചടി പുസ്തകങ്ങൾ പോലുള്ള സാധാരണ രേഖകളിൽ നിന്നു വ്യത്യസ്തമാണ്. അതിനാൽ തന്നെ അവയുടെ ഭൗതികസ്വഭാവവും സംരക്ഷണാവശ്യങ്ങളും കണക്കിലെടുത്തു കൊണ്ടുള്ള പ്രത്യേക പരിചരണവും ഡിജിറ്റൈസേഷൻ രീതികളും ആവശ്യമാണ്. ഈ മേഖലയിൽ ആവശ്യമായ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കുകയും, കേരളത്തിലെ താളിയോല പൈതൃക സംരക്ഷണത്തിന് ദീർഘകാല സംഭാവന നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.

ഈ പദ്ധതിയുടെ വിജയത്തിന് സമൂഹത്തിൻ്റെ പങ്കാളിത്തം അനിവാര്യമാണ്. തങ്ങളുടെ കൈവശമുള്ള താളിയോലകൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും ക്ഷേത്രങ്ങളെയും മഠങ്ങളെയും ലൈബ്രറികളെയും മറ്റ് സ്ഥാപനങ്ങളെയും ഈ സംരംഭത്തിൻ്റെ ഭാഗമാകാൻ ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

ഈ സംരംഭം യാഥാർഥ്യമാക്കുന്നതിന് ആത്മാർത്ഥമായ പിന്തുണയും സഹകരണവും നൽകിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൻ്റെ പ്രിൻസിപ്പലിനോടും മാനേജ്മെൻ്റിനോടും ഗ്രന്ഥപ്പുരയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച്, ഈ ആശയം പ്രാവർത്തികമാക്കുന്നതിൽ മുൻകൈയെടുത്ത് ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പ്രൊഫ. ലിറ്റി ചാക്കോയ്ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.

ഓരോ താളിയോലയും ഒരു ചരിത്രരേഖയാണ്. ഓരോ ഡിജിറ്റൈസേഷനും ഭാവിതലമുറയ്ക്കായി ആ ചരിത്രത്തെ സുരക്ഷിതമാക്കുന്ന ഒരു ചുവടുവയ്പ്പാണ്.

Read more

ഗ്രന്ഥപ്പുര ഇനി ഫെന്നിൻ്റെ ബംഗ്ലാവിൽ: സി.എം.എസ്. കോളേജിൽ പുതിയ കേന്ദ്രത്തിന് തുടക്കമായി

ഗ്രന്ഥപ്പുര ഇനി ഫെന്നിൻ്റെ ബംഗ്ലാവിൽ: സി.എം.എസ്. കോളേജിൽ പുതിയ കേന്ദ്രത്തിന് തുടക്കമായി

1821-ൽ കോട്ടയത്ത് സി.എം.എസ്. പ്രസ്സ് സ്ഥാപിതമായതോടെയാണ് മലയാള അച്ചടിയുടെ ചരിത്രം തുടങ്ങുന്നത്. റവ. ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ച ഈ പ്രസ്

By Shabna Safeer
ഉള്ളൂർ സ്മാരകത്തിൽ ഗ്രന്ഥപ്പുരയുടെ പുതിയ കേന്ദ്രം

ഉള്ളൂർ സ്മാരകത്തിൽ ഗ്രന്ഥപ്പുരയുടെ പുതിയ കേന്ദ്രം

"ഇവിടെ മാത്രമല്ല, നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളിൽ പലയിടത്തും ചിതലരിച്ചു നശിക്കുന്ന പുസ്തകങ്ങളുണ്ട്. അതും ഗ്രന്ഥപ്പുര ഏറ്റെടുക്കണം."

By Shabna Safeer
അക്ഷര മ്യൂസിയത്തിൽ ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു: എസ്.പി.സി.എസിൻ്റെ പുരാരേഖകൾക്ക് ഡിജിറ്റൽ സംരക്ഷണം

അക്ഷര മ്യൂസിയത്തിൽ ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു: എസ്.പി.സി.എസിൻ്റെ പുരാരേഖകൾക്ക് ഡിജിറ്റൽ സംരക്ഷണം

കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ സുപ്രധാനമായ ഒരു ചുവടുവയ്പ്പിന് 2026 ജൂലൈ 30-ന് തുടക്കമായി. എസ്.പി.സി.എസ്. (സാഹിത്യ

By shijualex