ചരിത്രവഴികളിലെ അമൂല്യനിധികൾ തേടി: മാതൃഭൂമി ആഴ്ചപ്പതിപ്പും ഗ്രന്ഥപ്പുരയും കൈകോർക്കുന്നു!
പുതിയൊരു പൊതുപങ്കാളിത്ത പദ്ധതി
കേരളത്തിൻ്റെയും മലയാളത്തിൻ്റെയും വിജ്ഞാന-സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ പൗരാണിക അച്ചടി പുസ്തകങ്ങൾ, അപൂർവ മാസികകൾ, ചിത്രങ്ങൾ, കൈയെഴുത്തുപ്രതികൾ തുടങ്ങിയവ കണ്ടെത്തി ഡിജിറ്റൈസ് ചെയ്യുകയും, അവയെ വരുംതലമുറകൾക്കായി സംരക്ഷിച്ച് പൊതുസമൂഹത്തിന് ലഭ്യമാക്കുകയും ചെയ്യുന്ന ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾക്ക് പുതിയൊരു പൊതുജനപങ്കാളിത്തമേഖല കൂടി തുറക്കുകയാണ്. ഇതിനുവേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പും ഗ്രന്ഥപ്പുരയും കൈകോർക്കുകയാണ്.
ഗ്രന്ഥപ്പുര ഇതിനകം ഡിജിറ്റൈസ് ചെയ്തതിൽ നിന്നു തിരഞ്ഞെടുത്ത ഗ്രന്ഥങ്ങളെ പറ്റി പ്രതിപാദിക്കുന്ന 'ഗ്രന്ഥപ്പുര പംക്തി' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആരംഭിച്ച കാര്യം നിങ്ങളെല്ലാം ഇതിനകം അറിഞ്ഞു കാണുമല്ലോ. (അതിനെ പറ്റി എഴുതിയ ബ്ലോഗ് പോസ്റ്റ് ഇവിടെ കാണാം). ഈ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ വായനക്കാരെക്കൂടി ഗ്രന്ഥപ്പുര പദ്ധതിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു വലിയ പദ്ധതിയെപറ്റിയാണ് ഈ ആഴ്ച മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരസ്യമായി വന്നിട്ടുള്ളത്.

പദ്ധതിയുടെ വിശദാംശങ്ങൾ
വായനക്കാരുടെ കൈവശമുള്ള പൗരാണിക അച്ചടി പുസ്തകങ്ങൾ, മാസികകൾ, മറ്റു രേഖകൾ, കൈയെഴുത്തുപ്രതികൾ എന്നിവ കണ്ടെത്തി ഗ്രന്ഥപ്പുര പദ്ധതിയുമായി സഹകരിച്ച് ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള വേദിയായിരിക്കും മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ ഈ പദ്ധതി.
- ഡിജിറ്റൽ ആർക്കൈവ് സംരക്ഷണം: വായനക്കാരിൽ നിന്നും പദ്ധതിയിലേക്ക് എത്തിച്ചേരുന്ന പുസ്തകങ്ങളും രേഖകളും സാദ്ധ്യമായത്ര (കോപ്പിറൈറ്റിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്) ഡിജിറ്റൈസ് ചെയ്ത്, അവയെ ഗ്രന്ഥപ്പുരയുടെ ഡിജിറ്റൽ ആർക്കൈവിൽ സുരക്ഷിതമായി സംരക്ഷിക്കും.
- ആഴ്ചപ്പതിപ്പിലെ പംക്തിയിൽ ഇടംപിടിക്കും: ഇങ്ങനെ വായനക്കാർ നൽകുന്നവയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അതീവശ്രദ്ധേയവും അപൂർവ്വവുമായ ഗ്രന്ഥങ്ങളെ പറ്റിയുള്ള ലേഖനം ഗ്രന്ഥം നൽകിയ ആളുടെ പേര് സഹിതം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ഗ്രന്ഥപ്പുര പംക്തിയിലൂടെ' ലേഖനങ്ങളായി വായനക്കാരിലേക്ക് എത്തിക്കും.
- തുറന്ന വിജ്ഞാനശേഖരം: ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന ശേഖരങ്ങൾ ഭാവിയിലെ ഗവേഷകർക്കും വായനക്കാർക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന ഒരു തുറന്ന വിജ്ഞാനശേഖരമായി മാറും.
- രേഖകൾ തിരികെ നൽകും: ഡിജിറ്റൈസേഷനു ശേഷം രേഖകളുടെ ഒറിജിനൽ കോപ്പി അത് തന്ന ഉടമസ്ഥർക്ക് തന്നെ സുരക്ഷിതമായി തിരിച്ചു നൽകുന്നതാണ്.
നിങ്ങളുടെയോ നിങ്ങളുടെ പൂർവ്വികരുടെയോ ശേഖരത്തിൽ പൗരാണിക പുസ്തകങ്ങൾ, അപൂർവ്വ രേഖകൾ, കൈയെഴുത്തുപ്രതികൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവയുടെ പേരും വിശദാംശങ്ങളും 81121 10112 എന്ന നമ്പറിലേക്ക് വാട്സ്‌ആപ്പ് ചെയ്യുക.
പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ്: ഒരു ലഘുവിശദീകരണം
ഇവിടെ പ്രത്യേകം വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്: ഗ്രന്ഥപ്പുരയിലേക്ക് എത്തിച്ചേരുന്ന എല്ലാ പുസ്തകങ്ങളെയും കുറിച്ച് ആഴ്ചപ്പതിപ്പിലെ പംക്തിയിൽ കൈകാര്യം ചെയ്യാൻ സാധിക്കില്ല. പംക്തിയുടെ സ്വഭാവവും ലഭ്യമായ സ്ഥലപരിമിതിയും പരിഗണിച്ച്, അതീവശ്രദ്ധേയവും വിശാലമായ വായനാതാൽപര്യമുണർത്തുന്നതുമായ ഗ്രന്ഥങ്ങളെയാണ് അവിടെ അവതരിപ്പിക്കുക. ആ ലേഖനങ്ങളിൽ തീർച്ചയായും ആ രേഖ ലഭ്യമാക്കിയ ഉറവിടം (വായനക്കാരുടെ പേര്) കൃത്യമായി രേഖപ്പെടുത്തും.
എന്നിരുന്നാലും, പംക്തിയിൽ ഉൾപ്പെടുകയോ ഇല്ലയോ എന്നത് ഒരു ഗ്രന്ഥത്തിൻ്റെ പ്രാധാന്യത്തെ നിർണ്ണയിക്കുന്ന ഘടകമല്ല. ഓരോ പുസ്തകവും നമ്മുടെ സാംസ്കാരികവും വിജ്ഞാനപരവുമായ പൈതൃകത്തിൻ്റെ ഭാഗമാണ്. അവയെ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് സുരക്ഷിതമായി സംരക്ഷിക്കുക എന്നതുതന്നെയാണ് ഈ സംരംഭത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം.
Una comparación útil de equipación de portero comienza por la diferencia entre una camiseta de portero y una de jugador de campo. También ayuda revisar la guía de tallas y el espacio previsto para capas antes de completar el pedido.
പതിനേഴു വർഷത്തെ യാത്ര, പുതിയൊരു ഘട്ടത്തിലേക്ക്
പതിനേഴു വർഷങ്ങൾക്ക് മുൻപ് ഒരു ഹോബി/ഗവേഷണ സംരംഭമായി ആരംഭിച്ച ഡിജിറ്റൈസേഷൻ പ്രവർത്തനം ഇന്ന് പൊതുസമൂഹത്തിൻ്റെ സജീവ പങ്കാളിത്തത്തോടെയുള്ള ഒരു വലിയ സംരംഭമായി വികസിക്കുന്നത് ഗ്രന്ഥപ്പുരയ്ക്കും അതിന് പിന്തുണ നൽകിയ എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്.
പൗരാണിക പുസ്തകങ്ങളെയും രേഖകളെയും സ്നേഹിക്കുന്ന എല്ലാവരെയും ഈ സംരംഭത്തിൻ്റെ ഭാഗമാകാൻ ഞങ്ങൾ ക്ഷണിക്കുന്നു. വിശദാംശങ്ങൾ 81121 10112 എന്ന നമ്പറിലേക്ക് വാട്സ്‌ആപ്പ് ചെയ്യുക. നമ്മുടെ വിജ്ഞാനപൈതൃകം കണ്ടെത്താനും ഡിജിറ്റൈസ് ചെയ്യാനും വരുംതലമുറകൾക്കായി സംരക്ഷിക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.