മാതൃഭൂമി ആഴ്ചപതിപ്പിൽ ‘ഗ്രന്ഥപ്പുര’ പംക്തിക്ക് തുടക്കം

Share
മാതൃഭൂമി ആഴ്ചപതിപ്പിൽ ‘ഗ്രന്ഥപ്പുര’ പംക്തിക്ക് തുടക്കം

ഗ്രന്ഥപ്പുര ഡിജിറ്റൽ ആർക്കൈവിന്റെ പുതിയ സംരംഭം

കേരളവുമായി ബന്ധപ്പെട്ട വിവിധ അപൂർവ ഗ്രന്ഥങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന പുതിയ ഒരു ശ്രമത്തിനു കൂടി തുടക്കമായി. മാതൃഭൂമി ആഴ്ചപതിപ്പിൽ ‘ഗ്രന്ഥപ്പുര’ എന്ന പേരിൽ ഒരു പംക്തി ആരംഭിച്ചിരിക്കുകയാണ്. ഈ പംക്തി ഷിജു അലക്സും എം.ടി. ശശിയും (റിസർച്ച് ഓഫീസർ, എസ്.സി.ഇ.ആർ.ടി.) ചേർന്നാണ് തയ്യാറാക്കുന്നത്.

മാതൃഭൂമി ആഴ്ചപതിപ്പിലെ ഗ്രന്ഥപ്പുര പംക്തിയുടെ പരസ്യം

ഗ്രന്ഥപ്പുര എന്ന കേരളത്തിൻ്റെ ഡിജിറ്റൽ ആർക്കൈവിങ്ങ് പദ്ധതിയിലൂടെ (https://gpura.org/) കഴിഞ്ഞ കുറേ വർഷങ്ങളായി കേരളവുമായി ബന്ധപ്പെട്ട 8000ത്തിൽ പരം പൗരാണിക പുസ്തകങ്ങൾ, ആനുകാലികങ്ങൾ, നിഘണ്ടുക്കൾ, അപൂർവ രേഖകൾ, ഭൂപടങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയ രേഖപ്പെടുത്തലുകൾ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ആ പ്രവർത്തനങ്ങളുടെ ഒരു സ്വാഭാവിക വിപുലീകരണമായിട്ടാണ് ഈ പംക്തിയെ കാണുന്നത്.

മലയാളത്തിലെ ആദ്യകാല അച്ചടിപുസ്തകങ്ങൾ പലതും ഇന്ന് പൊതുസ്മൃതിയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമെയാണ് ഒറ്റപ്രതി മാത്രമുള്ള കൈയെഴുത്തു രേഖകൾ. ഒരുകാലത്ത് വായിക്കപ്പെട്ടും പഠിക്കപ്പെട്ടും ചർച്ചചെയ്യപ്പെട്ടുമിരുന്ന നിരവധി ഗ്രന്ഥങ്ങൾ ഇന്ന് ചുരുക്കം ചില ഗവേഷകരുടെ പരിധിക്കുള്ളിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ചിലതൊക്കെ എല്ലാവർക്കും അപ്രാപ്യമായിരിക്കുന്നു. അത്തരം ശേഖരങ്ങൾ കണ്ടെത്തുകയും അതിൻ്റെ ഉടമസ്ഥരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി അത്തരം രേഖകൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ഗ്രന്ഥപ്പുര നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ സംരക്ഷിക്കപ്പെട്ട രേഖകളിൽ പ്രധാനപ്പെട്ട ചിലതിനെ വീണ്ടും സാധാരണ വായനക്കാരുടെ മുന്നിലെത്തിക്കുക എന്നതാണ് മാതൃഭൂമിയിലെ ഗ്രന്ഥപ്പുര പംക്തിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.

ആദ്യ ലേഖനം, മലയാളത്തിലെ ആദ്യകാല വൈജ്ഞാനഗ്രന്ഥങ്ങളിലൊന്നായ ‘മൃഗചരിതം’ എന്ന കൃതിയെക്കുറിച്ചായിരുന്നു. തുടർന്ന് ‘ശരീരശാസ്ത്രം’, ‘കേരളചക്രവർത്തി ഉദയമാർത്താണ്ഡൻ’, ‘പ്രകൃതിശാസ്ത്രം’ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പഴയ ഗ്രന്ഥങ്ങളുടെ ചരിത്രം മാത്രം അവതരിപ്പിക്കുകയല്ല, അവയുടെ സാമൂഹികവും സാംസ്കാരികവും വിജ്ഞാനപരവുമായ പശ്ചാത്തലവും ഈ പംക്തിയിലൂടെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

പംക്തിയിലെ ആദ്യത്തെത് 1858ൽ പ്രസിദ്ധീകരിച്ച മൃഗചരിതം എന്ന പുസ്തകത്തെ പറ്റിയായിരുന്നു

കേരളത്തിൻ്റെ എഴുത്തു സംസ്കാരത്തിൻ്റെയും അച്ചടി സംസ്കാരത്തിന്റെയും വളർച്ച, മലയാളത്തിലെ ആദ്യകാല ചരിത്ര-വൈജ്ഞാനിക-ശാസ്ത്രഗ്രന്ഥങ്ങൾ, ബാലസാഹിത്യം, നിഘണ്ടുക്കൾ, ചിത്രപുസ്തകങ്ങൾ, അപൂർവ മാസികകൾ തുടങ്ങിയ നിരവധി മേഖലകളിലുള്ള രേഖകൾ വരും ലക്കങ്ങളിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

പഴയ രേഖകൾ വെറും പഴക്കമുള്ള വസ്തുക്കളല്ല; അവ ഓരോ കാലഘട്ടത്തിന്റെ ചിന്താരീതികളുടെയും ഭാഷാവികാസത്തിന്റെയും അറിവിന്റെ പ്രചരണത്തിന്റെയും സാക്ഷ്യങ്ങളാണ്. അവയെ വീണ്ടും വായനയുടെ ഭാഗമാക്കാനുള്ള ചെറിയൊരു ശ്രമമായാണ് ഈ ‘ഗ്രന്ഥപ്പുര’ പംക്തിയെ കാണുന്നത്.

ഈ ശ്രമത്തിന് പിന്തുണ നൽകിയ മാതൃഭൂമി ആഴ്ചപതിപ്പിനും, പ്രത്യേകിച്ച് ആഴ്ചപതിപ്പിൻ്റെ എഡിറ്റർ സുഭാഷ് ചന്ദ്രൻ, വിവിധ ശേഖരങ്ങളിൽ നിന്നുള്ള ഗ്രന്ഥങ്ങൾ സംരക്ഷിച്ച് ലഭ്യമാക്കാൻ സഹകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എല്ലാം നന്ദി.

ലേഖനങ്ങളിൽ പരാമർശിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പുകൾ ഗ്രന്ഥപ്പുരയിൽ ലഭ്യമാണ്: https://gpura.org

Read more

അക്ഷര മ്യൂസിയത്തിൽ ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു: എസ്.പി.സി.എസിൻ്റെ പുരാരേഖകൾക്ക് ഡിജിറ്റൽ സംരക്ഷണം

അക്ഷര മ്യൂസിയത്തിൽ ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു: എസ്.പി.സി.എസിൻ്റെ പുരാരേഖകൾക്ക് ഡിജിറ്റൽ സംരക്ഷണം

കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ സുപ്രധാനമായ ഒരു ചുവടുവയ്പ്പിന് 2026 ജൂലൈ 30-ന് തുടക്കമായി. എസ്.പി.സി.എസ്. (സാഹിത്യ

By shijualex
ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

കേരളീയ വിജ്ഞാനപൈതൃകത്തിൻ്റെ വലിയൊരു പങ്ക് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് താളിയോലകളിലാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ രേ

By shijualex
പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

പ്രമുഖ ചരിത്രകാരനും അദ്ധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഗ്രന്ഥപ്പുരയിലൂ

By shijualex