ഗ്രന്ഥപ്പുര ഇനി ഫെന്നിൻ്റെ ബംഗ്ലാവിൽ: സി.എം.എസ്. കോളേജിൽ പുതിയ കേന്ദ്രത്തിന് തുടക്കമായി
1821-ൽ കോട്ടയത്ത് സി.എം.എസ്. പ്രസ്സ് സ്ഥാപിതമായതോടെയാണ് മലയാള അച്ചടിയുടെ ചരിത്രം തുടങ്ങുന്നത്. റവ. ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ച ഈ പ്രസ്സ് കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു. മലയാള അക്ഷരങ്ങളുടെ ആധുനിക രൂപം ആദ്യമായി വാർത്തതും, ആദ്യത്തെ നിഘണ്ടുക്കളും മലയാള ബൈബിളും അച്ചടിച്ചതും ഇവിടെ വെച്ചായിരുന്നു. രണ്ട് നൂറ്റാണ്ടിലധികമായി, മലയാള അച്ചടിയുടെ ഈ ജന്മസ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ അമൂല്യ ഗ്രന്ഥങ്ങൾ ലോകമെമ്പാടും ചിതറിക്കിടക്കുന്നു.
അതിലൊന്നാണ് 1860-ൽ റെവ. ജെ.ജി. ബ്യൂട്ട്‌ലർ സി.എം.എസ്. പ്രസ്സിൽ അച്ചടിച്ച മൃഗചരിതം, 35 വർണ്ണചിത്രങ്ങളോടെ പുറത്തുവന്ന, മലയാളത്തിലെ ആദ്യകാല ചിത്രീകൃത ശാസ്ത്രഗ്രന്ഥങ്ങളിലൊന്ന്. ആ പുസ്തകത്തിൻ്റെ ഒരു പ്രതി ഇന്ന് ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ്. ഗ്രന്ഥപ്പുര കോട്ടയത്ത് അച്ചടിച്ച ആ ഗ്രന്ഥത്തെ ഡിജിറ്റൈസ് ചെയ്ത് വീണ്ടും മലയാളികൾക്ക് സൗജന്യമായി ലഭ്യമാക്കി . ഇതുപോലെ, സി.എം.എസ്. പ്രസ്സിൽ അച്ചടിച്ച നിരവധി ഗ്രന്ഥങ്ങൾ ഇതിനകം ഗ്രന്ഥപ്പുരയുടെ ശേഖരത്തിൻ്റെ ഭാഗമായിട്ടുണ്ട്.
സി.എം.എസ്. പ്രസ്സിൽ അച്ചടിച്ച പുസ്തകങ്ങൾ ലോകമെമ്പാടും തിരഞ്ഞുപിടിച്ച് ഡിജിറ്റലായി തിരികെ കൊണ്ടുവന്ന ഗ്രന്ഥപ്പുര, ഇന്ന് ആ അച്ചടിയുടെ ജന്മസ്ഥലത്ത് തന്നെ മറ്റൊരു കേന്ദ്രം തുറന്നിരിക്കുകയാണ്.
കോളേജ് കാമ്പസിലെ ചരിത്രപ്രാധാന്യമുള്ള ഫെന്നിൻ്റെ ബംഗ്ലാവിലാണ് ഈ പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത് - രണ്ടാമത് പ്രിൻസിപ്പലായിരുന്ന റവ. ജോസഫ് ഫെൻ പണികഴിപ്പിച്ച കെട്ടിടം. ബെയ്‌ലി, ഫെൻ, ഹെൻറി ബേക്കർ സീനിയർ എന്നിവർ ചേർന്ന "കോട്ടയം ത്രയ"ത്തിലെ ഒരാളായിരുന്നു ഫെൻ; 1819-ൽ അദ്ദേഹം ആരംഭിച്ച ഗ്രാമർ സ്കൂളാണ് 1838-ൽ സി.എം.എസ്. കോളേജായി വളർന്നത്.
പിന്നീട് വന്ന പ്രിൻസിപ്പൽ റിച്ചാർഡ് കോളിൻസിൻ്റെ പേരിലാണ് ഇന്ന് കോളേജ് ലൈബ്രറി അറിയപ്പെടുന്നത്. സി.എം.എസ്. പ്രൊസീഡിംഗ്‌സ്, മിഷനറി രജിസ്റ്റർ തുടങ്ങിയ അപൂർവ്വ ചരിത്രരേഖകൾ ഉൾപ്പെടെ, രണ്ട് നൂറ്റാണ്ടിലധികമായി ശേഖരിക്കപ്പെട്ട അമൂല്യ ഗ്രന്ഥങ്ങൾ ഇന്ന് ഈ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു.
2026 സെപ്റ്റംബർ 9-ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം 2:30-ന്, സി.എം.എസ്. കോളേജ് അക്കാദമിക് തീയേറ്ററിൽ നടന്ന ചടങ്ങിൽ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പും സി.എം.എസ്. കോളേജ് മാനേജരും പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുചർച്ച ഫാ. ഡോ. ജോർജ്ജ് കടിലിൽ ഉദ്ഘാടനം ചെയ്തു; ഡോ. അഞ്ജു ശോശന്ന ജോർജ്ജ് അധ്യക്ഷത വഹിച്ചു. റവ. ജിജി ജോൺ ജേക്കബ്, റവ. ഡോ. ഷിജു സാമുവൽ, ഡോ. റീന ജേക്കബ്, ഡോ. ബാബു ചെറിയാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുത്ത പലരും തങ്ങളുടെ കൈവശമുള്ള അപൂർവ്വ ഗ്രന്ഥങ്ങൾ ഗ്രന്ഥപ്പുരയ്ക്ക് കൈമാറാൻ മുന്നോട്ടുവന്നു എന്നത് ചടങ്ങിൻ്റെ ഒരു പ്രത്യേകതയായിരുന്നു. വാഴ്ത്തപ്പെട്ട ചാവറ അച്ചൻ്റെ ജീവചരിത്രം ഉൾപ്പെടെ പഴയ പുസ്തകങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത്തരം സ്വാഭാവികമായ പങ്കാളിത്തമാണ് ഗ്രന്ഥപ്പുരയുടെ പ്രവർത്തനത്തെ ഒരു സ്ഥാപനത്തിൻ്റെ മാത്രം ദൗത്യമല്ലാതാക്കുന്നത്.

കോളിൻസ് ലൈബ്രറിയുമായി ചേർന്ന് ഗ്രന്ഥപ്പുര ചെയ്യാൻ പോകുന്നത്
കോളിൻസ് ലൈബ്രറിയുടെ ശേഖരത്തിലുള്ള അപൂർവ ഗ്രന്ഥങ്ങൾ, കൈയെഴുത്തുപ്രതികൾ, സി.എം.എസ്. പ്രൊസീഡിംഗ്‌സ്, മിഷനറി രജിസ്റ്റർ പോലുള്ള പഴയ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്നത്.ഗ്രന്ഥപ്പുരയുടെ പൊതുജനപ്രവേശന നയത്തിനും നിലവിലുള്ള പകർപ്പവകാശ നിയമങ്ങൾക്കും അനുസൃതമായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. പൊതുവേ പകർപ്പവകാശ സംരക്ഷണകാലാവധി കഴിഞ്ഞ രേഖകൾക്കാണ് മുൻഗണന.

അച്ചടി പടർത്തിയത്, ഡിജിറ്റൈസേഷൻ തിരികെ ചേർക്കുന്നു
200 വർഷം മുൻപ്, അച്ചടി എന്നത് അറിവിനെ ഒരിടത്തുനിന്ന് പലയിടങ്ങളിലേക്ക് പടർത്താനുള്ള ഒരു മാർഗ്ഗമായിരുന്നു. കോട്ടയത്ത് അച്ചടിച്ച ഒരു പുസ്തകം കപ്പൽ കയറി ജർമ്മനിയിൽ എത്തിയതുപോലെ. ഇന്ന്, ഡിജിറ്റൈസേഷൻ ആ ചിതറിപ്പോയ അറിവിനെ വീണ്ടും ഒരുമിച്ചു ചേർക്കാനുള്ള ഒരു മാർഗ്ഗമായി മാറിയിരിക്കുന്നു. കോളിൻസ് ലൈബ്രറിയിൽ ആരംഭിച്ച ഈ കേന്ദ്രം, ആ ചേർത്തുവെക്കലിൻ്റെ ഏറ്റവും പുതിയ അധ്യായമാണ്.
നിങ്ങളുടെ കൈവശം ചരിത്രപ്രാധാന്യമുള്ള പുസ്തകങ്ങളോ കൈയെഴുത്തുപ്രതികളോ കത്തുകളോ മറ്റ് പുരാരേഖകളോ ഉണ്ടെങ്കിൽ, അവ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ ഗ്രന്ഥപ്പുരയുമായി ബന്ധപ്പെടാം. [email protected] എന്ന വിലാസത്തിലേക്ക് മെയിലയക്കുകയോ +91-8112-110112 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക.