അക്ഷര മ്യൂസിയത്തിൽ ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു: എസ്.പി.സി.എസിൻ്റെ പുരാരേഖകൾക്ക് ഡിജിറ്റൽ സംരക്ഷണം

Share
അക്ഷര മ്യൂസിയത്തിൽ ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു: എസ്.പി.സി.എസിൻ്റെ പുരാരേഖകൾക്ക് ഡിജിറ്റൽ സംരക്ഷണം

കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ സുപ്രധാനമായ ഒരു ചുവടുവയ്പ്പിന് 2026 ജൂലൈ 30-ന് തുടക്കമായി. എസ്.പി.സി.എസ്. (സാഹിത്യ പ്രവർത്തക സഹകരണ സംഘം) യുടെ അക്ഷര മ്യൂസിയത്തിൽ ഗ്രന്ഥപ്പുരയുടെ പുതിയ ഡിജിറ്റൈസേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പുരാരേഖകളെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുകയും ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. കേരളസർക്കാരിൻ്റെ ഔദ്യോഗിക ഡിജിറ്റൈസേഷൻ സംരംഭമായ C-DIT മായി സഹകരിച്ചാണ് ഗ്രന്ഥപ്പുര അക്ഷരമ്യൂസിയത്തിലെ ഡിജിറ്റൈസെഷൻ പ്രവർത്തനം നടത്താൻ പോകുന്നത്.

2026 ജൂലൈ 30 ഉച്ചകഴിഞ്ഞ് 3 മണിക്ക് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിൽ അക്ഷര മ്യൂസിയം അധികൃതർ, എസ്.പി.സി.എസ്. പ്രതിനിധികൾ, ഗ്രന്ഥപ്പുരയുടെ പ്രവർത്തകർ, ഗവേഷകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എസ്.പി.സി.എസ്. പ്രസിഡൻ്റ് പി.കെ. ഹരികുമാർ ആണ് അക്ഷരമ്യൂസിയത്തിലെ ഡിജിറ്റൈസേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരായ പോൾ മണലിലും കുര്യാസ് കുമ്പളക്കുഴിയും ആശംസകൾ നേർന്ന് സംസാരിച്ചു.

എസ്.പി.സി.എസ്. പ്രസിഡൻ്റ് പി.കെ. ഹരികുമാർ ഉദ്ഘാടനപ്രസംഗം നടത്തുന്നു

ഡിജിറ്റൈസേഷൻ വെറും സ്കാനിംഗ് മാത്രമല്ല; നഷ്ടപ്പെട്ടുപോകാൻ സാധ്യതയുള്ള അറിവിനെ ഭാവിയിലേക്ക് സുരക്ഷിതമായി കൈമാറുന്ന പ്രക്രിയയാണെന്ന സന്ദേശമാണ് ചടങ്ങിൽ പ്രധാനമായും ഉയർന്നുവന്നത്.

ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ച സദസ്സ്

എസ്.പി.സി.എസിൻ്റെ പ്രാധാന്യം

1945-ൽ കോട്ടയത്ത് 12 എഴുത്തുകാർ ചേർന്ന് രൂപം നൽകിയ സാഹിത്യപ്രവർത്തക സഹകരണ സംഘം (SPCS) മലയാള സാഹിത്യചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പ്രസാധന സ്ഥാപനങ്ങളിലൊന്നാണ്. എഴുത്തുകാർക്ക് അവരുടെ കൃതികൾ പ്രസിദ്ധീകരിക്കാനും സാമ്പത്തിക സുരക്ഷയും സാമൂഹിക അംഗീകാരവും ഉറപ്പാക്കാനുമെന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണസംഘം രൂപീകരിക്കപ്പെട്ടത്. 

എസ്.പി.സി.എസ്. ഇതുവരെ 8,400-ലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും 5,400-ലധികം ഗ്രന്ഥങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച സാഹിത്യകൃതികളിൽ വലിയൊരു പങ്കും എസ്.പി.സി.എസ്. മുഖേനയാണ് വായനക്കാരിലെത്തിയത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ ഭൂരിപക്ഷവും ഈ സഹകരണസംഘത്തിലെ അംഗങ്ങളാണ്. വിദേശഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളും ഇന്ത്യൻ ഭാഷകളിലെ ക്ലാസിക് കൃതികളും പ്രസിദ്ധീകരിച്ച് മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നതിലും എസ്.പി.സി.എസ്. നിർണായക പങ്കുവഹിച്ചു.

പുസ്തകവിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എസ്.പി.സി.എസ്.  ആരംഭിച്ച നാഷണൽ ബുക്ക് സ്റ്റാൾ (NBS) കേരളത്തിലെ ഏറ്റവും പരിചിതമായ പുസ്തകവിതരണ ശൃംഖലകളിലൊന്നായി മാറി. ഇന്ന് അഡ്വ. പി.കെ. ഹരികുമാറിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.പി.സി.എസ്., മലയാള എഴുത്തുകാരുടെ അവകാശസംരക്ഷണത്തിനും കേരളത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയാണ്.

എസ്.പി.സി.എസുമായി ചേർന്ന് ഗ്രന്ഥപ്പുര ചെയ്യാൻ പോകുന്നത്

ഈ ഡിജിറ്റൈസേഷൻ കേന്ദ്രത്തിൻ്റെ ലക്ഷ്യം എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുക എന്നതല്ല. മറിച്ച്, എസ്.പി.സി.എസിൻ്റെ ശേഖരത്തിലുള്ള അപൂർവ ഗ്രന്ഥങ്ങൾ, കൈയെഴുത്തുപ്രതികൾ, എഴുത്തുകാരുടെ സ്വകാര്യ രേഖകൾ, കത്തുകൾ, ഫോട്ടോകൾ, മാസികകൾ, ബുള്ളറ്റിനുകൾ തുടങ്ങി മലയാളത്തിൻ്റെ സാഹിത്യ-സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട അമൂല്യമായ പുരാരേഖകളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്നത്. കേരളത്തിൻ്റെ സാഹിത്യചരിത്രത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രാഥമിക സ്രോതസ്സുകളാണ് ഇവയിൽ മിക്കതും.

എസ്.പി.സി.എസ്. പ്രസിഡൻ്റ് പി.കെ. ഹരികുമാർ സ്കാനിങ് പ്രവർത്തനത്തിനു തുടക്കം കുറിക്കുന്നു

ഗ്രന്ഥപ്പുരയുടെ പൊതുജനപ്രവേശന നയത്തിനും നിലവിലുള്ള പകർപ്പവകാശ (Copyright) നിയമങ്ങൾക്കും അനുസൃതമായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. അതിനാൽ, പൊതുവേ നിലവിൽ പകർപ്പവകാശ സംരക്ഷണകാലാവധി കഴിഞ്ഞ രേഖകൾക്കാണ് മുൻഗണന നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതിൽ പ്രധാനമായും 1966-ന് മുമ്പുള്ള രേഖകളാണ് ഉൾപ്പെടുന്നത്. ഇതിലൂടെ വിലപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമാക്കുന്നതിനൊപ്പം, അവ ഗവേഷകർക്കും പൊതുസമൂഹത്തിനും നിയമപരമായി ലഭ്യമാക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കും.

എസ്.പി.സി.എസിൻ്റെ ശേഖരങ്ങളുടെ ഡിജിറ്റൈസേഷനിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കേന്ദ്രത്തിൻ്റെ പ്രവർത്തനം. അതോടൊപ്പം സ്വകാര്യ വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ചരിത്രപ്രാധാന്യമുള്ള പഴയ പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, കത്തുകൾ, ഫോട്ടോകൾ, മാസികകൾ, മറ്റ് പുരാരേഖകൾ എന്നിവയും ഇവിടെ ഡിജിറ്റൈസ് ചെയ്യാൻ അവസരമൊരുക്കും. ഇത്തരത്തിൽ സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന വിജ്ഞാനപൈതൃകം കണ്ടെത്തി സംരക്ഷിക്കുന്ന ഒരു പൊതുസേവനകേന്ദ്രമായാണ് ഈ ഡിജിറ്റൈസേഷൻ കേന്ദ്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്.

ഗ്രന്ഥപ്പുരയുടെ ദൗത്യം വിപുലമാകുന്നു

കേരളവുമായി ബന്ധപ്പെട്ട വിജ്ഞാനപൈതൃകത്തെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ച് എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയാണ് ഗ്രന്ഥപ്പുര. പുസ്തകങ്ങൾ, താളിയോലകൾ, കൈയെഴുത്തുപ്രതികൾ, പത്രങ്ങൾ, മാസികകൾ, ഫോട്ടോകൾ, ഓഡിയോ-വീഡിയോ രേഖകൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങൾ ഇന്ന് ഗ്രന്ഥപ്പുരയിലൂടെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും ലഭ്യമാണ്.

അക്ഷര മ്യൂസിയത്തിൽ ആരംഭിച്ച പുതിയ ഡിജിറ്റൈസേഷൻ കേന്ദ്രം ഗ്രന്ഥപ്പുരയുടെ ശൃംഖലയിൽ മറ്റൊരു പ്രധാന നാഴികക്കല്ലാണ്. സമൂഹത്തിൻ്റെ സഹകരണത്തോടെ കൂടുതൽ പുരാരേഖകൾ കണ്ടെത്തി ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുകയും നിയമപരമായി പൊതുസമൂഹത്തിന് ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ഗ്രന്ഥപ്പുരയുടെ തുടർലക്ഷ്യം. 

ഒരു സമൂഹത്തിൻ്റെ ചരിത്രം അതിൻ്റെ കെട്ടിടങ്ങളിലും സ്മാരകങ്ങളിലും മാത്രമല്ല, പുസ്തകങ്ങളിലും കത്തുകളിലും കൈയെഴുത്തുപ്രതികളിലും ഫോട്ടോകളിലും കൂടിയാണ് ജീവിക്കുന്നത്. അത്തരം രേഖകളെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ച് വരുംതലമുറകൾക്ക് കൈമാറാനുള്ള ദീർഘകാല ശ്രമത്തിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് അക്ഷര മ്യൂസിയത്തിലെ ഈ പുതിയ ഡിജിറ്റൈസേഷൻ കേന്ദ്രം.

നിങ്ങളുടെ കൈവശം ചരിത്രപ്രാധാന്യമുള്ള പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, കത്തുകൾ, ഫോട്ടോകൾ, മറ്റ് പുരാരേഖകൾ എന്നിവ ഉണ്ടെങ്കിൽ, അവ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ ഗ്രന്ഥപ്പുരയുമായി ബന്ധപ്പെടാം. [email protected] എന്ന വിലാസത്തിലേക്ക് മെയിലയക്കുകയോ +91-8112-110112 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക. സമൂഹത്തിൻ്റെ സഹകരണത്തിലൂടെയാണ് കേരളത്തിൻ്റെ വിജ്ഞാനപൈതൃകം ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നത്. 

Read more

ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

കേരളീയ വിജ്ഞാനപൈതൃകത്തിൻ്റെ വലിയൊരു പങ്ക് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് താളിയോലകളിലാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ രേ

By shijualex
പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

പ്രമുഖ ചരിത്രകാരൻ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

പ്രമുഖ ചരിത്രകാരനും അദ്ധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ കെ.കെ.എൻ. കുറുപ്പിൻ്റെ രചനകൾ ഗ്രന്ഥപ്പുരയിലൂ

By shijualex
ചക്കോരത്തുകുളം ഐക്യകേരള വായനശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

ചക്കോരത്തുകുളം ഐക്യകേരള വായനശാലയിൽ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

കേരളരേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിലെ നടക്കാവ്, ചക്കോരത്തുകുളത്ത് പ്രവർത്

By shijualex