ഉള്ളൂർ സ്മാരകത്തിൽ ഗ്രന്ഥപ്പുരയുടെ പുതിയ കേന്ദ്രം
"ഇവിടെ മാത്രമല്ല, നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളിൽ പലയിടത്തും ചിതലരിച്ചു നശിക്കുന്ന പുസ്തകങ്ങളുണ്ട്. അതും ഗ്രന്ഥപ്പുര ഏറ്റെടുക്കണം."
ഉള്ളൂർ സ്മാരകത്തിൽ ഗ്രന്ഥപ്പുരയുടെ പുതിയ ഡിജിറ്റൈസേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക, സിനിമാ വകുപ്പുമന്ത്രി ശ്രീ. പി.സി. വിഷ്ണുനാഥ് നടത്തിയ അഭ്യർത്ഥന ഒരു ചടങ്ങിൻ്റെ ഔപചാരികതയ്ക്കപ്പുറം ഒരു മുന്നറിയിപ്പു കൂടിയായിരുന്നു.
2026 സെപ്റ്റംബർ 8-ന് രാവിലെ 10 മണിക്ക്, തിരുവനന്തപുരം ഡി.പി.ഐ. ജങ്ഷനിലുള്ള മഹാകവി ഉള്ളൂർ സ്മാരകം ഗവേഷണകേന്ദ്രത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഗ്രന്ഥപ്പുരയും ഉള്ളൂർ സ്മാരകവും തമ്മിലുള്ള ധാരണാപത്രം കൈമാറ്റം ചെയ്യപ്പെട്ടു. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ശ്രീ. ജി. വിജയരാഘവൻ മുഖ്യാതിഥിയായി പങ്കെടുത്തു.

തൻ്റെ പ്രസംഗത്തിൽ, ഗ്രന്ഥപ്പുര ഡയറക്ടർ ഷിജു അലക്സിന് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. മലയാളത്തിലെ ആദ്യത്തെ അച്ചടിപ്പുസ്തകമായ സംക്ഷേപവേദാർത്ഥം ഗ്രന്ഥപ്പുര ഡിജിറ്റൈസ് ചെയ്തതുൾപ്പെടെയുള്ള ഉദാഹരണങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. തുടർന്ന്, സാംസ്കാരിക സ്ഥാപനങ്ങൾ സന്ദർശിച്ചപ്പോൾ ചിതലരിച്ച നിലയിൽ കണ്ട പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു ഇക്കാര്യം അധികൃതരോട് സംസാരിക്കുമെന്നും, ഇത്തരം അപൂർവ ശേഖരങ്ങൾ കൂടി ഗ്രന്ഥപ്പുര ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ അഭ്യർത്ഥന യാദൃച്ഛികമല്ല. കുമാരനാശാനും വള്ളത്തോളിനുമൊപ്പം മലയാള കവിത്രയത്തിൽ ഒരാളായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ സ്മരണയ്ക്കായി 1956-ൽ സ്ഥാപിതമായതാണ് ഈ സ്ഥാപനം. കവി മാത്രമല്ല, ഒരു ചരിത്രകാരൻ കൂടിയായിരുന്നു ഉള്ളൂർ അദ്ദേഹത്തിൻ്റെ മരണശേഷം അഞ്ച് വാല്യങ്ങളായി പുറത്തിറങ്ങിയ "കേരള സാഹിത്യ ചരിത്രം" ഇന്നും മലയാള സാഹിത്യചരിത്ര പഠനത്തിലെ ഏറ്റവും സമഗ്രമായ കൃതികളിലൊന്നാണ്. 1966-ൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനാണ് ജഗതിയിലെ ഇന്നത്തെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആ ബൃഹത്തായ രചനയ്ക്കായി ഉള്ളൂർ ശേഖരിച്ച അമൂല്യമായ റഫറൻസ് ഗ്രന്ഥങ്ങളും രേഖകളും ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ ഡിജിറ്റൈസേഷൻ കേന്ദ്രത്തിലൂടെ അവ തന്നെയാണ് ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കപ്പെടാൻ പോകുന്നത്.
ഗ്രന്ഥപ്പുരയുടെ പൊതുജനപ്രവേശന നയത്തിനും നിലവിലുള്ള പകർപ്പവകാശ നിയമങ്ങൾക്കും അനുസൃതമായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. പൊതുവേ പകർപ്പവകാശ സംരക്ഷണകാലാവധി കഴിഞ്ഞ രേഖകൾക്കാണ് മുൻഗണന നൽകുന്നത്. ഇതിലൂടെ വിലപ്പെട്ട രേഖകൾ സുരക്ഷിതമാക്കുന്നതിനൊപ്പം, അവ ഗവേഷകർക്കും പൊതുസമൂഹത്തിനും നിയമപരമായി ലഭ്യമാക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കും.

മന്ത്രിയുടെ അഭ്യർത്ഥന ഗ്രന്ഥപ്പുരയുടെ ദൗത്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു. കേരളവുമായി ബന്ധപ്പെട്ട വിജ്ഞാനപൈതൃകത്തെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ച് എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. ഒരു സ്ഥാപനത്തിൻ്റെയോ ഒരു ശേഖരത്തിൻ്റെയോ പരിധിയിൽ ഒതുങ്ങുന്നതല്ല ഈ ദൗത്യം - ഒരു നാടിൻ്റെ വിവിധ കോണുകളിൽ ചിതറിക്കിടക്കുന്ന, കാലത്തിൻ്റെ സ്വാഭാവിക നാശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അറിവിനെ കണ്ടെത്തി സംരക്ഷിക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ കൈവശമോ, അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും സ്ഥാപനത്തിൻ്റെ കൈവശമോ, ചരിത്രപ്രാധാന്യമുള്ള പുസ്തകങ്ങളോ കൈയെഴുത്തുപ്രതികളോ കത്തുകളോ മറ്റ് പുരാരേഖകളോ ഉണ്ടെങ്കിൽ, അവ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ ഗ്രന്ഥപ്പുരയുമായി ബന്ധപ്പെടാം. [email protected] എന്ന വിലാസത്തിലേക്ക് മെയിലയക്കുകയോ +91-8112-110112 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക.