ഗ്രന്ഥപ്പുര 10,000 കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു
03 സെപ്റ്റംബർ 2026
ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ കേരള ഡിജിറ്റൽ ആർക്കൈവിംഗ് പദ്ധതിയായ ഗ്രന്ഥപ്പുര 10,000 കേരളരേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കിക്കൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
19 ഭാഷകളിലുള്ള 10,000-ത്തിലധികം കേരളരേഖകളിലായി 11 ലക്ഷത്തിലധികം താളുകൾ ഗ്രന്ഥപ്പുര ഇതിനകം ഡിജിറ്റൈസ് ചെയ്തു. വിവിധ ഭാഷകളിലും ലിപികളിലുമുള്ള പുസ്തകങ്ങൾ, കൈയെഴുത്തുരേഖകൾ, ചിത്രങ്ങൾ, മറ്റു സാംസ്കാരിക രേഖകൾ എല്ലാം ഈ ശേഖരത്തിൻ്റെ ഭാഗമാണ്.

ഇത് ഒരു സംഖ്യ മാത്രമല്ല. ഓരോ രേഖയ്ക്കും പിന്നിൽ ഒരു കാലഘട്ടമുണ്ട്, മനുഷ്യരുണ്ട്, ഒരു സ്ഥാപനമുണ്ട്, അച്ചടിശാലകൾ ഉണ്ട്, പുസ്തകശാലയുണ്ട്, ചിലപ്പോൾ മറവിയിലേക്ക് പോകുമായിരുന്ന ഒരു ചരിത്രമുണ്ട്.
ഒരു പുസ്തകം ഒരു അലമാരയിൽ ഇരിക്കുമ്പോൾ അത് ഒരാളുടെ സ്വകാര്യ അറിവായിരിക്കാം. ഒരു പഴയ രേഖ ഒരു ലൈബ്രറിയുടെ ശേഖരത്തിൽ സൂക്ഷിക്കപ്പെടുമ്പോൾ അത് ആ സ്ഥാപനത്തിൻ്റെ പൈതൃകമായിരിക്കാം. എന്നാൽ അതേ രേഖ ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കുമായി തുറന്നുകൊടുക്കുമ്പോൾ, അത് ഒരു സമൂഹത്തിൻ്റെ പൊതുസ്മരണയുടെ ഭാഗമാകുന്നു.
ഒരു പുസ്തകത്തിൽ നിന്ന് 10,000 രേഖകളിലേക്ക്
ഗ്രന്ഥപ്പുരയുടെ യാത്ര ആരംഭിച്ചത് വലിയൊരു സ്ഥാപനത്തിൻ്റെ വലിയൊരു ശേഖരം ഒരുമിച്ച് ഡിജിറ്റൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ല. കേരളവുമായി ബന്ധപ്പെട്ട് പല ഇടങ്ങളിലായി ചിതറിക്കിടക്കുന്ന, പലപ്പോഴും വളരെ പരിമിതമായ രീതിയിൽ മാത്രം ലഭ്യമായിരുന്ന രേഖകളെ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിലേക്ക് കൊണ്ടുവരിക എന്ന ആശയത്തിലാണ് ഈ പ്രവർത്തനം വളർന്നത്.
ഇന്ന് ഗ്രന്ഥപ്പുരയിലെത്തുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് കേരളത്തിൻ്റെ സാഹിത്യചരിത്രത്തിൻ്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് വൈവിധ്യമാർന്ന രേഖകളുടെ ഒരു വലിയ ലോകമാണ്:
- പഴയ പാഠപുസ്തകങ്ങളുണ്ട്.
- നിഘണ്ടുക്കളുണ്ട്.
- ലഘുലേഖകളുണ്ട്.
- ആനുകാലിക പ്രസിദ്ധീകരണങ്ങളുണ്ട്.
- സർക്കാർ രേഖകളുണ്ട്.
- സാഹിത്യകൃതികളുണ്ട്.
- മതപരവും സാംസ്കാരികവുമായ പ്രസിദ്ധീകരണങ്ങളുണ്ട്.
കേരളവുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള രേഖകളുണ്ട്.ഉദാഹരണത്തിന്, 1930-ലെ ശബ്ദതാരാവലി പോലുള്ള നിഘണ്ടുക്കൾ, 1860-ൽ 35 വർണ്ണചിത്രങ്ങളോടെ പുറത്തുവന്ന മൃഗചരിതം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ എന്നിവയെല്ലാം ഈ ശേഖരത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇവയിൽ പലതും വലിയ ലൈബ്രറികളിലെ പ്രധാനപ്പെട്ട ശേഖരങ്ങളായിരിക്കണമെന്നില്ല. ചിലത് ചെറിയ ഗ്രന്ഥശാലകളിലും സ്വകാര്യ ശേഖരങ്ങളിലും വ്യക്തികളുടെ കൈവശവുമായിരുന്നു. ചില രേഖകൾ കാലത്തിൻ്റെ സ്വാഭാവിക നാശത്തിന് വിധേയമാകുന്നവയുമാണ്.
അത്തരം രേഖകൾ കണ്ടെത്തി, സംരക്ഷിച്ച്, ഡിജിറ്റൽ രൂപത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഈ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട വശം.
10,000 എന്ന സംഖ്യയുടെ യഥാർത്ഥ അർത്ഥം
ഒരു ഡിജിറ്റൽ ആർക്കൈവിനെ വിലയിരുത്തുമ്പോൾ എത്ര രേഖകൾ ഡിജിറ്റൈസ് ചെയ്തു എന്നത് തീർച്ചയായും പ്രധാനപ്പെട്ട ഒരു കണക്കാണ്. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉണ്ട്:
ആ രേഖകൾ ഡിജിറ്റൈസ് ചെയ്ത ശേഷം എന്ത് സംഭവിക്കുന്നു?
ഗ്രന്ഥപ്പുരയുടെ കാര്യത്തിൽ ഉത്തരം വ്യക്തമാണ് — അവ പൊതുവായി ലഭ്യമാക്കുന്നു.
ഒരു ഗവേഷകന് വർഷങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം വീട്ടിലിരുന്ന് കണ്ടെത്താം. ഒരു വിദ്യാർത്ഥിക്ക് പഴയ പാഠപുസ്തകങ്ങൾ പരിശോധിക്കാം. ഒരു ചരിത്രാന്വേഷകന് അപൂർവമായ ഒരു രേഖയുടെ ഡിജിറ്റൽ പകർപ്പ് കാണാം. ഒരു ഭാഷാപഠിതാവിന് പഴയ ലിപിയും ഭാഷാപ്രയോഗങ്ങളും പഠിക്കാം. നാളെയൊരു ഗവേഷകൻ ഇന്ന് നാം സംരക്ഷിക്കുന്ന ഒരു രേഖയിൽ നിന്ന് പുതിയൊരു ചരിത്രം കണ്ടെത്തിയേക്കാം.
അതുകൊണ്ടുതന്നെ ഡിജിറ്റൈസേഷൻ ഇവിടെ അവസാനിക്കുന്നില്ല; അത് ഒരു രേഖയുടെ പുതിയ ജീവിതത്തിൻ്റെ തുടക്കമാണ്.
ഇത് ഗ്രന്ഥപ്പുരയുടെ മാത്രം നേട്ടമല്ല
10,000 രേഖകളിലേക്ക് എത്തിയത് ഗ്രന്ഥപ്പുരയുടെ ഒരു സ്ഥാപനപരമായ നേട്ടമായി മാത്രം കാണാൻ കഴിയില്ല.
ഈ രേഖകൾ കൈമാറിയ ലൈബ്രറികൾക്കും സ്ഥാപനങ്ങൾക്കും, സ്വന്തം ശേഖരങ്ങൾ തുറന്നുകൊടുത്ത വ്യക്തികൾക്കും, രേഖകൾ കണ്ടെത്താൻ സഹായിച്ചവർക്കും, സ്കാനിംഗിലും കാറ്റലോഗിംഗിലും മെറ്റാഡാറ്റയിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കാളികളായവർക്കും ഇതിൽ പങ്കുണ്ട്.
സ്ഥാപനങ്ങൾ മാത്രമായിരുന്നില്ല ഈ യാത്രയിൽ ചേർന്നത്. സ്വന്തം അപ്പൂപ്പൻ്റെ കത്തുകൾ സൂക്ഷിച്ചവർ, ഒരു എഴുത്തുകാരൻ്റെ അവസാന കുറിപ്പുകൾ കാത്തുവെച്ചവർ, മറന്നുപോയ ഒരു പുസ്തകത്തിൻ്റെ ഒരു കോപ്പി മാത്രം ബാക്കിവെച്ചവർ, അവരെല്ലാം ഒരു ദിവസം ഗ്രന്ഥപ്പുരയെ വിശ്വസിച്ചു. പ്രൊഫ. സി.കെ. മൂസതിൻ്റെ സമാഹരിക്കപ്പെടാത്ത കൈയെഴുത്തുകുറിപ്പുകൾ, ചരിത്രകാരൻ ഡോ. സ്കറിയ സക്കറിയയുടെ രചനകൾ, കോന്നിയൂർ നരേന്ദ്രനാഥിൻ്റെ ശേഖരം, ഓരോ കുടുംബവും ഓരോ വിശ്വാസമായിരുന്നു ഏൽപ്പിച്ചത്.
ഒരു ഡിജിറ്റൽ ആർക്കൈവ് യഥാർത്ഥത്തിൽ ഒരു കൂട്ടായ സംരക്ഷണ പ്രവർത്തനമാണ്.
ഒരു ചെറിയ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ പുസ്തകം, ഒരു വ്യക്തിയുടെ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിരുന്ന ഒരു രേഖ, ഉപയോഗശൂന്യമാകുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു പഴയ പ്രസിദ്ധീകരണം — ഇവയെല്ലാം ഡിജിറ്റൽ ലോകത്ത് വീണ്ടും കണ്ടെത്താവുന്ന അറിവായി മാറുമ്പോഴാണ് ഈ പ്രവർത്തനത്തിന് അതിൻ്റെ പൂർണ്ണമായ അർത്ഥം ലഭിക്കുന്നത്.
ഇനിയും സംരക്ഷിക്കപ്പെടാനുള്ളത് ഏറെയാണ്
10,000 എന്ന നാഴികക്കല്ല് ആഘോഷിക്കേണ്ടതാണ്. പക്ഷേ അതോടൊപ്പം അത് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്:
ഇനിയും ഒരുപാട് രേഖകൾ നമ്മെ കാത്തിരിക്കുന്നു.
കേരളത്തിൻ്റെ ചരിത്രം ഔദ്യോഗിക രേഖകളിൽ മാത്രം ഒതുങ്ങുന്നില്ല. കൈയെഴുത്തു രേഖകളിലും, അച്ചടി പുസ്തകങ്ങളിലും മാസികകളിലും ലഘുലേഖകളിലും പാഠപുസ്തകങ്ങളിലും സർക്കാർ രേഖലളിലും സ്വകാര്യ രേഖകളിലും പ്രാദേശിക പ്രസിദ്ധീകരണങ്ങളിലും ചെറിയ ഗ്രന്ഥശാലകളുടെ ശേഖരങ്ങളിലും സാധാരണ മനുഷ്യരുടെ ഓർമ്മകളിലും അത് ചിതറിക്കിടക്കുന്നു.
അവയിൽ പലതും നമുക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയവയിൽ പലതും ഇപ്പോഴും ഡിജിറ്റൈസ് ചെയ്യപ്പെട്ടിട്ടില്ല. ഡിജിറ്റൈസ് ചെയ്തവയിൽ പലതും പൊതുവായി ലഭ്യമല്ല.
അതുകൊണ്ട് 10,000 എന്നത് ഈ യാത്രയുടെ അവസാനമല്ല. മറിച്ച് അടുത്ത 10,000 രേഖകളിലേക്കുള്ള ക്ഷണമാണ്.
ഒരു നന്ദിവാക്ക്
ഈ പതിനായിരം രേഖകൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. അതിന് പിന്നിൽ വർഷങ്ങളായി തുടരുന്ന ഒരു കൂട്ടായ പരിശ്രമമുണ്ട്.
ഗ്രന്ഥപ്പുരയുടെ ഏഴ് കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന 16 പേരടങ്ങുന്ന പ്രവർത്തകസംഘം, ഓരോ രേഖയും സൂക്ഷ്മതയോടെ സ്കാൻ ചെയ്യുകയും ക്രമീകരിക്കുകയും ഡിജിറ്റൽ ശേഖരത്തിലേക്ക് എത്തിക്കുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഞങ്ങളോടൊപ്പം പ്രവർത്തിച്ച CDIT-യിലെ സഹപ്രവർത്തകരും, സ്വന്തം സമയവും കഴിവും മാറ്റിവെച്ച് വർഷങ്ങളായി ഗ്രന്ഥപ്പുരയ്ക്കൊപ്പം നിന്ന സന്നദ്ധപ്രവർത്തകരും ഈ യാത്രയുടെ അവിഭാജ്യ ഘടകങ്ങളാണ്.
ഓരോ ശേഖരവും ഞങ്ങൾക്ക് ലഭിച്ചത് ആരുടെയോ വിശ്വാസത്തിൻ്റെ ഭാഗമായാണ്. തങ്ങളുടെ വാതിലുകൾ തുറന്ന ലൈബ്രറികളോടും സ്ഥാപനങ്ങളോടും, സ്വന്തം കുടുംബങ്ങളുടെ ഓർമ്മകളും അപൂർവമായ രേഖകളും ഞങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച ഓരോ വ്യക്തിയോടും പ്രത്യേകം നന്ദി പറയുന്നു.
ഈ യാത്ര മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തികമായി കൈത്താങ്ങായി നിന്ന സമാഗത ഫൗണ്ടേഷനോടും പ്രത്യേകം നന്ദി പറയാതെ ഈ കുറിപ്പ് പൂർത്തിയാകില്ല. അവരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഇത്ര വേഗത്തിൽ ഇത്രയും ദൂരം സഞ്ചരിക്കാൻ ഗ്രന്ഥപ്പുരയ്ക്ക് സാധിക്കുമായിരുന്നില്ല.
ഒടുവിൽ, ഈ വരികൾ വായിക്കുന്ന നിങ്ങളോടും നന്ദി.
ഈ ശേഖരം ഉപയോഗിച്ചവർ, ഒരു പഴയ പുസ്തകം കണ്ടെത്തി സന്തോഷിച്ചവർ, ഒരു ഗവേഷണത്തിന് ആവശ്യമായ രേഖ ഇവിടെനിന്ന് കണ്ടെത്തിയവർ, ഈ യാത്രയെ സ്നേഹത്തോടെ പിന്തുടർന്നവർ — നിങ്ങളും ഈ പതിനായിരത്തിൻ്റെ ഭാഗമാണ്.
ഗ്രന്ഥപ്പുര പദ്ധതിയോടു ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ/വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങൾ ഈ ലിങ്കിൽ ഉണ്ട്.
ഒരു തുറന്ന ഡിജിറ്റൽ ഭാവിയിലേക്ക്
ഗ്രന്ഥപ്പുരയുടെ ഏറ്റവും വലിയ നേട്ടം അതിൻ്റെ ശേഖരത്തിൻ്റെ വലുപ്പത്തിൽ മാത്രമല്ല. കേരളത്തിൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം കൂടുതൽ ആളുകൾക്ക് ലഭ്യമാക്കാനുള്ള ഒരു തുറന്ന ഡിജിറ്റൽ ഇടം സൃഷ്ടിക്കാനായതിലാണ്.
ഒരു രേഖ ഡിജിറ്റൈസ് ചെയ്യപ്പെടുമ്പോൾ അത് പഴയതിൽ നിന്ന് പുതിയതിലേക്ക് സഞ്ചരിക്കുന്നു.
- ഒരു പുസ്തകം അലമാരയിൽ നിന്ന് സ്ക്രീനിലെത്തുന്നു.
- ഒരു പഴയ ശബ്ദം പുതിയ തലമുറ കേൾക്കാനുള്ള സാധ്യത നേടുന്നു.
- ഒരു മറന്നുപോയ ആശയം വീണ്ടും വായിക്കപ്പെടുന്നു.
- ഒരു പ്രാദേശിക ചരിത്രം ലോകത്തിൻ്റെ മറ്റൊരു ഭാഗത്തിരുന്ന് പോലും പഠിക്കാനാകുന്നു.
അതാണ് ഡിജിറ്റൽ ആർക്കൈവിൻ്റെ ശക്തി.
10,000 കേരളരേഖകൾ ഡിജിറ്റൈസ് ചെയ്ത ഈ അവസരത്തിൽ, ഈ യാത്രയിൽ പങ്കാളികളായ എല്ലാവരോടും ഗ്രന്ഥപ്പുര നന്ദി പറയുന്നു.
ഇത് ഒരു നേട്ടത്തിൻ്റെ ആഘോഷം മാത്രമല്ല.
നമ്മുടെ ഭൂതകാലത്തെ ഭാവിക്കായി തുറന്നുവെക്കുന്ന ഒരു കൂട്ടായ പ്രതിജ്ഞയുടെ ആഘോഷമാണ്.
10,000 കഴിഞ്ഞു. യാത്ര തുടരുന്നു.