താളിയോല ഡിജിറ്റൈസേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു
കേരളത്തിൻ്റെ വിജ്ഞാനപൈതൃകം സംരക്ഷിക്കുന്നതിനുള്ള ഗ്രന്ഥപ്പുരയുടെ യാത്രയിൽ 2026 ജൂലൈ 29 ഒരു സുപ്രധാന ദിവസമായിരുന്നു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങിൽ ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. ഉദ്ഘാടനത്തിനു ശേഷം ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും (IDAF) സെൻ്റ് ജോസഫ്സ് കോളേജും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. സെൻ്റ് ജോസഫ്സ് കോളേജിലെ Manuscript Resource and Preservation Centre - MRPC - ൻ്റെ കീഴിൽ അതിൻ്റെ ഡയറക്ടർ പ്രൊഫ. ലിറ്റി ചാക്കോ ആണ് താളിയോല ഡിജിറ്റൈസേഷൻ പദ്ധതി ഏകോപിപ്പിക്കുന്നത്.
ഇത് ഒരു പുതിയ ഡിജിറ്റൈസേഷൻ പദ്ധതി ഉദ്ഘാടനം മാത്രമായിരുന്നില്ല. കേരളത്തിൻ്റെ ഏറ്റവും പഴയ വിജ്ഞാനപൈതൃകസഞ്ചയത്തെ ശാസ്ത്രീയമായി സംരക്ഷിച്ച് എല്ലാവർക്കും പരിശോധിക്കാവുന്ന വിധത്തിൽ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള കൂട്ടായ ഒരു പ്രതിജ്ഞ കൂടിയായിരുന്നു.
ഉദ്ഘാടന ചടങ്ങ്
വൈദ്യരത്നം ഗ്രൂപ്പിൻ്റെ HR മാനേജറായ രമേശൻ പൊയിൽത്താഴത്ത് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

2026 ജൂലൈ 29 ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് തുടങ്ങിയ ചടങ്ങിൽ അദ്ദേഹത്തിനു പുറമെ സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി, MRPC ഡയറക്ടറും മലയാളവിഭാഗം അദ്ധ്യക്ഷയുമായ ഡോ. ലിറ്റി ചാക്കോ, IDAF ഡയറക്ടറുമാരായ ഷിജു അലക്സ്, ജിസ്സോ ജോസ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ഷെറിൻ ജോസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിലെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കോളേജിലെ അദ്ധ്യാപകർ, ഗവേഷകർ, പുരാരേഖ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ തുടങ്ങി 50-ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. കോളേജിലെ മുൻ അദ്ധ്യാപികയും മുൻ എം.പി.യും ആയ പ്രൊഫ. സാവിത്രി ലക്ഷ്മണനും ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചിരുന്നു.

ഉൽഘാടനചടങ്ങിനെത്തുടർന്ന്, IDAF-ഉം സെൻ്റ് ജോസഫ്സ് കോളേജും തമ്മിലുള്ള സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു.

ചടങ്ങിൻ്റെ ഭാഗമായി താളിയോല സംരക്ഷണ കേന്ദ്രം സന്ദർശിക്കുകയും, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വിവിധ സംവിധാനങ്ങൾ ലിറ്റിടീച്ചർ പരിചയപ്പെടുത്തുകയും ചെയ്തു. താളിയോല ഡിജിറ്റൈസേഷൻ പദ്ധതി കേരളത്തിൻ്റെ വിജ്ഞാനപൈതൃകം സംരക്ഷിക്കുന്നതിൽ ഒരു ചരിത്രപരമായ ചുവടുവയ്പ്പാണെന്നും, ഈ പദ്ധതി കേരളപഠനത്തിന് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുമെന്നും ചടങ്ങിൽ സംബന്ധിച്ച എല്ലാവരും അഭിപ്രായപ്പെട്ടു.

പതിനേഴു വർഷം മുമ്പ് തുടങ്ങിയ ഒരു യാത്ര
പതിനേഴു വർഷങ്ങൾക്ക് മുമ്പ് ഒരു ചെറിയ സന്നദ്ധ സംരംഭമായാണ് ഗ്രന്ഥപ്പുര ആരംഭിച്ചത്.
അച്ചടി പുസ്തകങ്ങൾ, ആനുകാലികങ്ങൾ, അപൂർവ രേഖകൾ, കൈയെഴുത്തുപ്രതികൾ എന്നിവ ഡിജിറ്റൈസ് ചെയ്ത് പൊതുസമൂഹത്തിന് സൗജന്യമായി ലഭ്യമാക്കുക എന്നതായിരുന്നു തുടക്കത്തിലെ ലക്ഷ്യം.
ഇന്ന് ഗ്രന്ഥപ്പുര കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഡിജിറ്റൽ വിജ്ഞാനശേഖരങ്ങളിലൊന്നായി വളർന്നിരിക്കുന്നു. ഒൻപതിനായിരത്തിലധികം അപൂർവ കേരളരേഖകളിലെ പത്തര ലക്ഷത്തിലധികം താളുകൾ ഇന്ന് ലോകത്തിൻ്റെ ഏത് ഭാഗത്തുനിന്നും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും സൗജന്യമായി ലഭ്യമാണ്.
ഈ യാത്രയുടെ ഏറ്റവും വലിയ നേട്ടം ഡിജിറ്റൈസ് ചെയ്ത പേജുകളുടെ എണ്ണമല്ല. കേരളത്തെക്കുറിച്ചുള്ള പ്രാഥമിക സ്രോതസ്സുകൾ പൊതുസമൂഹത്തിന് തുറന്നുകൊടുക്കാൻ കഴിഞ്ഞുവെന്നതാണ്.
ഒരുകാലത്ത് കേരളപഠനം നടത്താൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ആവശ്യമായ രേഖകൾ കണ്ടെത്താൻ നിരവധി ലൈബ്രറികളും സ്വകാര്യ ശേഖരങ്ങളും തേടി മാസങ്ങളോളം അലയേണ്ടിവന്നിരുന്നു. പലപ്പോഴും രേഖകൾ പരിശോധിക്കാനുള്ള അനുമതി പോലും ലഭിക്കാറുണ്ടായിരുന്നില്ല. ഇന്ന് ഗ്രന്ഥപ്പുര ഉൾപ്പെടെയുള്ള ഡിജിറ്റൽ സംരംഭങ്ങളുടെ പ്രവർത്തനഫലമായി ആ സാഹചര്യത്തിനു വലിയൊരളവിൽ മാറ്റം വന്നിരിക്കുന്നു.
കേരളത്തിൻ്റെ ഡിജിറ്റൽ വിജ്ഞാനലോകത്തെ വലിയ ശൂന്യത
ഈ നേട്ടങ്ങൾക്കിടയിലും കേരളത്തിൻ്റെ ഡിജിറ്റൽ വിജ്ഞാനലോകത്ത് ഇപ്പോഴും ഒരു വലിയ ശൂന്യത നിലനിൽക്കുന്നു.
അത് താളിയോല ശേഖരങ്ങൾ ഒക്കെയും പൊതുസഞ്ചയത്തിൽ ഉള്ള രേഖകൾ ആണെങ്കിലും, അത് സ്വതന്ത്രമാക്കി ഗവേഷണത്തിനും മറ്റാവശ്യങ്ങൾക്കും ലഭ്യമാക്കാൻ ആർക്കും താല്പര്യമില്ല എന്നതാണ്. പൂർവ്വികർ അവശേഷിപ്പിച്ചു പോയ ഈ രേഖകൾ ഇപ്പോഴും തടവിലാക്കി സൂക്ഷിക്കാനാണ് പലരും താല്പര്യപ്പെടുന്നത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ഇതേ നിലപാട് പിന്തുടരുന്നു. ഇക്കാരണങ്ങളാൽ സ്വതന്ത്രമായി ലഭ്യമാകുന്ന താളിയോല ഡിജിറ്റൽ ശേഖരങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവാണ്.
കേരളത്തിൻ്റെ ഭാഷയും സാഹിത്യവും ചരിത്രവും വൈദ്യശാസ്ത്രവും ഗണിതവും ജ്യോതിശാസ്ത്രവും തത്ത്വചിന്തയും ക്ഷേത്രസംസ്കാരവും പ്രാദേശിക അറിവുകളും ഉൾപ്പെടെ നൂറ്റാണ്ടുകളായി സമ്പാദിച്ച വിജ്ഞാനത്തിൻ്റെ വലിയൊരു ഭാഗം ഇന്നും താളിയോലകളിലാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ സമ്പത്തിൻ്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് അച്ചടിയിലൂടെയോ ഗവേഷണങ്ങളിലൂടെയോ പൊതുസമൂഹത്തിലെത്തിയിട്ടുള്ളത്.
ബാക്കിയുള്ളവ ഇന്നും മഠങ്ങളിലും, ക്ഷേത്രങ്ങളിലും, ഗ്രന്ഥശാലകളിലും, ചില സർക്കാർ സ്ഥാപനങ്ങളിലും, സ്വകാര്യ ശേഖരങ്ങളിലുമായി ചിതറിക്കിടക്കുകയാണ്.
നമുക്ക് ഓരോ വർഷവും നഷ്ടമാകുന്നത്
ഇപ്പോൾ ലഭ്യമായ താളിയോലകൾ കാലത്തെ അതിജീവിച്ച രേഖകളാണെങ്കിലും അവ നിത്യമായവയല്ല.
കാലപ്പഴക്കം, ഈർപ്പം, കീടബാധ, അനുയോജ്യമായ സംരക്ഷണത്തിൻ്റെ അഭാവം എന്നിവ കാരണം ഓരോ വർഷവും വീണ്ടെടുക്കാനാവാത്ത രീതിയിൽ ഈ വിജ്ഞാനപൈതൃകത്തിൻ്റെ ഒരു ഭാഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
നഷ്ടമാകുന്നത് ഏതാനും താളുകൾ മാത്രമല്ല. അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രവും ശാസ്ത്രവും ഭാഷയും സംസ്കാരവും മനുഷ്യരുടെ അനുഭവങ്ങളും കൂടിയാണ്.
അതുകൊണ്ടുതന്നെ താളിയോലകൾ ഡിജിറ്റൈസ് ചെയ്യുക എന്നത് കാലത്തോട് മത്സരിക്കുന്ന ഒരു സംരക്ഷണ ദൗത്യമാണ്.
ഡിജിറ്റൈസ് ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല
ഇവിടെ മറ്റൊരു പ്രധാന വെല്ലുവിളിയുണ്ട്.
ഇതിനകം പല സ്ഥാപനങ്ങളും താളിയോലകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെങ്കിലും, അവയിൽ പലതും ഒരു ഹാർഡ് ഡിസ്കിലോ സർവറിലോ ഒതുങ്ങിക്കിടക്കുകയാണ്. ഗവേഷകർക്കോ പൊതുസമൂഹത്തിനോ അവ പ്രാപ്യമല്ല.
ഗ്രന്ഥപ്പുരയുടെ കാഴ്ചപ്പാട് തുടക്കം മുതൽ വ്യത്യസ്തമാണ്.
വിജ്ഞാനം സംരക്ഷിക്കപ്പെടുക മാത്രമല്ല; അത് പൊതുസമൂഹത്തിന് ലഭ്യമാകുകയും വേണം.
അതുകൊണ്ടുതന്നെ ഈ പദ്ധതിയിൽ ചിത്രമെടുക്കൽ മാത്രമല്ല ലക്ഷ്യമിടുന്നത്.
- ഉയർന്ന നിലവാരത്തിലുള്ള ഡിജിറ്റൈസേഷൻ
- സമഗ്രമായ മെറ്റാഡാറ്റ തയ്യാറാക്കൽ
- ദീർഘകാല ഡിജിറ്റൽ സംരക്ഷണം
- ഗവേഷണയോഗ്യമായ ക്രമീകരണം
- പൊതുജനങ്ങൾക്ക് ഓൺലൈൻ പ്രാപ്യത
എന്നിവയെല്ലാം ഈ പദ്ധതിയുടെ അവിഭാജ്യ ഘടകങ്ങളാണ്.
കൃത്രിമബുദ്ധിയുടെ യുഗത്തിൽ താളിയോലകൾക്ക് പുതിയ പ്രസക്തി
ഇന്ന് മനുഷ്യർ മാത്രമല്ല, കൃത്രിമബുദ്ധി സംവിധാനങ്ങളും വിജ്ഞാനം പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന കാലഘട്ടമാണ്.
മലയാളം ഇന്ന് കൃത്രിമബുദ്ധിയുടെ ലോകത്ത് കൈവരിച്ചിരിക്കുന്ന പുരോഗതി യാദൃശ്ചികമായി ഉണ്ടായതല്ല. യൂണിക്കോഡ്, സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങൾ, ഡിജിറ്റൽ നിഘണ്ടുക്കൾ, ഡിജിറ്റൽ ലൈബ്രറികൾ, ഭാഷാ വിഭവങ്ങൾ എന്നിവ സൃഷ്ടിക്കാൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നിരവധി ആളുകൾ നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണത്. ആ യാത്രയിൽ ഗ്രന്ഥപ്പുരയും അതിൻ്റെതായ പങ്ക് വഹിച്ചിട്ടുണ്ട്.
എന്നാൽ താളിയോലകളിലെ വിജ്ഞാനത്തിൻ്റെ വലിയൊരു ഭാഗം ഇന്നും ഡിജിറ്റൽ ലോകത്തിന് പുറത്താണ്.
ഈ രേഖകൾ ഉയർന്ന നിലവാരത്തിൽ ഡിജിറ്റൈസ് ചെയ്യപ്പെടുകയും വായിക്കാവുന്ന ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റപ്പെടുകയും ചെയ്താൽ, മനുഷ്യ ഗവേഷകർക്കു മാത്രമല്ല, കൃത്രിമബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് കേരളത്തിൻ്റെ ഭാഷയും ചരിത്രവും സംസ്കാരവും ശാസ്ത്രപാരമ്പര്യവും കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിയും.
അതിലൂടെ ഇന്നുവരെ പരസ്പരം ബന്ധമില്ലാതെ കിടന്നിരുന്ന രേഖകൾ തമ്മിൽ ബന്ധിപ്പിക്കാനും, പുതിയ ചരിത്രവിവരങ്ങൾ കണ്ടെത്താനും, ഭാഷാശാസ്ത്രം, സാഹിത്യം, ചരിത്രം, വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ പുതിയ ഗവേഷണങ്ങൾക്ക് വഴിതുറക്കാനും കഴിയും.
ഈ യാത്രയിൽ നിങ്ങൾക്കും പങ്കാളിയാകാം
ഈ പദ്ധതിയുടെ വിജയം ഒരു സ്ഥാപനത്തിൻ്റെ മാത്രം പ്രവർത്തനത്തിലൂടെ സാധ്യമാകുന്നതല്ല.
ലൈബ്രറികളും മഠങ്ങളും ക്ഷേത്രങ്ങളും സ്വകാര്യ ശേഖരങ്ങളുടെ ഉടമകളും ഗവേഷകരും സന്നദ്ധപ്രവർത്തകരും പൊതുസമൂഹവും സർക്കാരും ഈ സംരംഭത്തിൻ്റെ ഭാഗമാകേണ്ടതുണ്ട്.
കാരണം, ഈ താളിയോലകൾ ഏതെങ്കിലും ഒരു സ്ഥാപനത്തിൻ്റെ സ്വത്തല്ല.
അവ കേരളത്തിൻ്റെ കൂട്ടായ സ്മരണയാണ്.
ആ സ്മരണയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
ഇന്ന് കേരളപഠനത്തിന് രേഖകളുടെ ദാരിദ്ര്യമില്ല. ഇനി വേണ്ടത് പുതിയ ഗവേഷകരും പുതിയ ചോദ്യങ്ങളുമാണ്. ആ പുതിയ തലമുറയ്ക്ക് ഏറ്റവും വലിയ വിജ്ഞാനഖനിയായി മാറാൻ പോകുന്നത് ഇതിനകം ഡിജിറ്റൈസ് ചെയ്ത ലക്ഷക്കണക്കിന് പേജുകളും ഇനി ഡിജിറ്റൈസ് ചെയ്യാൻ പോകുന്ന താളിയോല ശേഖരങ്ങളുമാണ്.
ആ വിശ്വാസത്തോടെയും പ്രത്യാശയോടെയും ഗ്രന്ഥപ്പുര താളിയോല ഡിജിറ്റൈസേഷൻ പദ്ധതി അതിൻ്റെ പുതിയ യാത്ര ആരംഭിക്കുകയാണ്.