ഗ്രന്ഥപ്പുരയുടെ കോഴിക്കോട് സെൻ്റർ പ്രവർത്തനം ആരംഭിച്ചു
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സാംസ്കാരിക-ബൗദ്ധിക പൈതൃകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്ന ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങളുടെ പുതിയൊരു അദ്ധ്യായം കൂടി തുറന്നു. 2026 ഏപ്രിൽ 24-ന് ഗ്രന്ഥപ്പുരയുടെ കോഴിക്കോട് സെൻ്റർ മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവർത്തനം തുടങ്ങി.
കോഴിക്കോട് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്തസാഹിത്യകാരനും മാതൃഭൂമി ആഴ്ചപതിപ്പിൻ്റെ എഡിറ്ററുമായ സുഭാഷ് ചന്ദ്രൻ ആണ്. നമ്മളെഴുതുന്നത് നിലനിൽക്കണമെങ്കിൽ നമ്മുടെ അക്ഷരങ്ങൾ ക്ഷരമല്ലാത്തതാണെന്ന ബോദ്ധ്യം വരണമെങ്കിൽ അത് ഭാവിയിലേക്ക് പരിരക്ഷിക്കപ്പെടണം. അതിന് ഗ്രന്ഥപ്പുര നടത്തുന്ന ശ്രമങ്ങൾ ഏതൊരു മലയാളിക്കും അഭിമാനമുളവാക്കുന്നതാണെന്ന് ഉദ്ഘാടനപ്രസംഗം നടത്തിക്കൊണ്ട് സുഭാഷ് ചന്ദ്രൻ പറഞ്ഞു. മലയാളത്തിൽ ഇതുവരെ പൊതുജനങ്ങൾക്കു ലഭ്യമല്ലാതിരുന്ന നിരവധി അപൂർവ രേഖകൾ ഇപ്പോൾ ഗ്രന്ഥപ്പുരയിൽ ലഭ്യമാണ്. അതിനാൽ തന്നെ ഈ പ്രവർത്തനം മുഴുവൻ ഭാഷാ സ്നേഹികളുടെയും പ്രോത്സാഹനവും പിന്തുണയും അർഹിക്കുന്നു. ഒരു സമൂഹത്തിൻ്റെ ഓർമ്മകളും സാംസ്കാരിക ചരിത്രവും ഒക്കെ അടങ്ങുന്ന ഈ രേഖകൾ ഭാവിയിലേക്ക് സംരക്ഷിച്ച് കൈമാറാനുള്ള പ്രവർത്തനങ്ങൾ വലിയ സാംസ്കാരിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പാൾ ഡോ. സച്ചിൻ പി. ജയിംസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചരിത്രവിഭാഗം മേധാവി ഷിനോയ് ജെസിന്ത് സ്വാഗതം ആശംസിച്ചു. ഫൗണ്ടെഷൻ ഡയറക്ടർ ഷിജു അലക്സ് ഗ്രന്ഥപ്പുരയുടെ ഇതുവരെയുള്ള പ്രവർത്തങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ ജിസ്സോ ജോസ് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ഗ്രന്ഥപ്പുരയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള കോഴിക്കോടും സമീപപ്രദേശങ്ങളിലുമുള്ള നിരവധി വ്യക്തികൾ പങ്കെടുത്തു.
മലബാർ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ച കോഴിക്കോട് സെൻ്റർ, ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾക്ക് ഒരു ഭൗതിക വികസനം മാത്രമല്ല; ഉത്തര കേരളത്തിലെ സാംസ്കാരിക ശേഖരങ്ങൾ സംരക്ഷിക്കാനുള്ള ശ്രമവുമായി ഗ്രന്ഥപ്പുര കൂടുതൽ ഇടപെടലുകൾ നടത്തുന്നതിൻ്റെ തുടക്കവുമാണ്. പൗരാണികമായ നിരവധി പ്രസിദ്ധീകരണങ്ങൾക്കും സ്വകാര്യ ശേഖരങ്ങൾക്കും ശക്തമായ പാരമ്പര്യമുള്ള പ്രദേശമാണ് കോഴിക്കോട്. അത്തരം ശേഖരങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ കേന്ദ്രം പുതിയ സാദ്ധ്യതകൾ തുറക്കും.
ഈ കേന്ദ്രം യാഥാർത്ഥ്യമാക്കുന്നതിൽ കോളേജിൻ്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഡോ. സച്ചിൻ പി. ജയിംസ് നിർണായക പങ്കുവഹിച്ചു. ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ അദ്ദേഹം, ഈ സംരംഭം കോഴിക്കോട് എത്തിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കി സ്ഥിരതയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് കോളേജിൽ ഈ കേന്ദ്രം ആരംഭിക്കാൻ സാധിച്ചത്. അതിനു ആവശ്യമായ അനുമതി നൽകിയ കോളേജ് മാനേജ്മെൻ്റ്, പ്രത്യേകിച്ച് ഇപ്പൊഴത്തെ മാനേജർ റവ. സിനൊജ് മാഞ്ഞുരാൻ, മറ്റു ഭരണസമതി അംഗങ്ങൾ എന്നിവരോട് ഗ്രന്ഥപ്പുര പദ്ധതിക്കു കടപ്പാടുണ്ട്.
ഒരു വിദ്യാഭ്യാസ സ്ഥാപനവും ഡിജിറ്റൽ ആർക്കൈവിംഗ് സംരംഭവും കൈകോർക്കുമ്പോൾ അത് ഒരു സാധാരണ ഭരണപരമായ സഹകരണമെന്നതിലുപരി അറിവിൻ്റെ പൈതൃകം ഭാവിയിലേക്ക് കൈമാറാനുള്ള ഒരു സാമൂഹിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമാകുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ച ഈ കേന്ദ്രം അതിൻ്റെ നല്ലൊരു ഉദാഹരണമാണ്.
ഗ്രന്ഥപ്പുരയുടെ കോഴിക്കോട് സെൻ്റർ ഉദ്ഘാടനത്തെ കുറിച്ചുള്ള വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതിൻ്റെ ലിങ്ക് ഇതാ.
ഇനി കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള അപൂർവ ഗ്രന്ഥശേഖരങ്ങൾ, പഴയ ആനുകാലികങ്ങൾ, സ്വകാര്യ ആർക്കൈവുകൾ, കുടുംബരേഖകൾ തുടങ്ങിയവ കണ്ടെത്തി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സജീവമായി കടക്കാനാണ് ഗ്രന്ഥപ്പുര ഒരുങ്ങുന്നത്. ഒരു സമൂഹത്തിൻ്റെ ഓർമ്മകളെ ഭാവിയിലേക്ക് സുരക്ഷിതമായി കൈമാറാനുള്ള ഈ കൂട്ടായ ശ്രമത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.
Para escoger cómo elegir una camiseta infantil como regalo, es práctico verificar la composición del tejido y la facilidad de cuidado. Para evitar errores, merece la pena revisar el contenido exacto del conjunto cuando incluya pantalón o medias.
ഉദ്ഘാടനചടങ്ങുമായി ബന്ധപ്പെട്ട കുറച്ചു പടങ്ങൾ താഴെ.
ഉദ്ഘാടനചടങ്ങിൻ്റെ വിവിധ ദൃശ്യങ്ങൾ
ഉദ്ഘാടനച്ചടങ്ങിൻ്റെ സദസ്സ്