പി. ഗോവിന്ദപിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

മാർക്സിസ്റ്റ്‌ സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ പി.ജി. എന്ന പി.ഗോവിന്ദപിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി 2024 ഓഗസ്റ്റ് 25നു ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ തിരുവനന്തപുരം സെൻ്റർ തുടങ്ങുന്ന പരിപാടിയിൽ പ്രഖ്യാപിച്ചു.

ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി അദ്ദേഹത്തിൻ്റെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം എന്ന പുസ്തകം പി.ജി. യുടെ കുടുംബാംഗങ്ങളായ എം.ജി. രാധാകൃഷ്ണൻ, ആർ. പാർവ്വതീദേവി, മന്ത്രി കൂടിയായ വി ശിവൻ കുട്ടി എന്നിവർ ചേർന്ന് ഫൗണ്ടേഷൻ പ്രതിനിധികളായ ഷിജു അലക്സ്, മനോജ് എബനീസർ, മീന കൂട്ടാല എന്നിവർക്ക് കൈമാറി

പി. ഗോവിന്ദപ്പിള്ള – ജീവിത രേഖ

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത്‌ പുല്ലുവഴി ഗ്രാമത്തിൽ 1926 മാർച്ച്‌ 25-ന്‌ ആണ്‌ പി.ജി. എന്ന പരമേശ്വരൻ പിള്ള ഗോവിന്ദപ്പിള്ളയുടെ ജനനം. അച്ഛൻ എം.എൻ.പരമേശ്വരൻ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2012 നവംബർ 22 ന് അദ്ദേഹം അന്തരിച്ചു.

പി. ഗോവിന്ദപ്പിള്ളയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക.

പി.ജി. യുടെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ രചനകളും അപ്രകാശിത രചനകളും ആദ്ദേഹത്തിൻ്റെ ശേഖരത്തിലുള്ള പകർപ്പവകാശമുക്തമായ രചനകളും എല്ലാം ഈ ഡിജിറ്റൈസേഷൻ പദ്ധതി വഴി ഗ്രന്ഥപ്പുര വെബ്ബ് സൈറ്റിലൂടെ (https://gpura.org/) ലഭ്യമാകും.


Comments

Leave a Reply

Your email address will not be published. Required fields are marked *