മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ, കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന പദ്ധതിയായ, ഗ്രന്ഥപ്പുര സംരംഭവും മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗവും ചേർന്ന് മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിച്ചു.

ഇന്നലെ (ഏപ്രിൽ 24, 2025) മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വെച്ചു പദ്ധതിക്കു തുടക്കം കുറിക്കുന്ന ചടങ്ങിൽ മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗം അദ്ധ്യക്ഷൻ പ്രൊഫസർ ഡോ. പി.എം. ഗിരീഷ്, മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഒ.കെ. സന്തോഷ്, മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രേറിയൻ വി.കെ. കാലൈയപ്പൻ തുടങ്ങിയവരും തമിഴ് ഡിജിറ്റൽ ലൈബ്രറി പ്രതിനിധികളും ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ പ്രതിനിധികളും സംബന്ധിച്ചു.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ കേരളവുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു രേഖകളുടെ ശേഖരമുണ്ട്. കേരളരൂപീകരണത്തിനു മുൻപു മലബാർ പ്രദേശം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നതിനാൽ മലബാറുമായി ബന്ധപ്പെട്ട രേഖകളുടെ വലിയ ഒരു ശേഖരം തന്നെ ഇവിടുണ്ട്. മാത്രമല്ല, മലയാളികൾക്ക് ചെന്നെ നഗരവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതിനാൽ അവർ നടത്തിയ വിവിധതരത്തിലുള്ള സാംസ്കാരിക സാമൂഹിക രേഖപ്പെടുത്തലുകൾ ഡോക്കുമെൻ്റ് ചെയ്യപ്പെടുകയും അതിൽ പലതും മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒന്നര നൂറ്റാണ്ടിനു മേൽ ചരിത്രമുള്ള മദ്രാസ് യൂണിവേഴ്സിറ്റിയിൽ മലയാളവിഭാഗം 1927ലാണ് സ്ഥാപിതമായത്. (ശതാബ്ദി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മലയാളവിഭാഗം.) മദ്രാസ് യൂണിവേഴ്സിറ്റിയിൽ മലയാളവിഭാഗം പല രീതിയിൽ സാംസ്കാരിക-കല-സാമൂഹിക-പഠന ഇടപെടലുകൾ നടത്തിയതിൻ്റെ രേഖപ്പെടുത്തലുകൾ മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഉണ്ട്.

ഇവയെല്ലാം ഈ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ സംരക്ഷിക്കപ്പെട്ട് പൊതുവായി ലഭ്യമാകും.

ഈ പദ്ധതിക്കു തുടക്കം കുറിക്കുമ്പോൾ മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിനു പുറമെ തമിഴ്‌നാട് സർക്കാരിന്റെ തമിഴ് ഡിജിറ്റൽ ലൈബ്രറി പദ്ധതിക്കും അതിൻ്റെ പ്രവർത്തകർക്കും ഗ്രന്ഥപ്പുര സമൂഹത്തിൻ്റെ ഹൃദയം നിറഞ്ഞ നന്ദി പറയാതെ നിർവാഹമില്ല!

തമിഴ്‌നാട് സർക്കാരിന്റെ തമിഴ് ഡിജിറ്റൽ ലൈബ്രറി സംരംഭത്തിൻ്റെ ഭാഗമായി ഒരു തമിഴ് ഡിജിറ്റൈസേഷൻ പദ്ധതി കഴിഞ്ഞ ഒരു വർഷമായി മദ്രാസ് സർവ്വകലാശാലയിൽ നടക്കുന്നുണ്ട്. അവരുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്കിടയിൽ അവർ അവിടെ വലിയ മലയാള/കേരള പുസ്തകശേഖരങ്ങൾ കണ്ടെത്തുകയും, അവയ്ക്കായി ഒരു പ്രത്യേക പദ്ധതി തുടങ്ങാൻ ഗ്രന്ഥപ്പുര പ്രവർത്തകരെ വിളിക്കുകയും ആയിരുന്നു. ഇത് ഗ്രന്ഥപ്പുര കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി നടത്തുന്ന ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ മറ്റു ഭാഷാ സമൂഹങ്ങൾ ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണം ആയി നമുക്കു കാണാവുന്നതാണ്. ഇക്കാര്യത്തിൽ തമിഴ് ഡിജിറ്റൽ ലൈബ്രറിയിലെ ചിത്താനൈ എന്ന സുഹൃത്തിനൊടു ഗ്രന്ഥപ്പുരപ്രവർത്തകർ ഏറെ കടപ്പെട്ടിരിക്കുന്നു.

കേരളരേഖകളുടെ ഒരു ഡിജിറ്റൈസേഷൻ പദ്ധതി അവിടെ നടത്തിനുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ചിത്താനൈയും മറ്റു തമിഴ് ഡിജിറ്റൽ ലൈബ്രറി സംഘവും നൽകിയ സഹായം വിസ്മയകരമായിരുന്നു. ഈ കേരള/മലയാളം ഡിജിറ്റൈസേഷൻ പദ്ധതിക്ക് ജീവൻ നൽകാൻ അവർ കാണിച്ച സ്നേഹവും ആവേശവും അളവറ്റ പ്രയത്നവും ഞങ്ങൾ ആത്മാർത്ഥമായി മാനിക്കുന്നു. തമിഴ്‌നാട്ടിൽ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടവും ഉന്നതതല പിന്തുണയുമുണ്ടെന്ന് അറിയുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ ഗ്രന്ഥപ്പുര സംരംഭം ഇതിനകം 5000ത്തിനടുത്ത് കേരളരേഖകളിലെ നാലരലക്ഷത്തിലധികം താളുകൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. ഇതെല്ലാം സൗജന്യമായി ഗ്രന്ഥപ്പുരയുടെ വെബ്ബ് സൈറ്റായ https://gpura.org/ൽ കൂടി ലഭ്യമാണ്. ഈ സവിശേഷ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ മലയാളത്തിലെ ആദ്യകാല അച്ചടി രേഖകളുടെ പ്രമുഖമായ പുസ്തകങ്ങൾ പലതും ഇതിനകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. കേരളവുമായി ബന്ധപ്പെട്ട എല്ലാത്തരം രേഖകളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുക എന്നതാണ് ഗ്രന്ഥപ്പുര സംരംഭത്തിൻ്റെ പ്രവർത്തനോദ്ദേശം. കേരളവുമായി ബന്ധപ്പെട്ട അച്ചടി പുസ്തകങ്ങൾ മാത്രമല്ല കൈയെഴുത്തു പ്രതികളും താളിയോലകളും ചിത്രങ്ങളും ചുവർ ചിത്രങ്ങളും ഓഡിയോ വീഡിയോ തുടങ്ങി എല്ലാത്തരം രേഖപ്പെടുത്തലുകളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കാൻ ഗ്രന്ഥപ്പുര സംരംഭം ശ്രദ്ധിക്കുന്നു.

ചെന്നെയിൽ വിവിധസ്ഥാപനങ്ങളിലും വ്യക്തികളുടെ അടുക്കലും കേരളരേഖകളുടെ വിവിധ ശേഖരങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടപ്പുണ്ട്. അതിൽ പലതും നശിച്ചു കൊണ്ടിരിക്കുന്നു. അത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള സുവർണ്ണാവസരമാണ് ഗ്രന്ഥപ്പുര സംരംഭം ചെന്നെയിലേക്കു എത്തിയതോടെ ലഭ്യമായിരിക്കുന്നത്. അത്തരം പദ്ധതിക്കു സഹകരിക്കാൻ താല്പര്യമുള്ളവർ ഗ്രന്ഥപ്പുരയുടെ പ്രതിനിധിയെ ‪‪+91 81121 10112‬ എന്ന നമ്പറിൽ വിളിക്കുകയോ contact@indicarchive.org എന്ന വിലാസത്തിൽ മെയിലയക്കുകയോ ചെയ്യാവുന്നതാണ്.

ഇതു സംബന്ധിച്ചു ഇന്നു മാതൃഭൂമി ചെന്നെ എഡീഷനിൽ വന്ന വാർത്ത.

https://www.mathrubhumi.com/literature/news/madras-patrika-and-parijatham-digitised-by-madras-university-library-1.10537668

https://epaper.mathrubhumi.com/Home/ShareArticle?OrgId=25484426ab0&imageview=1

മദ്രാസ് യൂണിവേഴ്സിറ്റി പദ്ധതിയെ കുറിച്ച് മാതൃഭൂമി ചെന്നെ എഡീഷനിൽ വന്ന വാർത്ത
മദ്രാസ് യൂണിവേഴ്സിറ്റി പദ്ധതിയെ കുറിച്ച് മാതൃഭൂമി ചെന്നെ എഡീഷനിൽ വന്ന വാർത്ത