ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന പദ്ധതിയായ ഗ്രന്ഥപ്പുര സംരംഭം, കോട്ടയം പബ്ലിക്ക് ലൈബ്രറിയിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിച്ചു.
ഇന്നു് (2025 ജൂൺ 19) കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു പദ്ധതിക്കു തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി ധാരണാപത്രത്തിൽ കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ, ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടർ ഷിജു അലക്സ് എന്നിവർ ഒപ്പു വെച്ചു. ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ശ്രീ ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ വിജയകുമാർ എന്നിവരും ഫൗണ്ടേഷൻ സുഹൃത്തുക്കളായ ഡോ. ബാബു ചെറിയാൻ, ടോണി ആൻ്റണി, ബെഞ്ചമിൻ വർഗ്ഗീസ് എന്നിവരും സംബന്ധിച്ചു. വായനദിനമായ ഇന്ന് (ജൂൺ 19) പദ്ധതിക്കു തുടക്കം കുറിക്കാൻ കഴിഞ്ഞത് യാദൃശ്ചികമാണെങ്കിലും സന്തോഷം പകരുന്ന സംഗതിയാണ്.

1882ൽ ദിവാൻ ടി. രാമറാവുവിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച കോട്ടയം പബ്ലിക്ക് ലൈബ്രറി, കേരളത്തിലെ ആദ്യകാല ലൈബ്രറികളിൽ ഒന്നാണ്. അതിനാൽ തന്നെ ഇവിടെ നിന്ന് ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കേണ്ട അനേകം രേഖകൾ കണ്ടെടുക്കാൻ കഴിയും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറിയിലെ കേരളരേഖകളുടെ ഡിജിറ്റൈസേഷൻ, C-DITമായി സഹകരിച്ചാണ് ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്. C-DITമായുള്ള സഹകരണത്തിൻ്റെ വിശദാംശങ്ങൾ ഈ ബ്ലോഗ് പോസ്റ്റിൽ ഉണ്ട്.
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ ഗ്രന്ഥപ്പുര സംരംഭം ഇതിനകം 5250-തിനടുത്ത് കേരളരേഖകളിലെ അഞ്ചരലക്ഷത്തിലധികം താളുകൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. ഇതെല്ലാം സൗജന്യമായി ഗ്രന്ഥപ്പുരയുടെ വെബ്ബ് സൈറ്റായ https://gpura.org/ൽ കൂടി ലഭ്യമാണ്. ഈ സവിശേഷ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ മലയാളത്തിലെ ആദ്യകാല അച്ചടി രേഖകളുടെ പ്രമുഖമായ പുസ്തകങ്ങൾ പലതും ഇതിനകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. കേരളവുമായി ബന്ധപ്പെട്ട എല്ലാത്തരം രേഖകളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുക എന്നതാണ് ഗ്രന്ഥപ്പുര സംരംഭത്തിൻ്റെ പ്രവർത്തനോദ്ദേശം. കേരളവുമായി ബന്ധപ്പെട്ട അച്ചടി പുസ്തകങ്ങൾ മാത്രമല്ല കൈയെഴുത്തു പ്രതികളും താളിയോലകളും ചിത്രങ്ങളും ചുവർ ചിത്രങ്ങളും ഓഡിയോ വീഡിയോ തുടങ്ങി എല്ലാത്തരം രേഖപ്പെടുത്തലുകളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കാൻ ഗ്രന്ഥപ്പുര സംരംഭം ശ്രദ്ധിക്കുന്നു.
കോട്ടയത്തും സമീപിപ്രദേശങ്ങളിലും വിവിധസ്ഥാപനങ്ങളിലും വ്യക്തികളുടെ അടുക്കലും കേരളരേഖകളുടെ വിവിധ ശേഖരങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടപ്പുണ്ട്. അതിൽ പലതും നശിച്ചു കൊണ്ടിരിക്കുന്നു. അത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള സുവർണ്ണാവസരമാണ് ഗ്രന്ഥപ്പുര സംരംഭം കോട്ടയത്ത് സെൻ്റർ തുറക്കുന്നതോടെ ലഭ്യമായിരിക്കുന്നത്. അത്തരം പദ്ധതിക്കു സഹകരിക്കാൻ താല്പര്യമുള്ളവർ ഗ്രന്ഥപ്പുരയുടെ പ്രതിനിധിയെ +91 81121 10112 എന്ന നമ്പറിൽ വിളിക്കുകയോ [email protected] എന്ന വിലാസത്തിൽ മെയിലയക്കുകയോ ചെയ്യാവുന്നതാണ്.