തിരുവനന്തപുരത്ത് ഡിജിറ്റൈസേഷൻ സെൻ്റർ തുറന്നു

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ (https://indicarchive.org/) രണ്ടാമത്തെ ഡിജിറ്റൈസേഷൻ സെൻ്റർ തിരുവനന്തപുരത്ത് തുറന്നു. തിരുവനന്തപുരത്ത് സുഭാഷ് നഗറിലുള്ള പി. ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയോട് അനുബന്ധിച്ചാണ് ഫൗണ്ടേഷൻ്റെ തിരുവനന്തപുരം സെൻ്റർ പ്രവർത്തിക്കുന്നത്.

2024 ഓഗസ്റ്റ് 25 ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് സുഭാഷ് നഗറിലുള്ള പി. ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയുടെ അങ്കണത്തിലായിരുന്നു ഉൽഘാടനച്ചടങ്ങ്.

കേരളസംസ്ഥാന വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി ശ്രീ. വി. ശിവൻകുട്ടിയാണ് തിരുവനന്തപുരം സെൻ്റർ ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി ശ്രീ. ശിവൻകുട്ടി തിരുവനന്തപുരം സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

തിരുവനന്തപുരം സെൻ്റർ, ഫൗണ്ടേഷൻ്റെ കേരളത്തിലെ ആദ്യത്തെ സെൻ്റർ ആണ്. നിലവിൽ ബാംഗ്ലൂരിൽ, ധർമ്മാരാം കോളേജിലാണ് ഫൗണ്ടേഷൻ്റെ ഡിജിറ്റൈസേഷൻ സെൻ്റർ കഴിഞ്ഞ ഒന്നര വർഷത്തിനു മേലായി പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് സെൻ്റർ തുറക്കുന്നതോടെ കൂടുതൽ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനാകും.

തിരുവനന്തപുരത്തെ ഉദ്ഘാടനചടങ്ങിൽ തിരുവനന്തപുരത്തും സമീപജില്ലകളിലുമായി താമസമുള്ളവരും കേരള പുരാരേഖകളുടെ ഡിജിറ്റൽ സംരക്ഷണത്തിൽ താല്പര്യവുമുള്ള അഭ്യുദയകാംക്ഷികൾ സംബന്ധിച്ചു. അതിനു പുറമെ ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകരും മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും സദസ്സിൻ്റെ ഭാഗമായി.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് പുറമെ പി. ഗോവിന്ദപ്പിള്ളയുടെ മക്കളായ ആർ. പാർവ്വതീദേവി, എം.ജി. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അവർക്കു പുറമെ പുസ്തക ചരിത്രകാരനും സാഹിത്യ നിരൂപകനുമായ പി. കെ. രാജശേഖരൻ, പ്ലാനിംഗ് ബോർഡംഗം കെ. രവി രാമൻ, പിഎസ്‍സി ചെയർമാൻ എം.ആർ. ബൈജു, KITE CEO കെ. അൻവർ സാദത്ത്, Technopark മുൻ CEO ജി. വിജയരാഘവൻ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, അദ്ധ്യാപകരായ അച്യുത് ശങ്കർ, ബാബു ചെറിയാൻ എന്നിവർ, ഡോ. സ്കറിയാ സക്കറിയുടെ മകനും ബാംഗ്ലൂർ ലോ സ്കൂൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഇന്ത്യൻ കോപ്പിറൈറ്റ് നിയമങ്ങളിൽ വിദഗ്ധനുമായ അരുൾ സ്കറിയ, പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, കവിയും മലയാളം മിഷൻ മുൻ രജിസ്ട്രറുമായ വിനോദ് വൈശാഖി, ചരിത്രകാരനും
മാതൃഭൂമി മുൻ ന്യൂസ് എഡിറ്ററുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സിബു സി.ജെ., സന്തോഷ് തോട്ടിങ്ങൽ, കാവ്യാമനോഹർ, സെബിൻ എബ്രഹാം, ജുനൈദ് പി.വി., കെവിൻ സിജി തുടങ്ങിയവരും സംബന്ധിച്ചു.

ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകർ ആയ കണ്ണൻ ഷണ്മുഖം, ടോണി ആൻ്റണി, രാജേഷ് ഒടയഞ്ചാൽ, തുടങ്ങിയ സഹപ്രവർത്തകരും, ബാംഗ്ളൂർ സെൻ്റർ ടീം അംഗളായ സതീഷ് തോട്ടാശ്ശേരി, റീന പോൾ എന്നിവരും ബാംഗ്ളൂർ ധർമ്മാരാം കോളേജ് ലൈബ്രേറിയൻ ഷൈജു വി.ജെ തുടങ്ങി ഗ്രന്ഥപ്പുരയൊടു ചേർന്നു പ്രവർത്തിക്കുന്ന നിരവധി സുഹൃത്തുക്കൾ ചടങ്ങിൽ സംബന്ധിച്ചു.

ഫൗണ്ടേഷൻ്റെ ബാംഗ്ലൂർ സെൻ്റർ ടീം അംഗവും സാഹിത്യകാരനുമായ ശ്രീ. സതീഷ് തോട്ടാശ്ശേരിയാണ് ചടങ്ങ് നിയന്ത്രിച്ചത്.

പി. ഗോവിന്ദപ്പിള്ളയുടെ മകളായ ആർ. പാർവ്വതീദേവിയുടെ സ്വാഗതത്തോടെ ചടങ്ങ് ആരംഭിച്ചു.

അതിനെ തുടർന്ന്, ഫൗണ്ടേഷൻ ഡയറക്ടറായ ഷിജു അലക്സ് ഗ്രന്ഥപ്പുര പദ്ധതിയുടെ നാൾവഴിയും ഭാവി പദ്ധതികളും ഫൗണ്ടേഷൻ്റെ മറ്റു പദ്ധതികളെ കുറിച്ചും ലഘുവായി വിശദീകരിച്ചു.

തുടർന്ന് കേരളസംസ്ഥാന വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി ശ്രീ. ശിവൻകുട്ടിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു.

അദ്ദേഹം തൻ്റെ ഉൽഘാടന പ്രസംഗത്തിൽ താഴെ പറയുന്ന വിധത്തിൽ പ്രസ്താവിച്ചു:

മലയാളത്തിന്റെ അപൂർവ ഗ്രന്ഥങ്ങൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന മഹാദൗത്യം ഏറ്റെടുത്തിരിക്കുന്ന “ഗ്രന്ഥപ്പുര’ യുടെ തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പി ജിയുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു കൊണ്ടാണീ തുടക്കം എന്നത് വളരെയേറെ സന്തോഷവും അഭിമാനവും നൽകുന്നു. നിങ്ങളുടെ ഏവരുടെയും അംഗീകാരത്തോടു കൂടി ഗ്രന്ഥപ്പുരയുടെ തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

ഷിജു അലക്‌സും സംഘവും ഒരു സാമൂഹ്യ സേവനം എന്ന നിലയിലാണീ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇതിനിടയിൽ തന്നെ ആയിരകണക്കിന് അമൂല്യ ഗ്രന്ഥങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംരക്ഷിക്കുവാൻ ഇവർ തയാറായിട്ടുണ്ട് എന്നത് അഭിനന്ദനം അർഹിക്കുന്നു.

തിരുവനന്തപുരം സെൻ്ററിൻ്റെ ഉൽഘാടനത്തെ തുടർന്ന്, പി. ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.

ഉൽഘാടനത്തിന് ശേഷം, പി ഗോവിന്ദപ്പിള്ളയുടെ മകൻ കൂടിയായ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ ആശംസാപ്രസംഗം നടത്തി.

അതിനെ തുടർന്ന് കേരളരേഖകളുടെ ഡിജിറ്റൽ സംരക്ഷണം – നിലവിലെ സ്ഥിതിയും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഊന്നി പുസ്തക ചരിത്രകാരനും സാഹിത്യ നിരൂപകനുമായ പി. കെ. രാജശേഖരൻ നയിച്ച പൊതു ചർച്ച തുടങ്ങി.

പി. കെ. രാജശേഖരൻ നയിച്ച ചർച്ചയിൽ ധാരാളം ആളുകൾ പങ്കാളികളായി. ഇത്തരം പുരാരേഖ പദ്ധതിയുടെ പ്രാധാന്യവും അത് നിലനിന്നു പോകേണ്ടതിൻ്റെ ആവശ്യകതയും അതിനായുള്ള വിഭവ സമാഹരണവും എല്ലാം ചർച്ചയുടെ ഭാഗമായി. പദ്ധതിയുടെ പുരോഗതിക്കു വേണ്ടിയുള്ള വിവിധ നിർദ്ദേശങ്ങൾ സദസ്സിൽ നിന്നുണ്ടായി.

ചർച്ചയ്ക്ക് ശേഷം ഫൗണ്ടേഷൻ ഡയറക്ടർ ആയ ജിസോ ജോസ് എല്ലവർക്കും നന്ദി അറിയിച്ചു,

ഏകദേശം 5 മണിയോടെ ഉൽഘാടനച്ചടങ്ങ് അവസാനിച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഉൾപ്പെട്ട ഒരു ചായസൽക്കാരം ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത് എല്ലാവരും അന്യോന്യം പരിചയം പുതുക്കി.


Comments

Leave a Reply

Your email address will not be published. Required fields are marked *