ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെയും കേരളരേഖകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിക്കുന്ന ഗ്രന്ഥപ്പുര വെബ് പോർട്ടലിൻ്റെയും ഉൽഘാടനം കഴിഞ്ഞിട്ട് ഇന്ന് രണ്ടു വർഷം പൂർത്തിയായി.

2022 ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജൂനിയർ കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു ഉൽഘാടന ചടങ്ങ്. ഉൽഘാടനത്തെ പറ്റിയുള്ള വിശദാംശങ്ങൾ ആ സമയത്ത് എഴുതിയ ഈ ബ്ലോഗ് പോസ്റ്റിൽ ഉണ്ട്.
ഒന്നാം വാർഷികമായപ്പോൾ ഏതാണ്ട് 900ത്തോളം രേഖകൾ ആണ് ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്നത്. അതിനു ശേഷം കഴിഞ്ഞ ഒരു വർഷം കൊണ്ട് 1250 നടുത്ത് രേഖകൾ ഡിജിറ്റൈസ് ചെയ്തു.
ഒരു താരതമ്യത്തിനു മുതിർന്നാൽ, ഏതാണ്ട് 12 വർഷം എടുത്തിട്ടാണ് https://shijualex.in/ ൽ എന്ന ബ്ലോഗിൽ സന്നദ്ധപ്രവർത്തനത്തിലൂടെ 2000ത്തിനടുത്ത് രേഖകൾ ഡിജിറ്റൈസ് ചെയ്തത്. എന്നാൽ ഇപ്പോൾ കമ്പനി ആയതിനു ശേഷം 2 വർഷം കൊണ്ട് തന്നെ 2150 ൽ പരം രേഖകൾ ഡിജിറ്റൈസ് ചെയ്തു സന്നദ്ധപ്രവർത്തനത്തിലൂടെ നടത്തിയ പ്രവർത്തനത്തെ കവച്ചു വെച്ചു. ഫൗണ്ടേഷൻ ആക്കിയതിൻ്റെ പ്രധാന ഉദ്ദേശം സന്നദ്ധപ്രവർത്തനത്തിൻ്റെ നിരവധി പരിമിതികൾ മറികടക്കുക എന്നത് ആയതിനാൽ ഡിജിറ്റൈസ് ചെയ്ത രേഖകളുടെയും പേജുകളുടെയും എണ്ണത്തിൻ്റെ കാര്യത്തിൽ ഫൗണ്ടെഷൻ 2 വർഷം കൊണ്ട് തന്നെ ലക്ഷ്യം കൈവരിച്ചു. ഗ്രന്ഥപ്പുര പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്ത മൊത്തം രേഖകളുടെ എണ്ണം 4150 നടുത്തായി. മൊത്തം പേജുകളുടെ എണ്ണം നാലു ലക്ഷത്തി പതിനായിരം കടന്നു.
ഈ നില കൈവരിക്കാൻ സഹായമായത് ഇങ്ങനെ ഒരു നോൺ-പ്രോഫിറ്റ് സംഘടന രൂപീകരിക്കാൻ സഹായിച്ച ഡോണറുമാരും, ഫൗണ്ടെഷനുമായി വിവിധ പദ്ധതികൾക്കായി കരാറുകൾ ഒപ്പു വെച്ച സ്ഥാപനങ്ങളും, വ്യക്തികളും, പലവിധത്തിൽ സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരും പിന്നെ ഫൗണ്ടേഷൻ്റെ നാലു പൂർണ്ണസമയ ജീവനക്കാരുമാണ്.
തിരുവനന്തപുരത്ത് സെൻ്റർ തുടങ്ങിയത് ആണ് കഴിഞ്ഞ ഒരു വർഷത്തെ പ്രധാനനേട്ടം. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
ബാംഗ്ലൂർ, തിരുവനന്തപുരം എന്നിടങ്ങളിലായി രണ്ടു സെൻ്ററുകൾ ആണ് നിലവിൽ ഫൗണ്ടെഷനുള്ളത്. ഇതിൽ ബാംഗ്ലൂർ സെൻ്ററിലെ പ്രവർത്തനങ്ങൾ സതീഷ് തോട്ടാശ്ശേരി, റീനാ പോൾ എന്നിവർ ആണ് നയിക്കുന്നത്. തിരുവനന്തപുരം സെൻ്ററിലെ പ്രവർത്തനങ്ങൾ മനോജ് എബനീസർ, മീന കൂട്ടാല എന്നിവർ നയിക്കുന്നു.
മുൻകാലങ്ങളിൽ തുടങ്ങിയതും ഇപ്പോഴും തുടർന്നു പോകുന്നതുമായ താഴെ പറയുന്ന സജീവപദ്ധതികൾ ഗ്രന്ഥപ്പുരയ്ക്ക് ഉണ്ട്.
- ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതി – അതിലൂടെ ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഇവിടെ കാണാം.
- ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി – അതിലൂടെ ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഇവിടെ കാണാം.
- സിനിമാ പാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ പദ്ധതി – അതിലൂടെ ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഇവിടെ കാണാം.
- പ്രൊഫസർ സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി – അതിലൂടെ ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഇവിടെ കാണാം.
- ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജ് ആർക്കൈവ്സിലെ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി – ഇവിടെ നിന്നുള്ള രേഖകൾ ഇവിടെ കാണാം.
അതിനു പുറമെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ താഴെ പറയുന്ന 2 പദ്ധതികൾ കൂടെ ആരംഭിച്ചു.
- ഡോ. പി. ഗോവിന്ദപിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി – അതിലൂടെ ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഇവിടെ കാണാം.
- കൊല്ലം പെരിനാട് സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി. – അതിലൂടെ ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഇവിടെ കാണാം.
ഗവേണിങ്ങ് കൗൺസിലിൻ്റെ മേൽ നോട്ടം ഉണ്ടെങ്കിലും ഫൗണ്ടേഷൻ്റെ ജീവനക്കാരായ സതീഷ് തോട്ടാശ്ശേരി റീനാ പോൾ, മനോജ് എബനീസർ, മീന കൂട്ടാല ആണ് ദിനം പ്രതിയുള്ള ഡിജിറ്റൈസേഷൻ പണികൾ കൈകാര്യം ചെയ്യുന്നത്. അവരുടെ സേവനം വളരെ വലുതാണ്.
ഗ്രന്ഥപ്പുരയുടെയും അനുബന്ധസൈറ്റുകളുടെയും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ജുനൈദ് പി.വി. ആണ്. രാജേഷ് ഒടയഞ്ചാൽ, ഹിരൺ വേണുഗോപാലൻ എന്നിവരും ചില കാര്യങ്ങളിൽ സഹായിച്ചു.
അതിനു പുറമെ ഫേസ് ബുക്കിൽ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനെ പറ്റിയുള്ള അറിയിപ്പുകൾ ഇട്ട് സഹായിക്കുന്ന കണ്ണൻ ഷണ്മുഖം, ഷാജി അരിക്കാട്, Sulthana Nasrin, Anto George എന്നിവർക്കും നന്ദി.
ഓളം നിഘണ്ടു ഫൗണ്ടേഷൻ്റെ ഭാഗമായി തീർന്നത് ഈ വർഷം നടന്ന പ്രധാനസംഗതിയാണ്. അതിനു പുറമെ സമം എന്ന ദ്രാവിഡഭാഷ ഓൺ ലൈൻ നിഘണ്ടുവും ഫൗണ്ടേഷൻ്റെ ഭാഗമായി.
ഇനി മുൻപോട്ട്, ഗ്രന്ഥപ്പുരയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ പണിപ്പുരയിലൂണ്ട്. അതിനു പുറമെ, ബന്ധപ്പെട്ട മറ്റു പല ആർക്കൈവൽ പദ്ധതികളെ പറ്റി ചർച്ചകൾ നടക്കുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
Leave a Reply