Skip to content
1 min read

ഗ്രന്ഥപ്പുരയുടെ എറണാകുളം സെൻ്റർ ഉദ്ഘാടനം ചെയ്തു

ഗ്രന്ഥപ്പുരയുടെ എറണാകുളം സെൻ്റർ ഉദ്ഘാടനം ചെയ്തു

ബാംഗ്ലൂർ, ചെന്നെ, തിരുവനന്തപുരം, കോട്ടയം എന്നീ നാലു സെൻ്ററുകൾക്ക് ശേഷം ഗ്രന്ഥപ്പുര അതിൻ്റെ പ്രവർത്തനം എറണാകുളത്തേക്കു കൂടി വ്യാപിപ്പിക്കുകയാണ്.

പ്രശസ്ത സാഹിത്യകാരൻ പി.എഫ്. മാത്യൂസ് ആണ് 2026 ഫെബ്രുവരി 11 രാവിലെ 11:30യ്ക്ക് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുന്ന വലിയൊരു പ്രക്രിയ ആയി മാറുകയാണ് ഗ്രന്ഥപ്പുരയുടെ ഡിജിറ്റൽ ആർക്കൈവിംഗ് പ്രവർത്തനങ്ങൾ എന്ന് ശ്രീ പി.എഫ്. മാത്യൂസ് പറഞ്ഞു. മലയാളത്തിൽ ഇതുവരെ പൊതുജനങ്ങൾക്കു ലഭ്യമല്ലാതിരുന്ന നിരവധി അപൂർവ ഗ്രന്ഥങ്ങൾ ഗ്രന്ഥപ്പുരയിലൂടെ ഇന്ന് ലഭ്യമാണ്. ഗ്രന്ഥപ്പുര പദ്ധതി മുഴുവൻ ഭാഷാ സ്നേഹികളുടെയും പ്രോത്സാഹനവും പിന്തുണയും അർഹിക്കുന്നുവെന്നും പി.എഫ്. മാത്യൂസ് പറഞ്ഞു.

എറണാകുളം നോർത്ത് (ടൗൺ) റെയിൽവേ സ്റ്റേഷനടുത്ത് സത്യദീപത്തിൻ്റെ ഓഫീസ് പരിസരത്താണ് ഗ്രന്ഥപ്പുരയ്ക്ക് ഇതിനായി സ്ഥലം ലഭ്യമായത്. പ്രസിദ്ധീകരണത്തിൻ്റെ നൂറാം വയസ്സിലേക്ക് കടക്കുന്ന സത്യദീപം അധികാരികൾ ഇതിനായി സ്ഥലം തന്നത് ഗ്രന്ഥപ്പുരയെ സംബന്ധിച്ച് അതിൻ്റെ ഇത്രനാളത്തെ പ്രവർത്തനത്തിനുള്ള അംഗീകരമായി കൂടെ ഞങ്ങൾ കരുതുന്നു. അതിനുള്ള ചർച്ചകൾക്ക് മുൻകൈ എടുത്തത് സത്യദീപത്തിൻ്റെ ഇപ്പോൾഴത്തെ എഡിറ്റർ ഫാദർ മാർട്ടിൻ എടന്ത്രയത്തും സത്യദീപം സബ് എഡിറ്റർ ഷിജു ആച്ചാണ്ടിയുമാണ്. അവരോട് ഗ്രന്ഥപ്പുരയ്ക്ക് കടപ്പാടുണ്ട്.

1927ൽ സ്ഥാപിതമാവുകയും ശതാബ്ദിയാഘോഷങ്ങൾക്കൊരുങ്ങുകയും ചെയ്യുന്ന സത്യദീപം വാരികയുടെ ആദ്യകാല വർഷങ്ങളിലെ ലക്കങ്ങളുടെ ഡിജിറ്റൈസേഷനും ഉദ്ഘാടനം ചെയ്യപ്പെട്ടു.

എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റോ ചേരാംതുരുത്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എം വി ബെന്നി, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ പ്രസംഗിച്ചു. സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത് സ്വാഗതവും ഷിജു ആച്ചാണ്ടി നന്ദിയും പറഞ്ഞു.

എറണാകുളം സെൻ്റർ ഉദ്ഘാടനത്തിന് ഗ്രന്ഥപ്പുര സുഹൃത്തുക്കളായ കണ്ണൻ മാഷ്, സുഗീഷ്, റാം മോഹൻ പാലിയത്ത്, സജീവ് ബാലചന്ദ്രൻ, മൻസൂർ, അജയ് ബാലചന്ദ്രൻ തുടങ്ങിയവരും എറണാകുളത്തുള്ള മറ്റു സുഹൃത്തുക്കളും എത്തിയിരുന്നു.

ഗ്രന്ഥപ്പുര എറണാകുളത്ത് എത്തിയ സ്ഥിതിക്ക്, ഇനി എറണാകുളത്തിന് സമീപപ്രദേശങ്ങളിലുള്ള ശേഖരങ്ങളിലേക്ക് എത്തുക എന്നത് പ്രധാനമാണ്. അത്തരം ശേഖരങ്ങളിലേക്ക് എത്താൻ എല്ലാവരും സഹകരിക്കണം.