ആമുഖം
2025, Indic Digital Archive Foundation - IDAFനെ (https://indicarchive.org/) സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വർഷമായിരുന്നു. പ്രധാനപദ്ധതികളായ ഗ്രന്ഥപ്പുര, ഓളം, സമം എന്നിവയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പുറമെ സ്വതന്ത്രവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പ്രധാനപ്പെട്ട ഉപപദ്ധതികൾക്കും ചർച്ചകൾക്കും തുടക്കം കുറിക്കാൻ കഴിഞ്ഞ വർഷം കൂടിയാണ് 2025.
താഴെ വിവിധ ഉപവിഭാഗങ്ങളിലായി 2025ൽ നടന്ന പ്രധാനപരിപാടികൾ സംഗ്രഹിച്ചിരിക്കുന്നു.
ഗ്രന്ഥപ്പുര
കേരളവുമായി ബന്ധപ്പെട്ട പുരാരേഖകളെ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിച്ച് സൗജന്യമായി ലഭ്യമാക്കുന്ന ഗ്രന്ഥപ്പുര പദ്ധതി (https://gpura.org/) IDAFൻ്റെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്ന പദ്ധതിയാണ്.

ഗ്രന്ഥപ്പുരയുടെ വളർച്ച, വിപുലീകരണം, ഉറച്ച അടിത്തറകൾ
ഗ്രന്ഥപ്പുര 2009 മുതലെങ്കിലും ഉണ്ടെങ്കിലും, 2022 ഒക്ടോബർ 30-ന് IDAF എന്ന നോൺപ്രോഫ്റ്റ് സ്ഥാപനം രൂപീകരിക്കുകയും പുതിയ വെബ്സൈറ്റിലേക്ക് മാറുകയും ചെയ്തതോടെയാണ് ഗ്രന്ഥപ്പുര സജീവമായ ഒരു സംരംഭമായി മാറിയത്. തുടർന്ന് വന്ന വർഷങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, വർക്ക്‌ഫ്ലോകൾ, ശേഖരണ തന്ത്രങ്ങൾ, കമ്മ്യൂണിറ്റി ഇടപെടലുകൾ — ഇവയെല്ലാം ക്രമേണ പതിയെ രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
2025-നെ വ്യത്യസ്തമാക്കുന്നത് തുടക്കമല്ല, മറിച്ച് വേഗതയും വിപുലീകരണവും ആയിരുന്നു. സമർപ്പിതമായ, പൂർണ്ണസമയ പ്രവർത്തനഏകോപനം ലഭിച്ചതോടെ മുമ്പേ സ്ഥാപിച്ചിരുന്ന അടിത്തറകൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ തുടങ്ങി. ഈ വർഷം ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾ വ്യക്തമായി ദൃശ്യമായ ഘട്ടത്തിലേക്ക് കടന്നു. പൂർണ്ണസമയ പ്രവർത്തന ഏകോപനം ലഭിച്ചതോടെ:
- സെൻ്ററുകൾ തമ്മിലുള്ള കോർഡിനേഷൻ മെച്ചപ്പെട്ടു
- പുതിയ പദ്ധതികൾക്കായുള്ള ചർച്ചകൾ എളുപ്പമായി
- തീരുമാനം എടുക്കുന്ന പ്രക്രിയ വേഗത്തിലായി
- ഗുണനിലവാര നിയന്ത്രണം സ്ഥിരത നേടി
- സ്ഥാപനങ്ങളുമായുള്ള ഫോളോ-അപ്പ് കൂടുതൽ ഫലപ്രദമായി
ഇതിന്റെ ഫലമായി, മുൻപ് പതുക്കെ മുന്നേറിക്കൊണ്ടിരുന്ന പല പ്രവർത്തനങ്ങളും 2025ൽ വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചു.
മദ്രാസ് യൂണിവേഴ്സിറ്റി ഡിജിറ്റൈസേഷൻ സെൻ്റർ
2025-ലെ ഏറ്റവും നിർണായകമായ നേട്ടങ്ങളിൽ ഒന്നാണ് മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയുമായി ചേർന്ന് ആരംഭിച്ച ഡിജിറ്റൈസേഷൻ സെൻ്റർ. തുടക്കത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും, ഈ പദ്ധതി ഗ്രന്ഥപ്പുരയ്ക്ക് വഴിത്തിരിവായി മാറി.
- അക്കാദമിക് മൂല്യമുള്ള അപൂർവ രേഖകൾ ഗ്രന്ഥപ്പുര ശേഖരത്തിലേക്ക് എത്തി
- സർക്കാർ തലത്തിൽ വലിയ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് ഡിജിറ്റൈസേഷൻ കൈകാര്യം ചെയ്യാനുള്ള ശേഷി തെളിയിച്ചു
- മറ്റു സർവകലാശാലകളും പൊതുസ്ഥാപനങ്ങളും ഗ്രന്ഥപ്പുരയെ കൂടുതൽ ഗൗരവത്തോടെ കാണാൻ തുടങ്ങി

ഈ പദ്ധതിയെ സംബന്ധിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടിംഗും ജനശ്രദ്ധ നേടി, ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ കൂടുതൽ ദൃശ്യത ലഭിക്കാൻ ഇത് സഹായിച്ചു.
കോട്ടയം പബ്ലിക് ലൈബ്രറി സെൻ്റർ
2025-ൽ ആരംഭിച്ച മറ്റൊരു പ്രധാന കേന്ദ്രമാണ് കോട്ടയം പബ്ലിക് ലൈബ്രറി ഡിജിറ്റൈസേഷൻ സെൻ്റർ. അക്കാദമിക് ലൈബ്രറികളോടൊപ്പം പൊതു ലൈബ്രറികളുമായുള്ള സഹകരണം ഗ്രന്ഥപ്പുരയ്ക്ക് എത്രമാത്രം പ്രധാനമാണെന്നതിന്റെ ഉദാഹരണമാണ് ഈ കേന്ദ്രം.
- പ്രദേശികചരിത്രവും കോട്ടയത്തിൻ്റെ അച്ചടിപാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രേഖകൾ കണ്ടെടുക്കാൻ ഇത് സഹായിക്കുന്നു.
- ഗ്രന്ഥപ്പുരയുടെ കേരളത്തിലെ സാന്നിദ്ധ്യം ശക്തമാക്കുന്നു.

2024 അവസാനം തുടങ്ങിയ തിരുവനന്തപുരവും 2025ൽ തുടങ്ങിയ മദ്രാസും കോട്ടയവും ചേർന്ന്, ഗ്രന്ഥപ്പുരയെ ബാംഗ്ലൂർ എന്ന ഒറ്റ കേന്ദ്രത്തിൽ നിന്ന് മൾട്ടി-സെൻ്റർ പ്രവർത്തനത്തിലേക്ക് മാറാൻ സഹായിച്ചു പ്രതീകങ്ങളായി.
C-DITമായുള്ള സഹകരണം
ഗ്രന്ഥപ്പുര നിർണ്ണയിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് C-DIT-മായുള്ള ഡിജിറ്റൈസേഷൻ പങ്കാളിത്തം ഉറപ്പിക്കാനായത് 2025-ലെ വലിയൊരു നേട്ടമാണ്.
ഈ സഹകരണം:
- സ്കെയിൽ-അപ്പ് ഘട്ടത്തിൽ ചിലവ് നിയന്ത്രിക്കാൻ സഹായിച്ചു
- ലോകോത്തരനിലവാരത്തിലുള്ള ഡിജിറ്റൈസേഷൻ സാമഗ്രികളുടെ ലഭ്യത സാദ്ധ്യമാക്കി
- മറ്റു പൊതുസ്ഥാപനങ്ങളുമായി സംസാരിക്കുമ്പോൾ ഗ്രന്ഥപ്പുരയ്ക്ക് കൂടുതൽ വിശ്വാസ്യത നൽകി.

“പലക” — പോസ്റ്റ്-പ്രോസ്സസിങ് ആപ്ലിക്കേഷൻ
ചിലവേറിയ പോസ്റ്റ്-പ്രോസ്സസിങ് ആപ്ലിക്കേഷൻ, ഗ്രന്ഥപ്പുരയുടെ പ്രവർത്തനം വിപുലീകരിക്കാൻ വലിയ തടസ്സമായിരുന്നു. 2025-ൽ “പലക” എന്ന ഗ്രന്ഥപ്പുരയുടെ പോസ്റ്റ്-പ്രോസ്സസിങ് ആപ്ലിക്കേഷൻ്റെ നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായി. പബ്ലിക് റിലീസിന് ഇനിയും പണികൾ ബാക്കിയുണ്ടെങ്കിലും, ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ അതിന്റെ നിർമ്മണം സഹായിച്ചു. ഗ്രന്ഥപ്പുര സുഹൃത്തുക്കളായ അതുലും പ്രണവും ചേർന്നാണ് അതിൻ്റെ ഡെവലപ്പ്മെൻ്റ് പണികൾ ചെയ്യുന്നത്.

L Ruler ൻ്റെ നിർമ്മാണം
രേഖകളുടെ യഥാർത്ഥമാനങ്ങൾ ഡിജിറ്റൽ കോപ്പിയിൽ കാണുന്നില്ല. അത് ഡിജിറ്റലായി ഒപ്പിയെടുക്കാനുള്ള പരിഹാരം പലരും ആവശ്യപ്പെടുന്നതും ദീർഘകാലമായി ആലോചനയിൽ ഉണ്ടായിരുന്നതും ആണ്. പക്ഷെ അങ്ങനൊരു സംഗതി എവിടെയും ലഭ്യമല്ല. അജിൻ അശോകൻ പ്രശ്നം മനസ്സിലാക്കി അതിനായി ഒരു പരിഹാരം സ്വന്തമായി വികസിപ്പിച്ചെടുത്തു.

ശേഖരത്തിന്റെ വളർച്ച
2025-ൽ ഗ്രന്ഥപ്പുരയിലൂടെ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ എണ്ണം താഴെ പറയുന്ന വിധത്തിൽ ക്രമമായി വർദ്ധിച്ചു:
- 5,000 രേഖകൾ കടന്നു (2025 മെയ് 12)
- 6,000 രേഖകൾ കടന്നു (2025 സെപ്റ്റംബർ 29)
- 7,000 രേഖകൾ കടന്നു (2025 ഡിസംബർ 31)
അങ്ങനെ 7000+ രേഖകളുമായാണ് ഗ്രന്ഥപ്പുര 2026ലേക്ക് കാലെടുത്ത് വെച്ചത്. കേരള ചരിത്രം, സാഹിത്യം, സാംസ്കാരിക പഠനങ്ങൾ എന്നിവയ്ക്കുള്ള റഫറൻസ് പ്ലാറ്റ്ഫോം എന്ന നിലയിൽ ഗ്രന്ഥപ്പുര കൂടുതൽ ശക്തിയാർജ്ജിച്ചു.
മാദ്ധ്യമ ശ്രദ്ധ
2025-ൽ ഗ്രന്ഥപ്പുരയും ഓളവും സമവും നിരവധി മാദ്ധ്യമങ്ങളുടെ ശ്രദ്ധനേടി നേടി. ഡിജിറ്റൽ ആർക്കൈവിംഗ് എന്ന ആശയത്തിലേക്കും തുറന്ന ആക്‌സസ് സംരക്ഷണത്തിലേക്കും പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ഇത് സഹായകമായി.
ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തക സമൂഹത്തിൻ്റെ കൂടിച്ചേരൽ - 2025 നവംബർ 1 അൺകോൺഫറൻസ്
ഗ്രന്ഥപ്പുരയുടെ ഏറ്റവും വലിയ സമ്പത്ത് പദ്ധതിയെ സ്നേഹിക്കുകയും അതിനെ പലവിധത്തിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന സന്നദ്ധപ്രവർത്തക സമൂഹമാണ്. കഴിഞ്ഞ 16ൽ പരം വർഷങ്ങളായി അവർ ഗ്രന്ഥപ്പുരയെ സഹായിക്കുന്നെങ്കിലും അവരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. 2025 നവംബർ 1-ന് കോഴിക്കോട് വെച്ച് നടന്ന കമ്മ്യൂണിറ്റി അൺകോൺഫറൻസ് ഗ്രന്ഥപ്പുരയുടെ സാമൂഹിക വളർച്ചയിലെ ഒരു നിർണായക ഘട്ടമായിരുന്നു.
- സന്നദ്ധപ്രവർത്തകർ
- ഗവേഷകർ
- പിന്തുണയ്ക്കുന്നവർ
തുടങ്ങി പലവിധത്തിൽ പദ്ധതിയോട് സഹകരിക്കുന്നവർ എല്ലാവരും ഒരേ നിലയിൽ നിന്ന് ആശയങ്ങൾ പങ്കുവെച്ച ഒരു തുറന്ന വേദി. മെറ്റാഡാറ്റ, വർക്ക്‌ഫ്ലോ, ഭാവിദിശകൾ—എല്ലാം സംവാദത്തിലൂടെ രൂപപ്പെട്ടത് ഈ പരിപാടിയുടെ സവിശേഷതയായി.

IndicArchive കമ്മ്യൂണിറ്റി ഫോറം
സന്നദ്ധപ്രവർത്തക സമൂഹത്തിൻ്റെ കൂടിച്ചേരലിൽ ഉയർന്ന ആവശ്യപ്രകാരം 2025 അവസാനം ആരംഭിച്ച കമ്മ്യൂണിറ്റി ഫോറം (https://forum.indicarchive.org/) ഗ്രന്ഥപ്പുരയെയും അതിന്റെ അനുബന്ധ പദ്ധതികളെയും കുറിച്ചുള്ള സംവാദങ്ങൾക്ക് സ്ഥിരം വേദിയായി.
- വാർത്തകൾ
- ഡിജിറ്റൈസേഷൻ ചർച്ചകൾ
- ശേഖരങ്ങളിലേക്കുള്ള ഫീഡ്ബാക്ക്
- ബഗ് റിപ്പോർട്ടുകൾ
- ഫീച്ചർ നിർദേശങ്ങൾ
ഇവയെല്ലാം തുറന്ന രീതിയിൽ സ്വീകരിക്കാൻ ഈ ഫോറം സഹായിക്കുന്നു.

ഓളം
2025 ഓളത്തെ സംബന്ധിച്ച് നിർണായകമായ ഒരു വർഷമായിരുന്നു. ഓളം നിഘണ്ടു (https://olam.in/) പ്രവർത്തനമാരംഭിച്ചിട്ട് 15 വർഷം പൂർത്തിയായി.
E. K. Kurup കോർപ്പസ് ഓളത്തിലേക്ക് സംയോജിപ്പിച്ചതാണ് 2025ൽ ഓളത്തിൽ നടന്ന പ്രധാന അപ്ഡേറ്റ്. അതിനു പുറമെ സൈറ്റിൽ നിരവധി ടെക്നിക്കൽ മാറ്റങ്ങളും നടത്തി.

അപ്ഡേറ്റിന് ശേഷം — ഓളം
- ഇംഗ്ലീഷ് വാക്കുകൾ/പര്യായങ്ങൾ: 3.43+ ലക്ഷം
- മലയാളം വാക്കുകൾ/പര്യായങ്ങൾ: 9.82+ ലക്ഷം
- പ്രതിമാസ ഉപയോഗം: 20+ ലക്ഷം തിരച്ചിലുകൾ
ലളിതമായ വാക്ക്-വാക്ക് വിവർത്തനത്തിനപ്പുറം, ആശയാത്മക ബന്ധങ്ങൾ അടിസ്ഥാനമാക്കിയുള്ള ഘടന ഓളത്തിനെ ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-ഡാറ്റ നിഘണ്ടുക്കളിലൊന്നായി മാറ്റുന്നു.
ഓളത്തിൻ്റെ പുതിയ മൊബൈൽ ആപ്പിൻ്റെ വികസനം അണിയറയിൽ നടക്കുന്നുണ്ട്. അത് പുറത്തിറങ്ങിയാൽ ഓളത്തിൻ്റെ ഉപയോഗരീതികളിലും വ്യാപ്തിയിലും എന്തൊക്കെ മാറ്റങ്ങൾ വരുമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ഗ്രന്ഥപ്പുര - ഓളം - 2025 അവസാനമുള്ള സ്ഥിതിവിവരക്കണക്ക്
2025 അവസാനമായപ്പോളുള്ള സ്ഥിതിവിവരം താഴെയുള്ള ഇൻഫോഗ്രാഫിക്കിൽ നിന്ന് ലഭ്യമാകും.
സമം
സമത്തിൽ (https://samam.net/) ഏകദേശം 17,000 വാക്കുകളുടെ അർത്ഥങ്ങൾ നാലു ദ്രാവിഡ ഭാഷകളിൽ (മലയാളം, തമിഴ്, കന്നഡ, തെലുങ്ക്) ലഭ്യമാക്കിയിരിക്കുന്നു.

2025ൽ സമവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന പ്രവർത്തനം, ഈ പദ്ധതി വിപുലീകരിച്ച് പുഷ്ടിപ്പെടുത്താനായി 4 ഭാഷകളിലെ ഡാറ്റാ പ്രൂഫ് റീഡിങ് കാര്യ എന്ന കമ്പനിയുമായി ചേർന്ന് തുടങ്ങിയതാണ്. അത് നടന്നു കൊണ്ടിരിക്കുന്നു.
സമം എന്ന ദ്രാവിഡ ഭാഷാ നിഘണ്ടുവിൻ്റെ ഉപജ്ഞാതാവായ ഞാറ്റ്യേല ശ്രീധരൻ 2025 ഓഗസ്റ്റ് 14 നു തൻ്റെ 87മത്തെ വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിനു പ്രണാമം.
വെല്ലുവിളികളും പാഠങ്ങളും
ഒരു പ്രസ്ഥാനം വളരുമ്പോൾ വെല്ലുവിളികൾ സ്വാഭാവികമാണ്.
IDAFൻ്റെ പദ്ധതികളിൽ ഏറ്റവും അധികം പ്രയത്നവും ധനവും വിനിയോഗിക്കേണ്ടി വരുന്ന പദ്ധതി ഗ്രന്ഥപ്പുരയാണ്. കാലത്തിനും സമയത്തിനും എതിരെ പടപൊരുതി രേഖകളെ രക്ഷിച്ചെടുത്ത് സംരക്ഷിക്കാനുള്ള ഓട്ടത്തിനിടെ കമ്പനിയുടെ പ്രവർത്തങ്ങൾക്ക് ഉണ്ടാകുന്ന വിവിധ തടസ്സങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങൾ മറികടക്കുന്നത്. അതിനു പുറമെയുള്ള മറ്റു വെല്ലുവിളികൾ താഴെ പറയുന്നവയാണ്.
- പദ്ധതി സ്കെയിൽ-അപ്പ് ചെയ്തപ്പോൾ ചിലവും വർദ്ധിച്ചു; എന്നാൽ കൂടുതൽ ഡോണറുമാർ ഇല്ലാത്തത് വെല്ലുവിളിയാണ്. IDAF ൻ്റെ നിലനിൽപ്പ് ഏകദേശം പൂർണ്ണമായി സമാഗത ഫൗണ്ടേഷൻ്റെ സഹായഹസ്തത്തെ ആശ്രയിച്ചാണ്. IDAF ൻ്റെ പദ്ധതികളുടെ കേരളത്തിനുള്ള ഫോക്കസ് കണക്കിലെടുത്ത് കൂടുതൽ കേരള കമ്പനികൾ സഹായത്തിനു വരണമെന്ന് ആശിക്കുന്നു.
- സർക്കാർ ഫണ്ടിംഗ് ശ്രമങ്ങൾ ഇതുവരെ ഫലവത്തായിട്ടില്ല
- ടെക്നിക്കൽ ജോലികൾ (പ്രധാനമായും Omeka - S) പൂർത്തിയാക്കാനുണ്ട്.
- തിരുവനന്തപുരം/ചെന്നെ സെൻ്ററുകളിൽ അവിടങ്ങളിലെ മറ്റു ലൈബ്രറികളുടെ/സ്ഥാപനങ്ങളുടെ സഹകരണം ലഭ്യമാവാത്തതിനാൽ അതിൻ്റെ പൂർണ്ണ ശേഷി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇവയെല്ലാം പരിഹരിക്കാവുന്ന ഘടനാപരമായ പ്രശ്നങ്ങൾ ആണെന്നതാണ് ആശ്വാസം.
മുന്നോട്ടുള്ള വഴി
2025 നെ സംബന്ധിച്ചിടത്തോളം IDAF ൻ്റെ പദ്ധതികളുടെ മുന്നേറ്റത്തിന്റെ വർഷം ആയിരുന്നു. മുൻപ് പണിതെടുത്ത അടിത്തറകൾ 2025-ൽ വ്യക്തമായ ഫലങ്ങൾ കാണിക്കാൻ തുടങ്ങി. മുന്നോട്ട് പോകുമ്പോൾ:
- സാമ്പത്തിക സ്ഥിരത
- കൂടുതൽ സ്ഥാപന പങ്കാളിത്തങ്ങൾ
- ശക്തമായ കമ്മ്യൂണിറ്റി ഇടപെടൽ
- തുറന്ന ആക്സസിനോടുള്ള പ്രതിബദ്ധത
ഇവയെല്ലാം തന്നെയാണ് IDAF ൻ്റെ പദ്ധതികളുടെ ദിശ.