കേരളത്തിൻ്റെയും മലയാളികളുടെയും ചരിത്രപരവും സാംസ്കാരികപരവും സാഹിത്യപരവുമായ പൈതൃകത്തിൻ്റെ ഏറ്റവും സമ്പന്നവും വിശ്വസനീയവുമായ ഡിജിറ്റൽ സംഭരണശാലയായി മാറിയ ഗ്രന്ഥപ്പുരയിലൂടെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്ത രേഖകളുടെ എണ്ണം 7,000 എന്ന നാഴികക്കല്ലു് 2025 ഡിസംബർ 31നു് പിന്നിട്ടതു് സന്തോഷത്തോടെ അറിയിക്കുന്നു.

അച്ചടി പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, അപൂർവ ഗ്രന്ഥങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, സർക്കാർ രേഖകൾ, സ്വകാര്യ ശേഖരങ്ങൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന ഈ 7,000-ത്തിലധികം രേഖകളുടെ ഡിജിറ്റൽ ശേഖരത്തിൽ, എല്ലാം ചേർന്ന് 7.51 ലക്ഷത്തിലധികം താളുകളാണ് ഡിജിറ്റൈസ് ചെയ്ത് ഗവേഷകരുടെയും പൊതുജനങ്ങളുടെയും ഉപയോഗത്തിനായി ലഭ്യമാക്കിയിരിക്കുന്നു.
ഇത് വെറും വലിപ്പത്തിൻ്റെ കണക്കല്ല — കേരളത്തിൻ്റെ ബൗദ്ധികവും സാമൂഹികവുമായ ചരിത്രത്തിൻ്റെ ഒരു ഭാഗം ഒരിടത്ത് ഡിജിറ്റലായി സമാഹരിക്കപ്പെട്ടിരിക്കുന്നതിൻ്റെ തെളിവാണ്.
ഒരു സമൂഹത്തിൻ്റെ കൂട്ടായ പരിശ്രമഫലം
രേഖകൾ കണ്ടെത്തൽ, അതിനെ ഡിജിറ്റൈസേഷനായി ഒരുക്കൽ, ഡിജിറ്റൈസേഷൻ, ഗുണനിലവാര പരിശോധന, മെറ്റാഡാറ്റ ക്യൂറേഷൻ, പൈതൃകസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പത്തോളം പൂർണ്ണസമയ ജീവനക്കാരുടെയും, പദ്ധതിയുമായി പലവിധത്തിൽ സഹകരിക്കുന്ന അമ്പതോളം സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഇപ്പൊൾ പിന്നിട്ട ഈ നാഴികക്കല്ല്.
ഞങ്ങൾ ആരംഭിച്ച യാത്രയും ഇന്നത്തെ സ്ഥിതിയും
ഗ്രന്ഥപ്പുരയുടെ യാത്ര ആരംഭിച്ചത് ലളിതമായാണെങ്കിലും ദൃഢമായ ലക്ഷ്യം അതിനുണ്ടായിരുന്നു — കേരളത്തിൻ്റെ പാഠപരവും ഡോക്യുമെൻ്ററി മൂല്യമുള്ളതുമായ പൈതൃകത്തിലേക്ക് എല്ലാവർക്കും പ്രവേശനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യമായിരുന്നത്.
ഗ്രന്ഥപ്പുരയിലൂടെ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കപ്പെടുന്ന ഓരോ രേഖയും, അതിലെ ഓരോ താളും —ഭൂതകാലത്തിൻ്റെ ഒരു കഥയും, ഭാവിയിലേക്കുള്ള ഒരു വാഗ്ദാനവുമാണ്.
ആ വാഗ്ദാനം ഇതാണ്: നമ്മുടെ പൈതൃകം എല്ലാവർക്കും സൗജന്യവും, തുറന്നതും, തടസ്സവുമില്ലാത്തതായിരിക്കണം.
വ്യക്തിഗതപദ്ധതിയിൽ നിന്ന് ലാഭേച്ഛയില്ലാാതെ പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് സ്ഥാപനമായി മാറിയതിനു ശേഷം, വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയോ, സർക്കാർ ഏജൻസികളുടെയോ പിന്തുണയില്ലാതെ, സന്നദ്ധപ്രവർത്തകരുടെ ആത്മാർത്ഥതയെയും, സാംസ്കാരിക പ്രവർത്തകരുടെ സഹകരണത്തെയും, ഈ പ്രവർത്തനത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ധനസഹായം നൽകിയ/നൽകുന്ന ചെറിയൊരു വിഭാഗം സുമനസ്സുകളെയും, വളരുന്ന ഒരു സന്നദ്ധപ്രവർത്തകസമൂഹത്തെയുമാണ് ഞങ്ങൾ ആശ്രയിച്ചത്.
പുരാതന വായനശാലകൾ, വ്യക്തിഗത ശേഖരങ്ങൾ, കുടുംബ ശേഖരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ ശേഖരങ്ങൾ —ഇവിടങ്ങളിൽ നിന്നെല്ലാം രേഖകളും വസ്തുക്കളും ശേഖരിച്ചു, നമ്മുടെ സാംസ്കാരിക സ്മരണകൾ കാലത്തിൻ്റെ കുത്തൊഴുക്കിൽ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു എന്നത് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
ഗ്രന്ഥപ്പുരയുടെ ശേഖരത്തിൽ ഇന്ന്
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, ലത്തീൻ, സുറിയാനി, അറബി-മലയാളം തുടങ്ങിയ 15-ഓളം ഭാഷകളിലും ലിപികളിലും ഉള്ള കേരളവുമായി ബന്ധപ്പെട്ട രേഖകൾ ഗ്രന്ഥപ്പൂയിലൂടെ ലഭ്യമാണ്. ഇതിൽ 19, 20, 21-ാം നൂറ്റാണ്ടുകളിൽ കേരളത്തെ സംബന്ധിച്ച് അച്ചടിയിലൂടെ രേഖപ്പെടുത്തിയ വിവിധ തരത്തിലുള്ള ഗ്രന്ഥങ്ങളും ഡോക്യുമെൻ്റുകളും ഉൾപ്പെടുന്നു.
നിലവിൽ ഗ്രന്ഥപ്പുരയ്ക്ക് ബാംഗ്ലൂർ, തിരുവനന്തപുരം, ചെന്നൈ, കോട്ടയം എന്നിവിടങ്ങളിൽ ഡിജിറ്റൈസേഷൻ സെൻ്ററുകൾ ഉണ്ട്. സഹകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
മുന്നോട്ടു പോകുമ്പോൾ
7,000+ രേഖകൾ ഡിജിറ്റൈസ് ചെയ്തെങ്കിലും, ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല.
ഇനി മുന്നോട്ട് പോകുമ്പോൾ:
- ഡിജിറ്റൈസ് ചെയ്യാനുള്ള ലക്ഷക്കണക്കിനു രേഖകൾ കണ്ടെടുത്ത് ഡിജിറ്റൈസേഷനു സജ്ജമാക്കണം.
- ഇതിനകം ഡിജിറ്റൈസ് ചെയ്ത രേഖകളുടെ മെറ്റാഡാറ്റ കൂടുതൽ മെച്ചപ്പെടുത്തണം.
- ഉള്ളടക്കത്തിലേക്കുള്ള ആക്സസ് വർധിപ്പിക്കാൻ ക്യൂറേഷനിൽ കൂടുതൽ ശ്രദ്ധിക്കണം.
- ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിൽ ശേഖരം കൂടുതൽ ക്രമപ്പെടുത്തണം
ഇതിനായി വിവിധ പദ്ധതികൾ ആലോചനയിലും തയ്യാറെടുപ്പിലും ആണ്.
നന്ദി
ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും — പ്രവർത്തകർക്കും, സന്നദ്ധപ്രവർത്തകർക്കും, സംഭാവന നൽകിയവർക്കും, ഉപയോഗിക്കുന്നവർക്കും —
ഹൃദയത്തിൽ നിന്നുള്ള നന്ദി. ഗ്രന്ഥപ്പുര ഒരു വ്യക്തിയുടെ സ്വപ്നമല്ല. ഇതു നമ്മൾ ഒരുമിച്ച് നിർമ്മിച്ചികൊണ്ടിരിക്കുന്ന പൊതുസ്മരണശാലയാണ്.