ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 5,000 പിന്നിട്ടു

2025 മെയ് 12, ഗ്രന്ഥപ്പുരയെ സംബന്ധിച്ച് ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ട ദിവസമാണ്. ഒരു എളിയ സംരംഭത്തിൽ നിന്നു വളർന്ന് കേരളത്തിൻ്റെ സാംസ്കാരികവും സാഹിത്യപരവുമായ പൈതൃകത്തിന്റെ ഏറ്റവും സമ്പന്നമായ ഡിജിറ്റൽ ശേഖരണശാലകളിൽ ഒന്നായി മാറിയ ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 2025 മെയ് 12നു 5,000 രേഖകൾ എന്ന നാഴികക്കല്ലു പിന്നിട്ടതു സന്തോഷത്തോടെ അറിയിക്കുന്നു.

ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 5,000 പിന്നിട്ടു
ഗ്രന്ഥപ്പുര – 5,000+
ചിത്രത്തിനു കടപ്പാട്: രാജേഷ് ഒടയഞ്ചാൽ

അച്ചടി പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, അപൂർവ പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ഓഡിയോ, വീഡിയോ, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന ഈ 5000ത്തിൽ പരം രേഖകളുടെ ഡിജിറ്റൽ ശേഖരത്തിൽ എല്ലാം കൂടെ 4.67 ലക്ഷത്തിലധികം താളുകളാണ് ഡിജിറ്റൈസ് ചെയ്തത് .

ഈ നേട്ടം വെറുമൊരു സംഖ്യയല്ല — കമ്പനിയായി മാറിയതിനു ശേഷമുള്ള ഏഴോളം പൂർണ്ണസമയ പ്രവർത്തകരുടെയും, നിരവധി സന്നദ്ധപ്രവർത്തകരുടെയും ഡിജിറ്റൈസേഷൻ പ്രവർത്തനത്തിൻ്റെയും, മെറ്റാഡാറ്റ ക്യൂറേഷന്റെയും, പൈതൃകസംരക്ഷണ പ്രവർത്തനത്തിന്റെയും പ്രവർത്തനഫലമാണ് ഈ നാഴികക്കല്ല് പിന്നിടാൻ നമ്മളെ സഹായിച്ചത്. ഗ്രന്ഥപ്പുരയിലൂടെ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കപ്പെടുന്ന ഓരോ രേഖയും വസ്തുവും ഭൂതകാലത്തിന്റെ ഒരു കഥയും ഭാവിയിലേക്കുള്ള ഒരു വാഗ്ദാനവും കൊണ്ടുവരുന്നു: പൈതൃകം എല്ലാവർക്കും സൗജന്യവും, തുറന്നതും, ലഭ്യമാകേണ്ടതുമാണ് എന്നതു തന്നെയാണ് ആ വാഗ്ദാനം.

ഞങ്ങൾ ഈ യാത്ര ആരംഭിച്ചപ്പോൾ, ഞങ്ങളുടെ ലക്ഷ്യം ലളിതവും എന്നാൽ വ്യത്യസ്തവുമായിരുന്നു: കേരളത്തിന്റെ പാഠപരവും ഡോക്യുമെന്ററിപരവുമായ പൈതൃകത്തിലേക്ക് എല്ലാവർക്കും പ്രവേശനം സാദ്ധ്യമാക്കുക എന്ന വ്യത്യസ്ത ചിന്തയാണ് അതിനു പ്രചോദനമായത്. വലിയ സ്ഥാപനങ്ങളുടെയോ സർക്കാർ ഏജൻസികളുടെയോ പിന്തുണയില്ലാതെ, സന്നദ്ധപ്രവർത്തകരുടെയും,സാംസ്കാരിക പ്രവർത്തകരുടെയും, ഈ പ്രവർത്തനത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ധനസഹായം ചെയ്ത/ചെയ്യുന്ന ചെറിയൊരു വിഭാഗം സുമനസ്സുകളുടെയും, വളരുന്ന ഒരു സമൂഹത്തെ ഞങ്ങൾ ആശ്രയിച്ചു. പുരാതനവായനശാലകൾ, വ്യക്തിഗത ശേഖരങ്ങൾ, കുടുംബ ശേഖരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ ശേഖരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഞങ്ങൾ ഒരുമിച്ച് രേഖകളും മറ്റു വസ്തുക്കളും ശേഖരിച്ചു — അങ്ങനെ നമ്മുടെ സാംസ്കാരിക സ്മരണകൾ കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു എന്നു ഞങ്ങൾ ഉറപ്പാക്കി.

ശേഖരത്തിൽ എന്തൊക്കെ ഉണ്ട്?

ഗ്രന്ഥപ്പുരയിൽ ഇന്നു താഴെ പറയുന്നവ ഉൾക്കൊള്ളുന്നു:

  • മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, ലത്തീൻ, സുറിയാനി, അറബി-മലയാളം തുടങ്ങി 12 ഓളം ഭാഷകളിലും ലിപികളിലുള്ള കേരളവുമായി ബന്ധപ്പെട്ട രേഖകൾ
  • 19, 20 നൂറ്റാണ്ടുകളീൽ കേരളത്തെ സംബന്ധിച്ച് അച്ചടിയിലൂടെ രേഖപ്പെടുത്തപ്പെട്ട വിവിധ തരത്തിലുള്ള രേഖകൾ
  • ബാംഗ്ലൂർ ധർമ്മാരാം കോളേജ് ഗ്രന്ഥശാല, തിരുവനന്തപുരം പി. ഗോവിന്ദപ്പിള്ള ലൈബ്രറി, ചെന്നെ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി, കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാല, കൊല്ലം സി.കെ.പി. വിലാസം ഗ്രന്ഥശാല, മൗണ്ട് കാർമൽ കോളേജ് (ബാംഗ്ലൂർ) തുടങ്ങിയ ലൈബ്രറികളിൽ നിന്നും നിരവധി വ്യക്തിഗതശേഖരങ്ങളും ഡിജിറ്റൈസ് ചെയ്ത രേഖകൾ

നിലവിൽ ബാംഗ്ലൂർ, തിരുവനന്തപുരം, ചെന്നെ എന്നീ മൂന്നിടങ്ങളിലാണ് ഗ്രന്ഥപ്പുരയ്ക്ക് സെൻ്ററുകൾ ഉള്ളത്. സഹകരണം ലഭ്യമാകുന്ന മുറയ്ക്ക് മറ്റിടങ്ങളിൽ സെൻ്ററുകൾ തുറക്കാനുള്ള ചർച്ചകൾ നടക്കുന്നു.

ഇനി മുൻപോട്ട് പോകുമ്പോൾ ശേഖരത്തിലുള്ള രേകളുടെ മെറ്റാഡാറ്റ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നത് ഞങ്ങൾക്കറിയാം . ഒപ്പം രേഖകളിലേക്കുള്ള ആക്സസ് വർദ്ധിപ്പിക്കാൻ ക്യൂറേഷൻ നന്നാക്കേണ്ടതുണ്ട്. അതിനായി വിവിധപദ്ധതികൾ ആലോചനയിലുണ്ട്


Comments

2 responses to “ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 5,000 പിന്നിട്ടു”

  1. കണ്ണൻ ഷൺമുഖം Avatar
    കണ്ണൻ ഷൺമുഖം

    അഭിവാദ്യങ്ങൾ. ആശംസകൾ

  2. George Muttathil Avatar
    George Muttathil

    പ്രകൃതിനാശത്തിലൂടെ പുസ്തക നിർമ്മിതിയുള്ള ഇക്കാലത്ത്, ഒരു ഡിജിറ്റൽ ഗ്രന്ഥശേഖരം എന്തുകൊണ്ടും വളരെ ഉത്തമമായ കാര്യമാണ്. മാത്രമല്ല ടെക്നോളജിയുടെ വളർച്ചയെ നാം ഫലപ്രദമായി ഉപയോഗിക്കുകയും വേണം. ആശംസകൾ 🙏

Leave a Reply

Your email address will not be published. Required fields are marked *