നമ്മുടെ സ്വന്തം ദേശത്ത് ഒരു ഡിജിറ്റൈസേഷൻ പദ്ധതിക്ക് നേതൃത്വം കൊടുക്കാൻ അവസരം കിട്ടുക എന്നത് പ്രത്യേക സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. അത്തരം ഒരു ഡിജിറ്റൈസേഷൻ പദ്ധതിക്ക് ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകനായ കണ്ണൻ ഷണ്മുഖം മാഷിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
കൊല്ലം പട്ടണത്തിനടുത്ത് പെരിനാട് എന്ന സ്ഥലത്തുള്ള സി.കെ.പി. വിലാസം ഗ്രന്ഥശാലയിൽ ഡിജിറ്റൈസേഷനു യോഗ്യമായ പുരാശേഖരം കണ്ണൻ ഷണ്മുഖം മാഷ് കുറച്ച് നാൾ മുൻപ് കണ്ടെടുക്കയും അത് എന്നെ അറിയിക്കയും ചെയ്തിരുന്നു. ഈയടുത്ത് തിരുവനന്തപുരത്ത് നമ്മൾ ഡിജിറ്റൈസേഷൻ സെൻ്റർ തുടങ്ങിയതിനാൽ കൂടുതൽ പുരാശേഖരങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള അവസരം ഒരുങ്ങി എന്നത് കൊണ്ടാണ് കണ്ണൻ മാഷ് ഇങ്ങനെ ഒരു പദ്ധതിക്ക് സാദ്ധ്യത തേടിയത്.
സി.കെ.പി. വിലാസം ഗ്രന്ഥശാലയ്ക്ക് 1940-ലാണ് തുടക്കംകുറിച്ചത്. കടവൂർ കെ.മാധവൻ പിള്ളയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായിരുന്ന സി. കൃഷ്ണപിള്ള (സി.കെ.പി.)യുടെ നാമത്തിലാണ് ഗ്രന്ഥശാല തുടങ്ങിയത്. നൂറു വർഷത്തോളം പഴക്കമുള്ള മാസികകളും മറ്റു ആനുകാലികങ്ങളും സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ ശേഖരത്തിലുണ്ട്. 1929-ൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാളരാജ്യം, കെ. ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പ്, ഗുരുനാഥൻ മാസിക, പഴയകാല വനിതാ മാസികയായ മഹതി, നവജീവൻ മാസിക, മിതവാദി, പുഞ്ചിരി, എം.എൻ. നായർ മാസിക തുടങ്ങിയവയും വിശേഷാൽ പ്രതികളും ഒക്കെ ഉൾപ്പെടുന്നതാണ് സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ ശേഖരം.
2024 ഒക്ടോബർ 6, ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പെരിനാട് സി.കെ.പി. വിലാസം ഗ്രന്ഥശാലയിൽ നടന്ന പദ്ധതി ഉൽഘാടനച്ചടങ്ങിൽ സി.കെ.പി. വിലാസം ഗ്രന്ഥശാലയുടെ ഭാരവാഹികളും ലൈബ്രറി കൌൺസിൽ ഭാരവാഹികളും സംബന്ധിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് ജെ ഉണ്ണിക്കുട്ടൻ അധ്യക്ഷനായ യോഗത്തിൽ പ്രാക്കുളം ഗവ. എൽ പി എസ് പ്രധമാധ്യാപകൻ കണ്ണൻ ഷണ്മുഖം പദ്ധതിയുടെ വിശദീകരണം നടത്തി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ നിർവഹിച്ചു.
ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടർ ഷിജു അലക്സ് ധാരണാപത്രം കൈമാറി. ഡിവിഷൻ കൗൺസിലർ ഗിരിജാസന്തോഷ്, നേതൃസമിതി കൺവീനർ എൻ. ഗോപാലകൃഷ്ണൻ, ഗ്രന്ഥശാല സെക്രട്ടറി സി.വി. അജിത്കുമാർ, ശ്യാമളകുമാരി എന്നിവർ സംസാരിച്ചു.
സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ നിന്നുള്ള സ്കാനുകൾ താമസിയാതെ ഗ്രന്ഥപ്പുര സൈറ്റിലൂടെ (https://gpura.org/) ലഭ്യമായി തുടങ്ങും.
Leave a Reply