കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ശ്രദ്ധിക്കുന്ന ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും കേരളസർക്കാർ സംരംഭമായ C-DITഉം (Centre for Development of Imaging Technology) തമ്മിൽ കേരളരേഖകളുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൈസേഷനുമായി സഹകരിക്കുന്നതിനു ധാരണാപത്രം ഒപ്പിട്ടു.

ഇതനുസരിച്ച്, ആദ്യഘട്ടത്തിൽ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും C-DITഉം സഹകരിച്ച് പ്രവർത്തിക്കും. മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾക്കു ഈ പോസ്റ്റ് കാണുക.
C-DIT ഡയറക്ടർ ജയരാജ് ജി., രജിസ്ട്രാർ ജയദേവ് ആനന്ദ് എ.കെ., ഡിജിറ്റൈസേഷൻ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ദീപ എൻ. തുടങ്ങിയവർ പലഘട്ടങ്ങളിൽ ഈ ധാരാണപത്രം ഒപ്പിടൽ യാഥാർത്ഥ്യം ആകുന്നതിനു ഞങ്ങളുമായി സഹകരിച്ചു. അവർക്കെല്ലാവർക്കും നന്ദി.
ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം ആദ്യമായാണ് ഒരു കേരളസർക്കാർ സ്ഥാപനവുമായി ഔദ്യോഗിക ധാരണയിൽ എത്തുന്നത്. ഈ സഹകരണം സാദ്ധ്യമായതോടു കൂടി കൂടുതൽ ഡിജിറ്റൈസേഷൻ പദ്ധതികൾ പലയിടങ്ങളിലായി ആരംഭിക്കാനുള്ള സാദ്ധ്യത തുറന്നു കിട്ടുന്നു. അതിലൂടെ കേരളരേഖകളുടെ ഡിജിറ്റൈസേഷൻ കുറച്ചു കൂടി വേഗത്തിലാക്കാനും അതൊക്കെ എല്ലാവർക്കും പരിശോധിക്കാനാകുന്ന വിധത്തിൽ പബ്ലിക്കായി ലഭ്യമാക്കാൻ കഴിയും.