ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ മൂന്നാം വാർഷികവും ഫൗണ്ടേഷൻ്റെ നിലവിലെ പദ്ധതികളായ ഗ്രന്ഥപ്പുര, ഓളം, സമം എന്നിവയോടു സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയും 2025 നവംബർ 1 നു കോഴിക്കോട് വെള്ളിമാടുകുന്നിൽ സോയിൽ സ്റ്റോറീസിൽ വെച്ചു നടന്നു.
അമ്പതോളം സന്നദ്ധപ്രവർത്തകരും, ഫൗണ്ടേഷൻ പ്രവർത്തകരും, ഫൗണ്ടേഷൻ്റെ അഭ്യുദയകാംഷികളും അടക്കം ഏതാണ്ട് എഴുപതോളം പേരാണ് കൂട്ടായ്മയിൽ ആദിയോടന്തം സംബന്ധിച്ചത്.
ആമുഖം
ഓളം ഓൺലൈൻ നിഘണ്ടു അതിൻ്റെ പ്രവർത്തനം തുടങ്ങി 15 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള പരിപാടികൾ ആലോചിച്ചപ്പോഴാണ്, അത് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളോടു സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടായ്മയാക്കി മാറ്റാൻ തീരുമാനിച്ചത്. കാരണം ദീർഘവർഷങ്ങളായി അത്തരം ഒരു കൂടിച്ചേരലിനായി സന്നദ്ധപ്രവർത്തക സമൂഹം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പരിപാടിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ഒക്ടോബർ ആദ്യം തന്നെ തുടങ്ങി.
പരിപാടി നടത്താനുള്ള സ്ഥലം ശരിയാക്കുകയായിരുന്നു ആദ്യം വേണ്ടത്. അതിനു സോയിൽ സ്റ്റോറീസ് ഉപയോഗപ്പെടുത്താം എന്നു നിർദ്ദേശിച്ചത് കൈലാഷാണ്. കൈലാഷ് കോഴിക്കോടുകാരൻ ആയതിനാൽ ഇക്കാര്യങ്ങൾ അറിയാമെന്നത് കാര്യങ്ങൾ എളുപ്പമാക്കി.
മുന്നൊരുക്കങ്ങൾ
പക്ഷെ ഞങ്ങൾ മൂന്നു പേരും ബാംഗ്ലൂരിൽ ആയതിനാൽ പരിപാടി നടക്കുന്ന കോഴിക്കോട്ടെ കാര്യങ്ങൾ നടത്താൻ അവിടെ ആരെങ്കിലും ഒക്കെ വേണമായിരുന്നു. അതിനു സന്നദ്ധത അറിയിച്ച് മുൻപോട്ട് വന്നത് ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകയും മാതൃഭൂമി പത്രപ്രവർത്തകയും ആയ അഖില പ്രിയദർശിനി ആണ്. അഖിലയ്ക്കു പുറമെ സോയിൽ സ്റ്റോറീസ് അടക്കം കോഴിക്കോട് നഗരത്തിലെ പല പ്രമുഖകെട്ടിടങ്ങളും ഡിസൈൻ ചെയ്ത അശ്വിനും പലവിധത്തിൽ ഈ കൂട്ടായമയുടെ മുന്നൊരക്കത്തിൽ ഞങ്ങളെ സഹായിച്ചു.
ആദ്യം കോഴിക്കോട്ടെ പ്രമുഖരെയൊക്കെ പരിപാടിക്കുവിളിക്കണം എന്നു ആലോചിച്ചിക്കുകയും അഖില ഇതിനു വേണ്ടി കുറെ അടിസ്ഥാനപണികൾ ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ കുറെ പ്രമുഖർ വന്നാൽ പരിപാടിയുടെ പ്രധാന ഉദ്ദേശം നടക്കില്ല എന്ന് ബോദ്ധ്യപ്പെട്ടതോടെ അത് ഉപേക്ഷിച്ചു. അവിടം തൊട്ട് സന്നദ്ധപ്രവർത്തകർക്കു പ്രാധാന്യം കിട്ടുന്ന കാര്യപരിപാടികൾ മാത്രമാണ് അലോചിച്ചത്.
ഗ്രന്ഥപ്പുര പദ്ധതിയോട് ദീർഘവർഷങ്ങളായി ചേർന്നു പ്രവർത്തിക്കുകയും പദ്ധതികളുടെ അമ്പാസിഡറുമാരായി പ്രവർത്തിക്കുകയും ചെയ്യുന്ന പി.കെ. രാജശേഖരൻ, ബാബു ചെറിയാൻ എന്നിവർ പരിപാടി നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ പങ്കെടുക്കാൻ സമ്മതിച്ചു.
പരിപാടിയുടെ അറിയിപ്പിനായി ഒരു പോസ്റ്റർ ഫൗണ്ടേഷൻ്റെ സന്നദ്ധപ്രവർത്തകനായ സുഗീഷ് സുബ്രഹ്മണ്യം ഉണ്ടാക്കി.

പരിപാടിയുടെ അറിയിപ്പ് വന്നതോടെ നാല്പത്തോളം സന്നദ്ധപ്രവർത്തകർ അതിനായി രജിസ്റ്റർ ചെയ്തു.
പരിപാടിയ്ക്കായി ഞങ്ങൾ മുന്നു പേരും തലേ ദിവസം തന്നെ കോഴിക്കോടെത്തി. അപ്പോഴേക്ക് അഖില പ്രിയദർശിനി മൊമെൻ്റോൾ വാങ്ങുക, ബാനർ അച്ചടിക്കുക, പ്രിൻ്റെടുക്കുക തുടങ്ങി പലവിധ കാര്യങ്ങൾ ചെയ്തു.
കാര്യപരിപാടികൾ
തലേന്ന് രാത്രി തന്നെ കാര്യപരിപാടികളുടെ സൂക്ഷ്മവിവരങ്ങൾ തീർപ്പാക്കിയിരുന്നു. തുടക്കത്തിൽ 3 മണി തൊട്ട് എല്ലാവരേയും ഉൾപ്പെടുത്തി കൊണ്ടുള്ള ഏകദേശം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പൊതുപരിപാടി, അതിനെ തുടർന്ന് അരമണിക്കൂറോളം ചായസത്കാരവും ആളുകളുടെ ഇൻ്ററാക്ഷനും, അതിനെ തുടർന്ന് 5 മണിമുതൽ സന്നദ്ധപ്രവർത്തകരുടെ അൺകോൺഫറൻസ്, തുടർന്ന് അത്താഴത്തൊടെ പിരിയുക എന്നീ വിധത്തിൽ ആണ് ഞങ്ങൾ പരിപാടിയുടെ ഘടന ഉണ്ടാക്കിയത്.
രാവിലെ 11 മണിയോടെ ഞങ്ങൾ സോയിൽ സ്റ്റോറീസിലെത്തി. അപ്പോൾ തന്നെ മറ്റു പലരും എത്തി തുടങ്ങിയിരുന്നു.
പൊതുപരിപാടി

ഉച്ച കഴിഞ്ഞ് 3:30 യോടെ പൊതുപരിപാടി ആരംഭിച്ചു. ഫൗണ്ടേഷൻ്റെ തിരുവനന്തപുരം സെൻ്ററിലെ പ്രവർത്ത്ക ദീപ്തി ആർ. ആണ് ചടങ്ങ് നിയന്ത്രിച്ചത്.
ഗ്രന്ഥപ്പുര സമൂഹത്തിൻ്റെ സന്നദ്ധപ്രവർത്തകരിൽ പ്രധാനിയായ കണ്ണൻ ഷണ്മുഖം എല്ലാവർക്കും സ്വാഗതം പറഞ്ഞു.
അതിനു ശേഷം ഞാൻ ഫൗണ്ടേഷൻ്റെ കഴിഞ്ഞ 3 വർഷത്തെ പ്രവർത്തങ്ങളുടെ ചുരുക്കം അവിടെ അവതരിപ്പിച്ചു. അതിൽ താഴെ പറയുന്ന പോയിൻ്റുകൾ ഉണ്ടായിരുന്നു.
- ഒരു വ്യക്തിഗത പദ്ധതിയെ സ്ഥാപനവൽക്കരിച്ചു 2022ൽ ഫൗണ്ടേഷൻ രൂപീകരിച്ച വിവരം. ഗ്രന്ഥപ്പുര ആണ് ഫൗണ്ടേഷൻ്റെ ആദ്യ പദ്ധതി. ഗ്രന്ഥപ്പുര പദ്ധതിയുടെ പ്രവർത്തന പാരമ്പര്യം ഇപ്പോൾ 16 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
- 2023ൽ ഓളം നിഘണ്ടു ഫൗണ്ടേഷൻ്റെ കീഴിലാക്കിയ വിവരം. ഓളം നിഘണ്ടുവിൻ്റെ പ്രവർത്തന പാരമ്പര്യം ഇപ്പോൾ 15 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
- 2024 മാർച്ചിൽ ദ്രാവിഡ ഭാഷാ നിഘണ്ടുവിൻ്റെ ഉപജ്ഞാതാവയ ഞാറ്റ്യേല ശ്രീധരൻ അത് ഫൗണ്ടേഷനു സംഭാവന ചെയ്തു. സമം എന്ന പേരിൽ അതിൻ്റെ ഡിജിറ്റൽ വേർഷൻ ഫൗണ്ടേഷൻ ഉണ്ടാക്കി. ഈ പദ്ധതി വിപുലീകരിച്ച് പുഷ്ടിപ്പെടുത്താനായി 4 ഭാഷകളിലെ ഡാറ്റാ പ്രൂഫ് റീഡിങ് കാര്യ എന്ന കമ്പനിയുമായി ചേർന്ന് ഫൗണ്ടേഷൻ നിലവിൽ നടത്തി കൊണ്ടിരിക്കുന്നു.
- 2024 മാർച്ചിൽ ഇ.കെ. കുറുപ്പ് താൻ ഏതാണ്ട് ഇരുപതിൽ പരം വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഇംഗ്ലീഷ് - മലയാളം നിഘണ്ടു ഫൗണ്ടേഷനു സംഭാവന ചെയ്തു.
- ഫൗണ്ടേഷനു ഇപ്പോൾ ബാംഗ്ലൂർ ധർമ്മാരാം കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി, തിരുവനന്തപുരം പി. ഗോവിന്ദപ്പിള്ള ലൈബ്രറി, കോട്ടയം പബ്ലിക്ക് ലൈബറി എന്നിവിടങ്ങളിൽ ഡിജിറ്റൈസേഷൻ സെൻ്ററുകൾ ഉണ്ട്.
- 2025 ഏപ്രിലിൽ കേരളസർക്കാരിൻ്റെ ഡിജിറ്റൈസേഷൻ പങ്കാളിയായ C-DIT മായി ഫൗണ്ടേഷൻ ധാരണയിലെത്തി.
- രേഖകളുടെ യഥാർത്ഥമാനങ്ങൾ ഡിജിറ്റൽ കോപ്പിയിൽ കാണുന്നില്ല എന്ന പ്രശ്നത്തിനു പരിഹാരമായി വെള്ളകളറിലുള്ള ഒരു പ്രത്യേക L Ruler സന്നദ്ധപ്രവർത്തകനായ അജിൻ അശോകൻ നമുക്കുവേണ്ടി നിർമ്മിച്ചു. അതിപ്പോൾ നമ്മുടെ സെൻ്ററുകളിൽ ഉപയോഗിക്കുന്നു.
- 2025 ഫെബ്രുവരിയിൽ ഒരു സ്വതന്ത്ര സൗജന്യ ഇമേജ് പ്രോസസിങ് ആപ്ലിക്കേഷൻ ഉണ്ടാക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചു. പലക എന്നാണതിൻ്റെ പേര്.
- 2025 ജൂണിൽ ഒരു ഓപ്പൺ ബുക്ക് സ്കാനർ ഡെവലപ്പ് ചെയ്ത് ഉണ്ടാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണപത്രം ഒപ്പിട്ടു.
അതിനു ശേഷം, ബാബു ചെറിയാൻ അദ്ധ്യക്ഷപ്രസംഗം നടത്തി.
തുടർന്ന് ഇ.കെ. കുറുപ്പ് നിഘണ്ടു കൂടി ഉൾപ്പെടുത്തിയ ഓളം നിഘണ്ടുവിൻ്റെ പുതുക്കിയ വെബ്ബ്സൈറ്റ് ഇ.കെ. കുറുപ്പും, പി.കെ. രാജശേഖരനും കൂടെ നിർവ്വഹിച്ചു.
തുടർന്ന് കൈലാഷ് നാഥ്, ഓളം നിഘണ്ടു ഇന്നലെ, ഇന്ന്, നാളെ എന്ന പേരിൽ ഒരു ചെറു അവതരണം നടത്തി. അതിൽ താഴെ പറയുന്ന സംഗതികൾ കൈകാര്യം ചെയ്തു.
- നിലവിൽ ഏതാണ്ട് 20 ലക്ഷത്തോളം പേർ ഓരോ മാസവും ഓളം ഉപയോഗിക്കുന്നു
- ഇ.കെ. കുറുപ്പിൻ്റെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു/തിസോറസ് ഓളത്തിലേക്ക് കൂട്ടിച്ചേർത്തു
- ഓരോ വാക്കിൻ്റെ അർത്ഥത്തോടൊപ്പം സമാനമായ വാക്കുകൾ കൂടെ പരിശോധിക്കാനുള്ള സൗകര്യം കൂട്ടിച്ചേർത്തു
- പുതിയ സൈറ്റിൽ ഇ.കെ. കുറുപ്പ് നിഘണ്ടുവിൽ നിന്നുള്ള ഡാറ്റ ആണ് ആദ്യം കാണിക്കുക. മുൻപ് ക്രൗഡ് സൊഴ്സ് ചെയ്തുണ്ടാക്കിയ ഡാറ്റയിൽ കുറേയധികം പിഴവുകൾ ഉണ്ടായിരുന്നതിനാൽ അതിൻ്റെ സ്ഥാനം താഴേക്കാക്കി.
- ഗുണനിലവാരം മുൻപുള്ളതിനേക്കാൽ വളരെയധികം വർദ്ധിച്ചു,
- എല്ലാ ഇംഗ്ലീഷ് ഹെഡ് വാക്കുകൾക്കും മലയാളം ഉച്ചാരണം കൂട്ടിചേർത്തു
- വാക്കുകളുടെ അർത്ഥത്തിനോടൊപ്പം ഇത് എവിടെ നിന്നുള്ള വ്യാഖ്യാനം ആണെന്നു സൂചിപ്പിക്കാൻ വേണ്ടി പ്രസ്തുത സ്രോതസ്സ് ഏതെന്ന് സുചിപ്പിക്കുന്ന സൗകര്യം ഒരുക്കി. ekkurup, crowd തുടങ്ങിയ ടാഗുകൾ ഇതിനായി ഉപയോഗിക്കുന്നു. ഇനി മുൻപോട്ട് ഇത്തരത്തിൽ കൂടുതൽ സ്രോതസ്സുകൾ കൂട്ടിചേർക്കപ്പെടും. ഇതോടെ ഓളം നിഘണ്ടുക്കളുടെ നിഘണ്ടു ആയി മാറും.
- ഇനി മുൻപോട്ട് മൊബൈൽ ആപ്പിൽ അപ്ഡേറ്റ് വരുന്നു. എല്ലാ വാക്കുകൾക്കും ഉച്ചാരണം ഓഡിയോ രൂപത്തിൽ ചേർക്കാനുള്ള പദ്ധതിയുമുണ്ട്.
തുടർന്ന് ഓളത്തിൻ്റെ ഇപ്പോഴത്തെ അപ്ഡേറ്റിനു കാരണക്കാരനായ ഇ.കെ.കുറുപ്പിനെ ബാബു ചെറിയാനും പി.കെ. രാജശേഖരനും കൂടെ പൊന്നാട അണിയിച്ചു ആദരിച്ചു. അദ്ദേഹം മറുപടി പ്രസംഗം നടത്തി.
തുടർന്ന് പി.കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
അതിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി പദ്ധതി നടക്കാൻ കാരണക്കാരനായ ചിത്താനൈയെ (പ്രൊജക്ട് ഓഫീസർ, തമിഴ് ഡിജിറ്റൽ ലൈബ്രറി) പരിചയപ്പെടുത്തി കൊണ്ട് ജിസ്സോ ജോസ്സ് സംസാരിച്ചു. തുടർന്ന് ബാബു ചെറിയാനും പി.കെ. രാജശേഖരനും കൂടെ ചിത്താനൈയെ പൊന്നാട അണിയിച്ചു ആദരിച്ചു. അതിനെ തുടർന്ന് ചിത്താനൈ ശുദ്ധ തമിഴിൽ നല്ല ഒരു മറുപടി പ്രസംഗം നടത്തി എല്ലാവരേയും കൈയിലെടുത്തു.
പരിപാടിയുടെ പ്രധാനസംഘാടകയായ അഖിലപ്രിയദർശിനി നടത്തിയ കൃതജ്ഞതയോടെ പൊതുപരിപാടി അവസാനിച്ചു.
അതിനെ തുടർന്ന് പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം തുടങ്ങി. അപ്പോഴേക്ക് ചായയും സ്നാക്സും എത്തി. എല്ലാവരും ചായ ആസ്വദിച്ച് കൊണ്ട് പരിചയം പുതുക്കി, ആശയങ്ങൾ കൈമാറി മുക്കാൽ മണിക്കോറോളം ചിലവഴിച്ചു.
അൺകോൺഫറൻസ്
അതിനു ശെഷം 5:30 യോടെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകിയ അൺകോൺഫറൻസ് ആരംഭിച്ചു. താഴെ പറയുന്നവ ആയിരുന്നു അൺകോൺഫറൻസിൽ കൈകാര്യം ചെയ്ത വിഷയങ്ങൾ.
- ഓളം നിഘണ്ടുവിനെ പറ്റിയുള്ള സ്വപ്നങ്ങളെ പറ്റി ബെഞ്ചമിൻ നേതൃത്വം നൽകിയ ചർച്ച
- മലയാളം വിക്കിമീഡിയ പദ്ധതികളിൽ ഗ്രന്ഥപ്പുര, ഓളം പദ്ധതികളിൽ നിന്നുള്ള ഡാറ്റ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ പറ്റി മനോജ് കരിങ്ങാമഠത്തിൽ നേതൃത്വം നൽകിയ ചർച്ച.
- ഗ്രന്ഥപ്പുരയുടെ ഡിജിറ്റൈസേഷൻ ആവശ്യത്തിനായി അജിൻ അശോകൻ ഒരു പ്രത്യേക L-Ruler നിർമ്മിച്ചതിനെ പറ്റി അദ്ദേഹം പങ്കു വെച്ച അനുഭവക്കുറിപ്പ്.
- ഗ്രന്ഥപ്പുരയിലെ ഡാറ്റ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ പറ്റി വിവിധ സന്നദ്ധപ്രവർത്തകർ പങ്കു വെച്ച ആശയങ്ങൾ
- ഫൗണ്ടെഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെയും മറ്റുള്ളവരുടെയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൽ ഒരു പൊതു വേദി ഉണ്ടാക്കാൻ തീരുമാനിച്ചു.
രാത്രി ഏഴാമുക്കാലോടെ അൺകോൺഫറൻസ് സമാപിച്ചു.
അത്താഴം
അൺകോൺഫറൻസിനു ശേഷം പ്രവർറത്തകർ തമ്മിലുള്ള ആശവിനിമയം തുടർന്നു. 8 മണിയൊടെ അത്താഴമെത്തി. അത്താഴത്തിനു ശേഷം എല്ലാവരും പിരിഞ്ഞു.